ന്യൂദൽഹി: ഇന്ത്യയിലുടനീളമുള്ള 440 ജില്ലകളിലെ ഭൂഗർഭജലത്തിൽ അപകടകരമായ അളവിൽ നൈട്രേറ്റ് കണ്ടെത്തിയതായി റിപ്പോർട്ട്. ടെസ്റ്റ് ചെയ്ത 20 ശതമാനം സാമ്പിളുകളിലും അനുവദനീയമായ നൈട്രേറ്റ് സാന്ദ്രതയേക്കാൾ കൂടുതലാണ് ഉള്ളതെന്ന് സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡ് (സി.ജി.ഡബ്ല്യു.ബി) റിപ്പോർട്ടിൽ പറയുന്നു.
നൈട്രേറ്റ് മലിനീകരണം ഒരു പ്രധാന പാരിസ്ഥിതിക ആരോഗ്യ പ്രശ്‌നമാണ്. നൈട്രജൻ അധിഷ്ഠിത രാസവളങ്ങളും മൃഗങ്ങളുടെ അവശിഷ്ടങ്ങളും ഉപയോഗിക്കുന്ന കാർഷിക മേഖലകളിൽ ആണിത് കൂടുതലായുള്ളത് .
വാർഷിക ഭൂഗർഭജല ഗുണനിലവാര റിപ്പോർട്ട് 2024ൽ 9.04 ശതമാനം സാമ്പിളുകളിലും സുരക്ഷിതമായ പരിധിക്ക് മുകളിൽ ഫ്ലൂറൈഡിൻ്റെ അളവ് ഉണ്ടെന്നും 3.55 ശതമാനം ആർസെനിക് മലിനീകരണം കാണിക്കുന്നുണ്ടെന്നും വെളിപ്പെടുത്തി.
2023 മെയ് മാസത്തിൽ ഭൂഗർഭജലത്തിൻ്റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി രാജ്യവ്യാപകമായി 15,259 സ്ഥലങ്ങൾ തെരഞ്ഞെടുത്തു. ഇതിൽ 25 ശതമാനം കിണറുകളും വിശദമായി പഠിച്ചു. ജല റീചാർജ് ഗുണനിലവാരത്തെ എങ്ങനെ ബാധിക്കുന്നുവെന്നറിയാൻ മൺസൂണിന് മുമ്പും ശേഷവും 4,982 ഇടങ്ങളിലെ ഭൂഗർഭജലം പരിശോധിച്ചു.
കുടിവെള്ളത്തിനായി ലോകാരോഗ്യ സംഘടനയും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സും (ബി.ഐ.എസ്) നിശ്ചയിച്ചിട്ടുള്ള നൈട്രേറ്റ് പരിധിയായ ലിറ്ററിന് 45 മില്ലിഗ്രാം (mg/l) എന്ന നൈട്രേറ്റ് പരിധി 20 ശതമാനം ജലസാമ്പിളുകളും കവിഞ്ഞതായി റിസർച്ചിൽ കണ്ടെത്തി.
രാജസ്ഥാൻ, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ പരിധിയേക്കാൾ 40 ശതമാനത്തിലധികം മലിനീകരണം ഉള്ളതായി കണ്ടെത്തി. അതേസമയം മഹാരാഷ്ട്രയിൽ 35.74 ശതമാനവും തെലങ്കാനയിൽ 27.48 ശതമാനവും ആന്ധ്രാപ്രദേശിൽ 23.5 ശതമാനവും മധ്യപ്രദേശിൽ 22.58 ശതമാനവും മലിനീകരണം ആണ് കണ്ടെത്തിയത്.
ഉത്തർപ്രദേശ്, കേരളം, ജാർഖണ്ഡ്, ബീഹാർ എന്നിവിടങ്ങളിൽ കുറഞ്ഞ ശതമാനം മലിനീകരണം രേഖപ്പെടുത്തി. അരുണാചൽ പ്രദേശ്, അസം, ഗോവ, മേഘാലയ, മിസോറാം, നാഗാലാൻഡ് എന്നിവിടങ്ങളിൽ എല്ലാ സാമ്പിളുകളും സുരക്ഷിതമായ പരിധിയിലാണ് ഉള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.
രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ 2015 മുതൽ ഉയർന്ന നൈട്രേറ്റ് അളവ് സ്ഥിരമായി തുടരുന്നു. ഉത്തർപ്രദേശ്, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ 2017 മുതൽ 2023 വരെ മലിനീകരണം വർധിച്ചതായും സി.ജി.ഡബ്ല്യു.ബി റിപ്പോർട്ട് പറയുന്നു.
ഉയർന്ന നൈട്രേറ്റിൻ്റെ അളവുള്ള വെള്ളം കുഞ്ഞുങ്ങളിൽ ബ്ലൂ ബേബി സിൻഡ്രോം പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. കൂടാതെ ഇത് കുടിവെള്ളത്തിനായി ഉപയോഗിക്കാൻ സുരക്ഷിതമല്ലാത്തതുമാണ്.
നഗരവൽക്കരണവും ജനസംഖ്യാ വളർച്ചയും മലിനജലവും മലിനീകരണം വർധിപ്പിക്കുന്നു. അതോടൊപ്പം ഗുണമേന്മയില്ലാത്ത സെപ്റ്റിക് സംവിധാനങ്ങളും മോശം മാലിന്യ നിർമാർജനവും മലിനീകരണത്തെ കൂടുതൽ വഷളാക്കുന്നു.
Content Highlight: Dangerously high nitrate levels in groundwater in 440 districts across India