| Monday, 21st March 2022, 7:51 pm

എട്ട് മണിക്ക് ശേഷം നൃത്തം നിരോധിക്കുന്ന 'ജുഡീഷ്യല്‍ ആക്ടിവിസ'ത്തിന്റെ കേരളം

നീന പ്രസാദ്

ഇന്നലെ, ഇതുവരെ ജീവിതത്തില്‍ ഉണ്ടായിട്ടില്ലാത്ത ഒരനുഭവം കലാകാരി എന്ന നിലയില്‍ എനിക്കുണ്ടായി.

പാലക്കാട് മൊയിന്‍ ഘജ സ്‌കൂളില്‍ ഒരു പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട സാംസ്‌കാരിക പരിപാടിയില്‍ ഹ്രസ്വ മോഹിനിയാട്ട കച്ചേരി അവതരിപ്പിക്കാന്‍ ക്ഷണമുണ്ടായി. 8 മണിക്ക് ആരംഭിച്ച കച്ചേരി, രണ്ടാമത്തെ ഇനം അവസാനിപ്പിച്ചപ്പോള്‍ ഇനി തുടര്‍ന്ന് അവതരിപ്പിക്കാന്‍ പറ്റില്ല എന്ന് പൊലീസ് അറിയിച്ചതായി സംഘാടകര്‍ പരിഭ്രാന്തരായി ഞങ്ങളോട് പറഞ്ഞു.

എന്നാല്‍ പുസ്തകപ്രകാശനവുമായി ബന്ധപ്പെട്ട ഇനം തുടര്‍ന്നുള്ള ഒന്നായിരുന്നതിനാല്‍ അത് ചെയ്യാതെ മടങ്ങാന്‍ സാധിക്കുമായിരുന്നില്ല. കേരളത്തിന്റെ പല ഭാഗങ്ങളിലും പുറത്തുമായി ജീവിക്കുന്ന സംഗീത കലാകാരന്മാര്‍ അടങ്ങുന്നതാണ് എന്റെ സംഘം. അവരെ വിളിച്ചുവരുത്തി ദിവസങ്ങളോളം റിഹേഴ്‌സല്‍ നോക്കി, ഇനങ്ങള്‍ കൃത്യമാക്കി വളരെ ആഗ്രഹത്തോടും ആവേശത്തോടും കൂടി പരിപാടിക്ക് തയ്യാറെടുക്കുന്നവരാണ് പ്രൊഫഷണല്‍ നര്‍ത്തകര്‍.

ഞങ്ങളോട്, ‘ശബ്ദം ശല്യമാകുന്നു’ പരിപാടി ഉടന്‍ നിര്‍ത്തണം, എന്ന് ഡിസ്ട്രിക്ട് ജഡ്ജി (Kalam Pasha, brother of retd. judge kemal pasha)കല്‍പ്പിക്കുന്നു എന്ന് പറയുമ്പോള്‍, കഥകളിയും ശാസ്ത്രീയ നൃത്തവുമെല്ലാം ഗൗരവമായ തൊഴിലായി കൊണ്ടുനടക്കുന്ന സാംസ്‌കാരിക കലാപ്രവര്‍ത്തകരുടെ നേര്‍ക്കുളള അപമര്യാദയായേ കാണാന്‍ കഴിയൂ.

കലാം പാഷ

ഇന്നലെ ഇതിനെത്തുടര്‍ന്ന് അവിടെ സന്നിഹിതരായിരുന്ന ആസ്വാദകരെ വേദിയുടെ അരികിലേക്ക് വിളിച്ചിരുത്തി കേവലം ഒരു ഉച്ചഭാഷിണി മാത്രം, ശബ്ദം വളരെ കുറച്ച് വെച്ചുകൊണ്ട് നിരാശയും വേദനയും നിയന്ത്രിച്ച് ‘സഖ്യം’ ചെയ്ത് അവസാനിപ്പിച്ചു. അത്യധികം അപമാനിക്കപ്പെട്ട ഒരു അനുഭവമായിരുന്നു അത്. ഞാനടക്കം എല്ലാ കലാകാരന്മാര്‍ക്കും ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടാകുന്നത് ആദ്യമായാണ്.

രാത്രി 9.30 വരെ അനുമതി ലഭിച്ചിട്ടുള്ളതായി സംഘാടകര്‍ അറിയിച്ചിട്ടും, കലാപരിപാടി 8 മണിക്ക് തുടങ്ങി ഏതാനും മിനിറ്റുകള്‍ക്ക് ശേഷം നിരന്തരമായി നിര്‍ത്തിവെക്കണമെന്ന് ഡിസ്ട്രിക്റ്റ് ജഡ്ജി കല്‍പ്പിച്ചതായുള്ള അറിയിപ്പ് വളരെ ദുഃഖമുണ്ടാക്കി. ഒരു സ്ത്രീയെന്ന നിലയിലും കലാകാരി എന്ന നിലയിലും എന്റെ പ്രതിഷേധം രേഖപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ് എന്ന് തോന്നുന്നത് കൊണ്ടാണ് ഈ പോസ്റ്റ്.

