ഖിലാഫത്തും മോദി ഭരണവും; ആനന്ദിന്റെ ചരിത്രവായന വിമര്‍ശിക്കപ്പെടുന്നു
Notification
ഖിലാഫത്തും മോദി ഭരണവും; ആനന്ദിന്റെ ചരിത്രവായന വിമര്‍ശിക്കപ്പെടുന്നു
സ്റ്റാന്‍ലി ജോണി
Friday, 31st May 2019, 1:11 pm

മാതൃഭൂമിയില്‍ ആനന്ദ് എഴുതിയ ലേഖനത്തോടുള്ള എന്റെ പ്രഥമമായ പ്രശ്‌നം ഇന്ത്യ ഇന്ന് നേരിടുന്ന ഏറ്റവും വലിയ രാഷ്ട്രീയ വിപത്തിനെ അത് ഖിലാഫത്ത് പ്രക്ഷോഭവുമായി കൂട്ടിക്കെട്ടുന്നു എന്നതാണു.

ഖിലാഫത്ത് പ്രക്ഷോഭത്തിന്റെ നൂറാം വര്‍ഷത്തില്‍ ആനന്ദ് അവിടെ നിന്ന് 2019ലെ നരേന്ദ്ര മോദിയുടെ വിജയത്തിലേക്ക് ഒരു വര വരയ്ക്കുകയാണു. ഇന്ത്യയുടെ ഭാവിരാഷ്ട്രീയ പരിണതികളില്‍ ഖിലാഫത്ത് പ്രസ്ഥാനം സ്വാധീനം ചെലുത്തിയെന്നും ഗാന്ധിയും കോണ്‍ഗ്രസും ഖിലാഫത്ത് പ്രസ്ഥാനത്തെ വരവേറ്റത് ദേശീയ പ്രസ്ഥാനത്തിലെ ഏറ്റവും വലിയ അബദ്ധമായിരുന്നുവെന്നുമാണു ആനന്ദ് എഴുതുന്നത്.

അതായത്, അദ്ദേഹം പരോക്ഷമായി പറഞ്ഞു വയ്ക്കുന്നത് ഇന്ത്യയിലെ മതരാഷ്ട്രീയത്തിന്റെ വേരുകള്‍ ഖിലാഫത്ത് പ്രക്ഷോഭത്തിലേക്കാണ്ടു കിടക്കുന്നുവെന്നും അത് അന്ന് തിരിച്ചറിയാന്‍ ഗാന്ധിക്കോ കോണ്‍ഗ്രസിനോ കഴിഞ്ഞില്ല എന്നുമാണു.

ഒന്നാമതായി ആനന്ദ് ലേഖനത്തിന്റെ തുടക്കത്തില്‍ എഴുതുന്നതു പോലെ 1919ല്‍ തുര്‍ക്കി സ്വയം ഒരു മതനിരപേക്ഷ റിപബ്ലിക്കായി മാറുകയും ഖിലാഫത്ത് ആശയം നിലനില്‍ക്കുകയുമായിരുന്നില്ല. 1919ല്‍ ഒന്നാം ലോകയുദ്ധം തോറ്റെങ്കിലും തുര്‍ക്കിയില്‍ അപ്പോഴും സുല്‍ത്താനുണ്ട്.

സുല്‍ത്താനേറ്റ് അബോളിഷ് ചെയ്യപ്പെടുന്നത് 1922ലാണു, സ്വാതന്ത്ര്യ യുദ്ധം മുസ്തഫാ കമാല്‍ വിജയിച്ചതിനു ശേഷം. അവസാന സുല്‍ത്താന്‍ മെഹ്മദ് ആറാമന്‍ തുര്‍ക്കി വിടുന്നത് 1922 നവമ്പറിലാണു. പിന്നേയും രണ്ടു വര്‍ഷം കഴിഞ്ഞിട്ടാണു മുസ്തഫാ കമാല്‍ ഖിലാഫത്ത് അബോളിഷ് ചെയ്യുന്നത്. ഏതാണ്ട് അതേ സമയത്തോടെ ഇന്ത്യയിലും ഖിലാഫത്ത് പ്രസ്ഥാനം കെട്ടടങ്ങിയിരുന്നു.

(മെഹ്മദ് ആറാമന്‍)

രണ്ടാമതായി ഖിലാഫത്തിന്റെ (caliphate) ശരിതെറ്റുകള്‍ മാത്രമാണു ആനന്ദിന്റെ ലേഖനവിഷയമെങ്കില്‍ അദ്ദേഹം ഖിലാഫത്തിനെതിരെ ഉന്നയിക്കുന്ന പല വാദങ്ങളും പ്രസക്തമാണു (from a secular point of view, I would have agreed with those criticisms).

