| Friday, 19th January 2018, 1:02 pm

മോദിക്ക് മുന്‍പില്‍ പ്രതിഷേധമില്ല; നരേന്ദ്രമോദിയേയും നെതന്യാഹുവിനേയും ഗുജറാത്തിലേക്ക് വരവേറ്റത് പദ്മാവതിലെ ഗാനത്തിന്റെ നൃത്തച്ചുവടുകളുമായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: സഞ്ജയ് ലീലാ ബന്‍സാലിയുടെ പദ്മാവത് സിനിമയിലെ ഗൂമര്‍ എന്ന ഗാനത്തിന് നൃത്തം ചെയ്തതിന്റെ പേരില്‍ അടുത്തിടെയായിരുന്നു മധ്യപ്രദേശിലെ സ്‌കൂളിന് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം നടന്നത്.

എന്നാല്‍ കഴിഞ്ഞ ദിവസം ഗുജറാത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനേയും വരവേറ്റത് ചിത്രത്തിലെ ഇതേഗാനം പ്ലേ ചെയ്തുകൊണ്ടായിരുന്നു.

ഇസ്രയേല്‍ പ്രധാനമന്ത്രിയെ അഹമ്മദാബാദില്‍ വരവേറ്റത് ഗൂമര്‍ എന്ന ഗാനത്തിന്റെ അകമ്പടിയിയോടെയായിരുന്നെന്ന് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജനുവരി 17 ന് ആയിരുന്നു മധ്യപ്രദേശിലെ സ്‌കൂൡലെ വിദ്യാര്‍ത്ഥി ഗൂമര്‍ എന്ന ഗാനത്തിന് ഡാന്‍സ് അവതരിപ്പിച്ചതിന്റെ പേരില്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ അടിച്ചുതകര്‍ത്തത്. മധ്യപ്രദേശ് സര്‍ക്കാര്‍ പദ്മാവത് എന്ന സിനിമ നിരോധിച്ചതാണെന്നും അതുകൊണ്ട് തന്നെ ചിത്രത്തിലെ ഗാനം പോലും സംസ്ഥാനത്ത് അനുവദിക്കില്ലെന്നുമായിരുന്നു വിഷയത്തോട് പ്രതികരിച്ചുകൊണ്ട് ബി.ജെ.പി നേതാവും ആഭ്യന്തരമന്ത്രിയുമായ ഭൂപേന്ദ്ര സിങ് പറഞ്ഞത്. വിലക്കിയ ചിത്രത്തിലെ ഗാനരംഗം ആരെങ്കിലും ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് ഗുജറാത്തില്‍ മോദി പങ്കെടുക്കുന്ന പരിപാടിയില്‍ ചിത്രത്തിന്റെ ഗാനം വെച്ചുകൊണ്ടുള്ള നൃത്തച്ചുവടുകള്‍ അരങ്ങേറിയത്.

കഴിഞ്ഞ ദിവസം പദ്മാവത് ചിത്രത്തിന് നാല് സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സുപ്രീംകോടതി നീക്കിയതിനു പിന്നാലെ ചിത്രം പ്രദര്‍ശിപ്പിക്കാനിരുന്ന തിയേറ്റര്‍ കര്‍ണിസേന പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തിരുന്നു.

ബീഹാറിലെ മുസഫര്‍പൂരിലെ തിയേറ്ററാണ് കര്‍ണിസേന പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തത്. ഈ മാസം 25 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

നേരത്തെ രജപുത് കര്‍ണ്ണിസേനയുടെ പ്രതിഷേധത്തെ തുടര്‍ന്ന് ചിത്രത്തിനു ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് വിലക്കിനെ ചോദ്യം ചെയ്ത് നിര്‍മാതാക്കളായ വിയകോം സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ചിത്രത്തിന്റെ വിലക്ക് നീക്കിയത്.

ബിഹാറില്‍ മുസഫര്‍പൂരിനു പുറമേ മറ്റിടങ്ങളിലും കര്‍ണി സേന പ്രതിഷേധങ്ങള്‍ നടത്തുന്നുണ്ട്. തിയേറ്ററുകള്‍ “പദ്മാവത്” പ്രദര്‍ശിപ്പിച്ചാല്‍ തിരിച്ചടി നേരിടേണ്ടിവരുമെന്ന് രജ്പുത് സംഘടനാ തലവന്‍ ലോകേന്ദ്ര സിംഗ് കല്‍വി മുന്നറിയിപ്പ് നല്‍കിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more