| Monday, 30th April 2018, 3:26 pm

ദളിതരുടെ മതംമാറ്റം അപകടകരമായ അവസ്ഥ; മീശ വളര്‍ത്തിയാല്‍ പോലും ആക്രമിക്കപ്പെടുന്നു; ബി.ജെ.പി എം.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2016 ജൂലൈയില്‍ ഉനയില്‍ ഗോസംരക്ഷകരുടെ ആക്രമണത്തിന് ഇരയായ ദളിത് കുടുംബവും 450 പേരും ബുദ്ധമതം സ്വീകരിച്ച സംഭവത്തില്‍ നിലപാട് വ്യക്തമാക്കി ബി.ജെ.പി എം.പി ഉദ്ധിത് രാജ്.

സാമൂഹ്യ അനീതി തന്നെയാണ് ഇത്തരമൊരു തീരുമാനത്തിന് അവരെ പ്രേരിപ്പിച്ചതെന്ന് എം.പി പറയുന്നു. മീശ വളര്‍ത്തിയതിന് പോലും അവര്‍ ആക്രമിക്കപ്പെടുന്നു. ഇതല്ലാതെ അവര്‍ക്ക് മുന്‍പില്‍ മറ്റ് എന്ത് മാര്‍ഗമാണ് ഉള്ളതെന്നും എം.പി ഉദ്ധിത് രാജ് ചോദിക്കുന്നു.

ഗിര്‍ സോംനാഥ് ജില്ലയിലെ ഉന ടൗണിന് അടുത്തായുള്ള മോട്ടാ സമാധിയല ഗ്രാമത്തിലായിരുന്നു ചടങ്ങ് നടന്നത്. ചടങ്ങിന് അധ്യക്ഷത വഹിച്ചത് ബി.ജെ.പിയുടെ ദളിത് എം.എല്‍.എയായ പ്രദീപ് പര്‍മാര്‍ ആയിരുന്നു.

ബുദ്ധമതം സ്വീകരിച്ച ഇവരെ താന്‍ അഭിനന്ദിക്കുന്നെന്ന് ബി.ജെ.പി എം.എല്‍.എയായ പ്രദീപ് പര്‍മാര്‍ പറഞ്ഞു.”” ഞാന്‍ ഒരു ബി.ജെ.പി പ്രവര്‍ത്തകനാണ്. ബി.ജെ.പിയാണ് എനിക്ക് മത്സരിക്കാനുള്ള ടിക്കറ്റ് തന്നത്. എന്നാല്‍ ബാബാസാഹേബ് ഭരണഘടനയില്‍ സംവരണം എന്നൊന്ന് എന്നൊന്ന് എഴുതിച്ചേര്‍ത്തില്ലായിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും ഒരു എം.എല്‍.എ ആവില്ലായിരുന്നു””- അദ്ദേഹം പറഞ്ഞു.


Dont Miss ‘ദീപാവലിക്ക് മുന്‍പേ ചിത്രം എത്തിയല്ലോ’: രാജ്യം സമ്പൂര്‍ണ വൈദ്യൂതീകരിച്ചെന്ന മോദിയുടെ അവകാശവാദം സാധൂകരിക്കാന്‍ നാസയുടെ ചിത്രം ട്വീറ്റ് ചെയ്ത കേന്ദ്രമന്ത്രിക്ക് പൊങ്കാല


ബാലു സര്‍വയ്യ, ഭാര്യ കന്‍വാര്‍, മക്കളായ വഷ്‌റാം, രമേഷ് , മരുമക്കളായ മനീഷ, സോനല്‍ തുടങ്ങിയവരാണ് ബുദ്ധമതം സ്വീകരിച്ചത്. ഇവര്‍ക്കൊപ്പം തന്നെ ബാലുവിന്റെ മറ്റുബന്ധുക്കളായ അശോക്, അദ്ദേഹത്തിന്റെ ബന്ധു ബെച്ചാര്‍, ഭാര്യ ഹസ്‌ന മറ്റൊരു ബന്ധുവായ അര്‍ജാന്‍ ബബാരിയ തുടങ്ങിയവരും ബുദ്ധമതം സ്വീകരിച്ചിട്ടുണ്ട്.

