40 വര്‍ഷത്തോളമായി കൊറിയോഗ്രഫി മേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന ഡാന്‍സ് മാസ്റ്ററാണ് കല. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 100ലധികം ചിത്രങ്ങള്‍ക്ക് നൃത്ത സംവിധാനം നിര്‍വഹിച്ചിട്ടുള്ളയാളാണ് കലാ മാസ്റ്റര്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലൂടെ കരിയറിലെ ആദ്യ ദേശീയ അവാര്‍ഡും കലാ മാസ്റ്റര്‍ നേടി.
താന്‍ കൊറിയോഗ്രഫി ചെയ്ത നടന്മാരെക്കുറിച്ച് സംസാരിക്കുകയാണ് കലാ മാസ്റ്റര്‍. ഒരുപാട് നടന്മാരെക്കൊണ്ട് ഡാന്‍സ് ചെയ്യിച്ചിട്ടുണ്ടെന്നും എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തനായ നടനാണ് വിജയ് എന്നും കല പറഞ്ഞു. മറ്റ് നടന്മാര്‍ ഡാന്‍സ് ചെയ്യുമ്പോള്‍ ബാക്ക്ഗ്രൗണ്ടിലെ ഡാന്‍സേഴ്‌സ് എന്തെങ്കിലും മിസ്‌റ്റേക്ക് വരുത്തിയാല്‍ അത് പെട്ടെന്ന് കണ്ടുപിടിക്കാനാകുമെന്നും എന്നാല്‍ വിജയ് ഡാന്‍സ് ചെയ്യുമ്പോള്‍ എല്ലാ ശ്രദ്ധയും അയാളിലേക്ക് മാത്രമേ പോകുള്ളൂവെന്നും കല പറഞ്ഞു.
ധനുഷ്, സിലമ്പരസന്‍ തുടങ്ങിയ നടന്മാര്‍ തന്റെ ശിഷ്യന്മാര്‍ ആയിരുന്നുവെന്നും അവരെല്ലാം ഡാന്‍സ് ചെയ്യുമ്പോള്‍ ബാക്ക്ഗ്രൗണ്ടിലെ ഡാന്‍സര്‍മാരിലേക്ക് ശ്രദ്ധ പോകുമെന്നും വിജയ്‌യുടെ ഡാന്‍സില്‍ അങ്ങനെയൊരു കാര്യം നടക്കാറില്ലെന്നും കലാ മാസ്റ്റര്‍ പറഞ്ഞു. ഡാന്‍സിന്റെ കാര്യത്തില്‍ വിജയ്ക്ക് കോമ്പറ്റിഷന്‍ കൊടുക്കാന്‍ സൗത്ത് ഇന്ത്യയില്‍ വേറെ നടന്മാരില്ലെന്നും കലാ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. ഫില്‍മി ബീറ്റിന് നല്‍കിയ അഭിമുഖത്തിലാണ് കലാ മാസ്റ്റര്‍ ഇക്കാര്യം പറഞ്ഞത്.
‘മറ്റ് നടന്മാരുടെ ഡാന്‍സില്‍ നിന്ന് വിജയ്‌യെ വ്യത്യസ്തനാക്കി നിര്‍ത്തുന്ന ഒരു കാര്യമുണ്ട്. അയാള്‍ ഡാന്‍സ് ചെയ്യുന്ന സമയത്ത് ബാക്ക്ഗ്രൗണ്ടിലെ ഡാന്‍സര്‍മാരെ നമുക്ക് ശ്രദ്ധിക്കാന്‍ പറ്റില്ല. നമ്മുടെ എല്ലാ ശ്രദ്ധയും വിജയിലേക്ക് പോകും. അത് അയാള്‍ക്ക് മാത്രം കഴിയുന്ന ഒരു കാര്യമാണ്. ഉദാഹരണത്തിന് ധനുഷോ സിലമ്പരസനോ ഡാന്‍സ് ചെയ്യുമ്പോള്‍ നമ്മള്‍ ബാക്ക്ഗ്രൗണ്ടിലെ ഡാന്‍സര്‍മാരെ ശ്രദ്ധിക്കും.
കാരണം അവര്‍ രണ്ടുപേരും മികച്ച ഡാന്‍സര്‍മാരാണ്. അവരുടെ ഡാന്‍സിനൊപ്പം മറ്റുള്ളവരും എത്തുന്നുണ്ടോ എന്ന് നോക്കേണ്ടത് നമ്മുടെ ആവശ്യമാണ്. പക്ഷേ വിജയ് ഡാന്‍സ് ചെയ്യുമ്പോള്‍ ഈ കാര്യം നോക്കാന്‍ നമ്മള്‍ മറക്കും. അത്രക്ക് അട്രാക്ടീവായാണ് വിജയ് ഡാന്‍സ് ചെയ്യുന്നത്. സൗത്ത് ഇന്ത്യയില്‍ ഈയൊരു കാര്യത്തില്‍ വിജയ്ക്ക് കോമ്പറ്റീഷന്‍ കൊടുക്കാന്‍ വേറൊരു നടന്‍ ഇല്ല,’ കലാ മാസ്റ്റര്‍ പറഞ്ഞു.
Content Highlight: Dance master Kala about Vijay’s dance