നാട്ടികയിലെ അപകടം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍
Kerala News
നാട്ടികയിലെ അപകടം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th November 2024, 5:41 pm

തൃശൂര്‍: നാട്ടികയില്‍ വഴിയരികില്‍ ഉറങ്ങിക്കിടന്നിരുന്ന നാടോടികളുടെ ഇടയിലേക്ക് ലോറി കയറിയിറങ്ങി അഞ്ച് പേര്‍ മരണപ്പെട്ട സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

തൃശൂര്‍ ജില്ലാ റൂറല്‍ പൊലീസ് മേധാവി സംഭവത്തെ കുറിച്ച് വിശദമായി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മീഷന്‍ അധ്യക്ഷന്‍ ബീനാകുമാരി ആവശ്യപ്പെട്ടിരിക്കുന്നത്. പത്ര വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ എടുത്ത കേസിലാണ് കമ്മീഷന്റെ നടപടി.

മദ്യലഹരിയില്‍ ക്ലീനര്‍ ഓടിച്ച ലോറി പാഞ്ഞുകയറി പിഞ്ചു കുഞ്ഞുങ്ങളടക്കം അഞ്ച് പേരാണ് കഴിഞ്ഞ ദിവസം അര്‍ധരാത്രിയില്‍ മരിച്ചത്.

തൃശൂര്‍ നാട്ടികയില്‍ മദ്യ ലഹരിയില്‍ ക്ലീനര്‍ ഓടിച്ച തടി ലോറി പാഞ്ഞുകയറി അഞ്ച് പേര്‍ മരിക്കുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മരിച്ചതില്‍ രണ്ട് പേര്‍ കുട്ടികളാണ്. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ച ക്ലീനര്‍ അലക്സും ഒപ്പം ഉണ്ടായിരുന്ന ഡ്രൈവര്‍ ജോസും അറസ്റ്റിലായി. പുലര്‍ച്ചെ നാല് മണിക്കായിരുന്നു അപകടം സംഭവിച്ചത്.

നാട്ടികയില്‍ ദേശീയ പാതയുടെ പണി നടക്കുന്ന റോഡിലാണ് അപകടം ഉണ്ടായത്. ദേശീയ പാതയില്‍ ബാരിക്കേഡ് വെച്ച് മറച്ച സ്ഥലത്തു ഉറങ്ങുകയായിരുന്ന 11 അംഗ സംഘത്തിന് മുകളിലേക്കാണ് തടി ലോറി പാഞ്ഞ് കയറിയത്. കണ്ണൂരില്‍ നിന്ന് കൊച്ചിയിലേക്ക് പോവുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്.

കാളിയപ്പന്‍ (50), ജീവന്‍ (4), നാഗമ്മ (39), ബംഗാഴി (20) എന്നിവരാണ് മരിച്ചവരിലുള്ളത്. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നാട്ടിക ജെ.കെ തിയ്യേറ്ററിനടുത്താണ് ദാരുണമായ സംഭവമുണ്ടായത്.

Content Highlight: Danger in the play; The Human Rights Commission took the case on its own initiative