| Monday, 18th November 2019, 10:44 pm

'വാര്‍ത്ത ദൗര്‍ഭാഗ്യകരം, അത് കോണ്‍ഗ്രസിന് അപകടമാണ്'; ശിവസേനയുമായി സഖ്യമുണ്ടാക്കരുതെന്ന് ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ ശിവസേനയുമായി സഖ്യമുണ്ടാക്കരുത് എന്ന ആവശ്യവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് ജാമിയത്ത് ഉലമ-ഐ-ഹിന്ദ് അധ്യക്ഷന്‍ അര്‍ഷാദ് മഅദനിയുടെ കത്ത്. ശിവസേനയുമായി സഖ്യമുണ്ടാക്കുന്നതു പരിഗണിക്കുന്നെന്ന വാര്‍ത്ത ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു.

എന്‍.സി.പി ദേശീയാധ്യക്ഷന്‍ ശരദ് പവാറുമായി സോണിയ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് കത്തെത്തിയിരിക്കുന്നത്.

‘മഹാരാഷ്ട്രയിലെ മോശം രാഷ്ട്രീയത്തെക്കുറിച്ച് ശ്രദ്ധയില്‍പ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ശിവസേനയെ പിന്തുണയ്ക്കുന്നതു പരിഗണിക്കുന്നെന്ന വാര്‍ത്ത ദൗര്‍ഭാഗ്യകരമാണ്. സേനയെ പിന്തുണയ്ക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയെ സംബന്ധിച്ച് അപകടകരവും ഹാനികരവുമാണ്. എന്റെ അഭിപ്രായം നല്ല ഉദ്ദേശത്തിലെടുക്കുമെന്നാണു പ്രതീക്ഷ.’- കത്തില്‍ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അയോധ്യാ മധ്യസ്ഥ സമിതിയിലെ അംഗമായിരുന്നു മഅദനി. അയോധ്യാ വിധിക്കെതിരെ പുനഃപരിശോധനാ ഹരജി നല്‍കാന്‍ തീരുമാനമെടുത്ത അഖിലേന്ത്യാ വ്യക്തിനിയമ ബോര്‍ഡ് യോഗത്തില്‍ അദ്ദേഹവും പങ്കെടുത്തിരുന്നു.

തിങ്കളാഴ്ച വീണ്ടും പവാര്‍ സോണിയയെ കണ്ടിരുന്നു. എന്നാല്‍ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളെ കാണാതെ പവാര്‍ മടങ്ങിയത് ഏറെ അഭ്യൂഹങ്ങള്‍ക്കു വഴിവെച്ചിരുന്നു. ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെയും അടുത്തദിവസം സോണിയയെ കാണുമെന്നു സൂചനയുണ്ട്.

അതേസമയം ശിവസേനയെ ബി.ജെ.പിയിലേക്കു വീണ്ടും അടുപ്പിക്കാനുള്ള ശ്രമവുമായി കേന്ദ്രമന്ത്രി രാംദാസ് അത്താവലെ രംഗത്തെത്തിയിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മൂന്നുവര്‍ഷം ബി.ജെ.പിക്കും രണ്ടുവര്‍ഷം ശിവസേനയ്ക്കും മുഖ്യമന്ത്രിപദം വീതിച്ചു നല്‍കുന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ചിട്ടുണ്ടെന്നും ബി.ജെ.പിക്കു സമ്മതമാണെങ്കില്‍ ഇക്കാര്യം ആലോചിക്കുമെന്ന് സേനാ നേതാവ് സഞ്ജയ് റാവത്ത് മറുപടി നല്‍കിയതായും അദ്ദേഹം പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more