മറ്റൊന്ന്, കഴിഞ്ഞ 2 വര്‍ഷത്തിലേറെയായി കലാകാരന്മാരുടെ അവസ്ഥ അതീവ ദയനീയമാണ്. ഫുള്‍ടൈം കലാപ്രവര്‍ത്തനത്തിലൂടെ ജീവിതവും കുടുംബവും നടത്തിക്കൊണ്ട് പോകുന്ന അസംഖ്യം കലാകാരന്‍മാര്‍ക്ക് കനത്ത പ്രഹരമാണ് കൊറോണ സൃഷ്ടിച്ചത്. ആത്മഹത്യാ വക്കില്‍ നിന്നാണ് കലാകാരന്‍മാര്‍ മെല്ലെ എഴുന്നേറ്റ് നടക്കാന്‍ തുടങ്ങുന്നത്.

ശൈലീകൃത, പാരമ്പര്യ കലകള്‍ക്കും സംസ്‌കാരത്തിനും പ്രാമുഖ്യം നല്‍കിയിട്ടുള്ള ഭാരതത്തില്‍ ഇത്രയും വര്‍ഷങ്ങളായി തുടര്‍ന്നുകൊണ്ടിരുന്ന കലാപ്രവര്‍ത്തനങ്ങള്‍ ഇങ്ങനെയല്ലാതെ എങ്ങനെയാണ് ഞങ്ങള്‍ മുന്നോട്ട് കൊണ്ടുപോകേണ്ടത്? അതാത് കലകളിലുള്ള മികവിന്റെ അടിസ്ഥാനത്തിലാണ് ഭാരതത്തിന്റെ സാംസ്‌കാരിക വക്താക്കളായി ഞങ്ങള്‍ വിദേശത്തേക്ക് അയക്കപ്പെടുന്നത്.

എന്നിട്ടും അവസരങ്ങള്‍ ഉള്ളപ്പോള്‍ മാത്രം വേതനം കിട്ടുന്നതാണ് ഒരു ശരാശരി കലാകാരന്റെ ജീവിതം. ഓരോ വേദിയിലും സ്വയം മികവ് തെളിയിച്ചാണ് മുന്നോട്ട് പുതിയ അവസരങ്ങള്‍ അവര്‍ ഉണ്ടാക്കിയെടുക്കുന്നത്. ഓരോ വേദിയും കലകളില്‍ അര്‍പ്പിക്കപ്പെട്ടവര്‍ക്ക് അത്രകണ്ട് പ്രധാനപ്പെട്ടതാണ്. അവര്‍ ചെയ്യുന്ന തൊഴില്‍ സംരക്ഷിക്കപ്പെടേണ്ടത് നീതിയും നിയമവും ഉള്‍ച്ചേരുന്ന സമൂഹത്തിന്റെ, നിയമപാലകരുടെ കര്‍ത്തവ്യവും കൂടെയാണെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്.

ഇത്തരം നീതിരഹിതവും അനൗചിത്യപരവുമായ വ്യക്തിഗത ഇഷ്ടാനിഷ്ടങ്ങള്‍ പരിഗണിച്ചാണോ കലാകാരന്‍മാര്‍ കലാപരിപാടികള്‍ നടത്തേണ്ടത്? അതോ സാംസ്‌കാരിക പ്രവര്‍ത്തനം പോലും ജഡ്ജിമാരുടെയും ഉദ്യോഗസ്ഥരുടെയും വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും കല്‍പനകള്‍ക്കും അനുസരിച്ച് നടത്തിയാല്‍ മതിയെന്നാണോ?

കലാകാരന്റെ ജീവിതവും തൊഴിലിടവും മാന്യമായി കാണാനും ഉള്‍ക്കൊള്ളാനും കഴിയണം. ഇനി അതിന് കഴിഞ്ഞില്ലെങ്കില്‍, ഇത്തരം മുഷ്‌ക്കുകള്‍ കൊണ്ട് പ്രഹരമേല്‍പ്പിക്കുന്നത്, തങ്ങളെ കാത്തിരിക്കുന്ന അസംഖ്യം കലാസ്വാദകരുടെ മുന്നില്‍ ആവേശത്തോടെ കലാവിഷ്‌കാരത്തിന് തയ്യാറെടുക്കുന്ന കലാകാരന്‍മാരുടെ സ്വാഭിമാനത്തെയാണെന്നെങ്കിലും മനസ്സിലാക്കണം.

Content Highlight: Dancer Neena Prasad about, Justice Kalam Pasha’s ‘order’ to stop the dance performance, citing sound pollution

നീന പ്രസാദ്

നര്‍ത്തകി, കേരള കലാമണ്ഡലം മുന്‍ റിസര്‍ച്ച് കോര്‍ഡിനേറ്റര്‍

We use cookies to give you the best possible experience. Learn more