2016 ജൂലൈ 11 നാണ് മോട്ട സമാധിലയ ഗ്രാമത്തില്‍ വെച്ച് ചത്തപശുവിന്റെ തൊലിയുരിച്ചെന്ന് ആരോപിച്ച് വഷ്‌റമിനേയും രമേശിനേയും അശോകിനേയും ഗോസംരക്ഷകര്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയത്. പശുവിനെ കൊന്ന് തൊലിയുരിച്ചെന്നാരോപിച്ചായിരുന്നു അക്രമം.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഇവരുടെ ബന്ധുക്കളേയും ഗോരക്ഷകര്‍ മര്‍ദ്ദിച്ച് അവശരാക്കിയിരുന്നു. തുടര്‍ന്ന് വഷ്‌റാമിനേയും രമേശിനേയും അശോകിനേയും ബെച്ചാറിനേയും ഉന ഗ്രാമത്തിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോകുകയും വാഹനത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.

ഇതിന്റെ ദൃശ്യങ്ങളുള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ സംഭവം വലിയ വിവാദമാവുകയായിരുന്നു. പൊലീസ് അന്വേഷണത്തില്‍ പശു സിംഹത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതാണെന്ന് വ്യക്തമാകുകയും ചെയ്തിരുന്നു. ആക്രമിക്കപ്പെടുന്ന സമയത്ത് തന്നെ ഇക്കാര്യം ദളിത് യുവാക്കള്‍ ആവര്‍ത്തിച്ചുപറഞ്ഞിരുന്നെങ്കിലും അക്രമികള്‍ ചെവിക്കൊണ്ടിരുന്നില്ല.

ബുദ്ധമതം സ്വീകരിച്ചപ്പോള്‍ ആശ്വാസം തോന്നുന്നതായി ബാലു പറഞ്ഞു. ശക്തിയാര്‍ജ്ജിച്ചപോലെയാണ് ഇപ്പോള്‍ തോന്നുന്നത്. സ്വാതന്ത്ര്യം ലഭിച്ചപോലെയും. അന്ന് ആക്രമിക്കപ്പെട്ടതിന് പിന്നാലെ ഞങ്ങള്‍ അപമാനിക്കപ്പെട്ടു. പിന്നീടിങ്ങോട്ടുള്ള ജീവിതം ഏറെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതെല്ലാം വലിച്ചെറിഞ്ഞ് പുതിയൊരു ലോകത്ത് എത്തിയ പോലെയാണ് തോന്നുന്നത്. നമുക്ക് എന്താണോ തോന്നുന്നത് അത് ചെയ്യുന്നതില്‍ നിന്ന് ഒരു ദൈവവും നമ്മെ വിലക്കില്ല. ഞങ്ങള്‍ സ്വയം പഠിക്കുകയും പഠിപ്പിക്കുകയും ഞങ്ങളുടെ പ്രൊഫഷന്‍ തിരഞ്ഞെടുക്കുകയും ചെയ്യും””- ബുദ്ധമതം സ്വീകരിച്ചതിന് പിന്നാലെ ബാലു പറഞ്ഞു.

ആയിരക്കണക്കിന് വര്‍ഷങ്ങളായി ഞങ്ങള്‍ ഹിന്ദുമതത്തെ പിന്തുടര്‍ന്നെന്നും എന്നാല്‍ ഒരു വിശ്വാസിയായിപ്പോലും തങ്ങളെ ആരും ഇതുവരെ പരിഗണിച്ചില്ലെന്നും രമേശ് പറഞ്ഞു.

“”ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ ഞങ്ങള്‍ക്ക് അനുവാദമില്ല. തൊട്ടുകൂടാന്‍ പാടില്ലാത്തവരാണ് ഞങ്ങള്‍. ഞങ്ങള്‍ ഒരാളുടെ കൃഷിയിടത്തില്‍ ജോലി ചെയ്യാന്‍ പോയാല്‍ സ്വന്തം വീട്ടില്‍ നിന്നും കൊണ്ടുവരുന്ന പാത്രത്തില്‍ നിന്നുമാത്രമേ ഭക്ഷണം കഴിക്കാന്‍ പോലും പറ്റുമായിരുന്നുള്ളൂ. ഇത്തരം കാര്യങ്ങള്‍ കൊണ്ടുകൂടിയാണ് ഞങ്ങള്‍ ബുദ്ധമതം സ്വീകരിക്കാന്‍ തയ്യാറായത്- രമേശ് പറയുന്നു.

We use cookies to give you the best possible experience. Learn more