പക്ഷേ പ്രശ്‌നം, ഖിലാഫത്ത് പ്രക്ഷോഭത്തെ ഉപഭൂഖണ്ഡത്തിലെ വിഭജനത്തിന്റേയും മതരാഷ്ട്രീയത്തിന്റേയും ഉറവയായി കാണുന്നിടത്താണു. ഈ വാദത്തിനാകട്ടെ യാതൊരു തെളിവും ആനന്ദ് ലേഖനത്തില്‍ നിരത്തുന്നുമില്ല. ഖിലാഫത്ത് എന്നു പറയുന്നത് മുസ്ലിങ്ങള്‍ ഒരു രാജ്യമാണെന്നും അവരുടെ ഭരണാധികാരി ഖലീഫയാണെന്നുമാണു.

(മുസ്തഫ കമാല്‍ പാഷ)

ഇതേ മതരാഷ്ട്രവാദമാണു ജിന്നയുടെ ഇന്ത്യാ വിഭജന സിദ്ധാന്തത്തില്‍ ആനന്ദ് കാണുന്നത്. ഇപ്പുറത്ത് ഹിന്ദു തീവ്രവാദ മതരാഷ്ട്രീയം സവര്‍ക്കറുടേയും മറ്റും നേതൃത്വത്തില്‍ ഉണ്ടായിരുന്നെങ്കിലും അതിനു വേരോടാനായില്ല. തൊള്ളായിരത്തി നാല്പതുകളില്‍ ജിന്നക്കുണ്ടായ വിജയമാണു 2019ല്‍ മോഡിയുടെ വിജയത്തില്‍ ആനന്ദ് കാണുന്നത്.

ഈ ആര്‍ഗ്യുമെന്റിന്റെ പ്രധാന പ്രശ്‌നം ഖിലാഫത്ത് പ്രസ്ഥാനവുമായി ജിന്നക്ക് യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല എന്നതാണു. ഖിലാഫത്ത് പ്രസ്ഥാനത്തെ ഗാന്ധിയും കോണ്‍ഗ്രസും പിന്തുണയ്ക്കുമ്പോള്‍ അതിനെ എതിര്‍ക്കുകയാണ് ജിന്ന ചെയ്തത്. (He called it religious zealotry). ജിന്ന ആള്രെഡി മുസ്ലിം ലീഗിലെ അംഗമായിരുന്നു. 1920ല്‍ ഖിലാഫത്ത്-നിസഹകരണ പ്രക്ഷോഭം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്താണു ജിന്ന കോണ്‍ഗ്രസില്‍ നിന്നും രാജി വച്ച് പുറത്തു പോകുന്നത്.

 

(മുഹമ്മദ് അലി ജിന്ന)

രണ്ട്, ലീഗിന്റെ മതരാഷ്ട്രവാദത്തിനു ഇസ്ലാമിലെ ഖിലാഫത്തുമായി പ്രത്യക്ഷത്തില്‍ ബന്ധമൊന്നുമില്ല. ലോകം മുഴുവനുമുള്ള മുസ്ലിങ്ങളുടെ ഖലീഫയായി തന്നെ വാഴിക്കണമെന്നോ, ലോകം മുഴുവനുമുള്ള മുസ്ലിങ്ങളുടെ ഖിലാഫത്തായി പാകിസ്ഥാനെ മാറ്റണമെന്നോ അല്ല ജിന്നയോ ലീഗോ വാദിച്ചത്.

നേരെ തിരിച്ച് ജിന്നയുടെ പാകിസ്ഥാന്‍ വാദം two-nation theoryയുടെ (ഹിന്ദുക്കളും മുസ്ലിങ്ങളും രണ്ടു രാജ്യങ്ങളാണെന്ന വാദം) അടിസ്ഥാനത്തിലുള്ളതാണു. അതു മതരാഷ്ട്രവാദമാണോ എന്ന് ചോദിച്ചാല്‍ അതേ. അതു ഖിലാഫത്ത് വാദമാണോ എന്ന് ചോദിച്ചാല്‍ അല്ല. ആ അടിസ്ഥാന വ്യത്യാസം ആനന്ദിന്റെ ലേഖനത്തിലില്ല എന്നതാണു അതിന്റെ അടിസ്ഥാന പ്രശ്‌നം.

മൂന്ന്, പ്രസ്തുത ദ്വി-രാഷ്ട്ര സിദ്ധാന്തം ഖിലാഫത്ത് പ്രക്ഷോഭകരുടേയോ, ജിന്നയുടേയോ, ലീഗിന്റേയോ കണ്ടുപിടിത്തമല്ല. ഈയടുത്ത് റൊമിലാ ഥാപര്‍ NYTയില്‍ എഴുതിയ ലേഖനത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കൊളോണിയല്‍ ചരിത്രകാരന്‍ ജെയിംസ് മില്‍ ഇന്ത്യ എക്കാലത്തും രണ്ടു രാഷ്ട്രങ്ങളായിരുന്നു എന്ന് എഴുതിയതിനെ ഉദ്ധരിക്കുന്നുണ്ട് — ‘ഒരു ഹിന്ദു രാഷ്ട്രവും, ഒരു മുസ്ലിം രാഷ്ട്രവും നിരന്തര സംഘര്‍ഷത്തില്‍’.

