Entertainment
ദളപതിയുടെ വില്ലനാവാനൊരുങ്ങി ഡാന്‍സിംഗ് റോസും? വാര്‍ത്തകളോട് പ്രതികരിക്കാതെ താരം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Aug 10, 12:31 pm
Tuesday, 10th August 2021, 6:01 pm

പാ. രഞ്ജിത്തിന്റെ സംവിധാനമികവില്‍ വന്‍വിജയം കൈവരിച്ച ചിത്രമായ സാര്‍പ്പട്ട പരമ്പരയില്‍ ഡാന്‍സിംഗ് റോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രശംസകളേറ്റു വാങ്ങിയ താരമാണ് ഷബീര്‍ കല്ലറയ്ക്കല്‍. വിജയ് നായകനായെത്തുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ സാധ്യതയുണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണ് താരത്തെ സംബന്ധിച്ച് വെള്ളിത്തിരയില്‍ സജീവമാവുന്നത്.

വിജയ് നായകനാവുന്ന ബീസ്റ്റ് എന്ന ചിത്രത്തില്‍ പ്രതിനായകസ്ഥാനത്ത് ഷബീറും ഉണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. മൂന്ന് പ്രതിനായകരുള്ള ചിത്രത്തില്‍ ഒരു വില്ലനായി താരത്തെ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍

പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സത്യമാണെങ്കില്‍ ഡാന്‍സിംഗ് റോസിന് ശേഷം ഷബീറിന് കരിയര്‍ ബ്രേക്ക് ത്രൂ നല്‍കുന്ന കഥാപാത്രമാവും ബീസ്റ്റിലേത്.

സംവിധായകനായ സെല്‍വരാഘവന്‍, മലയാളി താരമായ ഷൈന്‍ ടോം ചാക്കോ എന്നിവരാവും മറ്റ് വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സംവിധായകന്‍ സെല്‍വരാഘവന്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിവരം നിര്‍മാതാക്കളായ സണ്‍ പിക്ചേഴ്സ് തന്നെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മലയാളിതാരം ഷൈന്‍ ടോമിന്റെ തമിഴിലെ അരങ്ങേറ്റചിത്രം കൂടിയാണ് ഇത്.

അതേസമയം ബീസ്റ്റില്‍ അഭിനയിക്കുമോയെന്ന വിഷയത്തില്‍ ഷബീര്‍ കല്ലറക്കലോ അണിയറ പ്രവര്‍ത്തകരോ ഇതുവരെയും ഔദ്യോഗികമായി മറുപടി നല്‍കിയിട്ടില്ല.

പൂജ ഹെഗ്ഡെ നായികയാവുന്ന ചിത്രത്തില്‍ യോഗി ബാബു, വി.ടി.വി. ഗണേഷ്, അപര്‍ണ ദാസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കോലമാവ് കോകിലയ്ക്കും ഡോക്ടറിനും ശേഷം നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബീസ്റ്റ്. വിജയ്യുടെ സൂപ്പര്‍ഹിറ്റ് ചിത്രം സര്‍ക്കാരിനു ശേഷം സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Dancing Rose Shabeer Kallarackal will act opposite to Vijay in Beast, reports