1924ല്‍ സവര്‍ക്കര്‍ ഈ ദ്വിരാഷ്ട്ര വാദത്തെ പിന്തുണച്ചിരുന്നു എന്ന് സംഘത്തിനു പ്രിയങ്കരനായ ചരിത്രകാരന്‍ ആര്‍സി മജുംദാര്‍ തന്നെ എഴുതിയിട്ടുണ്ട്. അതു ലീഗിന്റെ ലാഹോര്‍ ഡിക്ലയറേഷനു പതിനാറു വര്‍ഷങ്ങള്‍ക്കും മുമ്പാണു. ഇതേ കുറിച്ച് ആനന്ദ് എഴുതുന്നതു നോക്കുക.

 

(വി.ഡി സവര്‍ക്കര്‍)

‘തൊള്ളായിരത്തി ഇരുപതുകളില്‍ മുസ്ലിം ലീഗിന്റെ മതരാഷ്ട്രവാദത്തിനു സമാന്തരമായി ഹിന്ദുതീവ്രവാദികള്‍ മുന്നോട്ടു വച്ചതും സാമാന്യജനത അവഗണിച്ചതുമായ ഫാസിസ്റ്റ് സ്റ്റേറ്റിന്റെ വികൃതരൂപം മുന്‍വാതിലിലൂടെ കടന്നു വന്നിരിക്കുന്നു.’

ഇത് വസ്തുതാവിരുദ്ധമാണു. മതരാഷ്ട്രം എന്ന ഡിമാന്‍ഡിലേക്ക് ലീഗ് വരുന്നത് 1930കളിലാണു. (Muhammad Iqbal’s speech at League Conference in 1930). ലാഹോര്‍ റെസലൂഷന്‍ വരുന്നത് 1940ലാണു. അതിനും മുന്‍പ് സവര്‍ക്കര്‍ ഇവിടെ ദ്വിരാഷ്ട്ര സിദ്ധാന്തം പറഞ്ഞിട്ടുണ്ട്. അല്ലാതെ ആനന്ദ് ഒഴുക്കന്‍ മട്ടില്‍ പറയുന്ന പോലെ ലീഗിന്റെ മതരാഷ്ട്രവാദത്തിനു സമാന്തരമായിട്ടല്ല ഹിന്ദുത്വ ദേശീയത ഉയര്‍ന്നു വന്നത്. തൊള്ളായിരത്തി ഇരുപതുകളില്‍ ലീഗിന്റെ പ്രധാന ആവശ്യം മുസ്ലിങ്ങളെ പ്രത്യേക എലക്ട്രെറ്റ് ആക്കണം എന്നതായിരുന്നു.

നാലു, ഖിലാഫത്ത് പ്രക്ഷോഭം തുടങ്ങുന്നതിനു മുന്‍പേ ബ്രിട്ടീഷ് ഇന്ത്യയില്‍ മുസ്ലിം ലീഗുണ്ട്. ഹിന്ദു മഹാസഭയുമുണ്ട്. കോമ്പറ്റീറ്റിവ് കമ്യൂണലിസം അന്ന് ഈ രണ്ടു സംഘടനകളെയും സ്വാധീനിച്ചിരുന്ന ഒരു ഫാക്ടര്‍ ആണെന്ന് വാദിച്ചാല്‍ തന്നെയും, ഇതിനു ഖിലാഫത്തുമായി ബന്ധമൊന്നും തന്നെയില്ല.

ഖിലാഫത്ത് രണ്ടുഭാഗത്തുമുള്ള മതരാഷ്ട്രീയവാദികളെ ശക്തിപ്പെടുത്തിയതായി തെളിവുമില്ല. ഖിലാഫത്ത് കെട്ടടങ്ങി വര്‍ഷങ്ങള്‍ക്കു ശേഷമാണ് ലീഗ് മുസ്ലിങ്ങള്‍ക്കിടയില്‍ ഒരു ശക്തസ്വാധീനമായി ഉയര്‍ന്നു വരുന്നതു തന്നെ. അതേ സമയം ഖിലാഫത്ത് പ്രക്ഷോഭത്തെ പിന്തുണച്ച ഗാന്ധിയുടെ കോണ്‍ഗ്രസ് ഇന്ത്യയില്‍ സെക്യുലര്‍ ജനാധിപത്യത്തിന്റെ ചാലകശക്തിയായി മാറുകയായിരുന്നു, ഹിന്ദു മതരാഷ്ട്രശക്തികളെ പൂര്‍ണമായും അപ്രസക്തമാക്കിക്കൊണ്ട്.

അവസാനമായി, ഗാന്ധിയെ നിരന്തരമായി ആക്രമിച്ചുകൊണ്ടിരിക്കുന്ന ഐഡന്റിറ്റി എക്‌സ്‌ക്ലുസിവിസ്റ്റുകളെ പോലെ ആനന്ദും മനസിലാക്കാന്‍ മടിക്കുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ ആരായിരുന്നു ദേശീയ പ്രസ്ഥാനത്തിന്റെ ശത്രു എന്നതാണു. ഗാന്ധിക്ക് അത് ബ്രിട്ടീഷ് ഇമ്പീരിയലിസമായിരുന്നു.

ഒന്നാം ലോകയുദ്ധത്തില്‍ പലപ്പോഴും ബ്രിട്ടനനുകൂലമായ നിലപാടാണു ലീഗ് എടുത്തത്. ഗാന്ധി നേരെ തിരിച്ച് എമ്പയറിനെ ദുര്‍ബലപ്പെടുത്താനുള്ള സമരങ്ങള്‍ക്കാണു പ്രാമുഖ്യം കൊടുത്തത്. ഖിലാഫത്ത് പ്രക്ഷോഭം ദേശീയ പ്രസ്ഥാനത്തിന്റെ അമരക്കാര്‍ക്ക് അത്തരമൊരു അവസരമായിരുന്നു. ഒരേസമയം മുസ്ലിങ്ങളെയും ഹിന്ദുക്കളേയും ദേശീയപ്രസ്ഥാനത്തിന്റെ പ്ലാറ്റ്‌ഫോമില്‍ ബ്രിട്ടനെതിരെ ഒന്നിപ്പിക്കുക എന്നതായിരുന്നു ഗാന്ധിയുടെ ലക്ഷ്യം.

അതിനെടുത്ത അടവുനയമായിരുന്നു ഖിലാഫത്തിനുള്ള സപ്പോര്‍ട്ട്. ഇന്ത്യന്‍ മുസ്ലിങ്ങളോട് തുര്‍ക്കിയിലെ ഖിലാഫത്തിനെ അതിന്റെ പഴയ പ്രൗഢിയില്‍ പുനസ്ഥാപിക്കുന്നതു വരെ പൊരുതാനാനല്ല ഗാന്ധി ആവശ്യപ്പെട്ടത്. മറിച്ച് ഇന്ത്യയുടെ രാഷ്ട്രീയ സ്വാതന്ത്യത്തിനു വേണ്ടി ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതാനായിരുന്നു.

അതിനുള്ള ഒരു മൊബിലൈസേഷന്‍ വെഹിക്കളായിരുന്നു ഖിലാഫത്ത് പ്രക്ഷോഭം. ഇപ്പുറത്ത് ഹിന്ദുക്കളെ ബ്രിട്ടനെതിരെ സംഘടിപ്പിക്കാന്‍ ഗാന്ധി ഹിന്ദുമതവും ഉപയോഗിച്ചിട്ടുണ്ടല്ലോ (ഇതാണു ഒരേ സമയം യാന്ത്രിക ആധുനികവാദികള്‍ക്കും ഉത്തരാധുനികര്‍ക്കും ഗാന്ധിയെ അനഭിമതനാക്കുന്നത്).

Interestingly, the subcontinent’s history is exactly opposite to Anand’s dangerously simpleton hypothesis. ഖിലാഫത്ത് പ്രക്ഷോഭത്തെ ഉള്‍ക്കൊണ്ട് അതിനെ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമാക്കാന്‍ ശ്രമിച്ച ഗാന്ധിയുടെ കോണ്‍ഗ്രസ് നയിച്ച ഇന്ത്യയിലാണു മതേതര ജനാധിപത്യം പരിമിധികളോടെയെങ്കിലും ശക്തിപ്പെട്ടത്. അതിനോട് വിഘടിച്ചു നിന്ന ലീഗും ജിന്നയും രൂപകരിച്ച പാകിസ്ഥാന്‍ അതിന്റെ ആദ്യദശകത്തില്‍ തന്നെ വീണുപോയിരുന്നു.

(Not to mention, Anand’s article doens’t have any reference to the crisis in capitalism which is emboldening fascist forces across the world. He refers to the birth of fascist forces in Italy, but knowingly or unknowingly omits the fact that both Italian fascism and German Nazism, and their offshoots, gained strength during or around the Great Economic Depression).

സ്റ്റാന്‍ലി ജോണി
മാധ്യമപ്രവര്‍ത്തകന്‍