| Monday, 1st January 2024, 6:25 pm

മമ്മൂക്കയെ കയ്യില്‍ കിട്ടിയാല്‍ ഞാന്‍ ഡാന്‍സ് പഠിപ്പിക്കും: ഡാന്‍സ് കൊറിയോഗ്രാഫര്‍ സജ്ന നജം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഒരു ഡാന്‍സ് കൊറിയോഗ്രാഫറാണ് സജ്ന നജം. ലാല്‍ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യന്‍ എന്ന ചിത്രത്തിലുടെ ആ വര്‍ഷത്തെ മികച്ച കൊറിയോഗ്രാഫര്‍ക്കുള്ള കേരള സംസ്ഥാന അവാര്‍ഡും നേടിയിരുന്നു. ഇപ്പോള്‍ മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയുടെ ഡാന്‍സിനെ കുറിച്ച് സംസാരിക്കുകയാണ് സജ്ന നജം.

‘മമ്മൂക്ക ഡാന്‍സ് കളിച്ചിട്ടുണ്ട്. മുമ്പ് ഒരുപാട് സിനിമകളില്‍ ഇക്ക ഡാന്‍സ് കളിച്ചത് നമ്മള്‍ കണ്ടതാണ്. പക്ഷേ മമ്മൂക്കക്ക് ഡാന്‍സ് കളിക്കാന്‍ അറിയില്ലെന്ന് മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാം. അത് എന്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് എനിക്ക് അറിയില്ല. പിന്നെ മമ്മൂക്ക ഒരു പാട്ടിന് ഡാന്‍സ് കളിക്കണമെന്നില്ല. അവിടെ വന്ന് നിന്ന് വെറുതെ തലയാട്ടിയാലും മതി.

പിന്നെ മമ്മൂക്കയെ ഡാന്‍സ് പഠിപ്പിക്കുന്ന കാര്യം ചോദിച്ചാല്‍, ഞാന്‍ സിനിമയില്‍ വര്‍ക്ക് ചെയ്യും മുമ്പ് ഒരുപാട് റിയാലിറ്റി ഷോകള്‍ ചെയ്തിരുന്നു. അതിലൊക്കെ പത്തോ പതിനാലോ വര്‍ഷം വെറുതെ വീട്ടില്‍ ഇരിക്കുന്ന ആളുകളെയാണ് ഡാന്‍സ് പഠിപ്പിച്ചത്.

അതായത് ഡാന്‍സിനെ പറ്റി ഒന്നും അറിയാത്തവരെയാണ് ഞാന്‍ പഠിപ്പിക്കുന്നത്. അപ്പോള്‍ എനിക്ക് ഡാന്‍സ് കളിക്കാന്‍ അറിയാത്ത ഒരാളെ ഡാന്‍സ് കളിപ്പിക്കാന്‍ കഴിവുണ്ട്. അത് സാധിക്കുന്നതാണ്. മമ്മൂക്കയെ കയ്യില്‍ കിട്ടിയാല്‍ ഞാന്‍ ഡാന്‍സ് പഠിപ്പിക്കും,’ സജ്ന നജം പറഞ്ഞു.

2018ല്‍ റിലീസായ മമ്മൂട്ടിയുടെ പരോള്‍ എന്ന സിനിമയില്‍ സജ്‌ന ഡാന്‍സ് കൊറിയോഗ്രാഫി ചെയ്തിരുന്നു. ആ ചിത്രത്തിന്റെ ലൊക്കേഷനിലെ അനുഭവവും അവര്‍ പങ്ക് വെച്ചു.

‘മമ്മൂക്കയുടെ പരോള്‍ സിനിമയില്‍ ഞാന്‍ വര്‍ക്ക് ചെയ്തിരുന്നു. അതില്‍ ജയില്‍ പുള്ളികളായിട്ട് ഉണ്ടായിരുന്നത് കന്നടക്കാരായിരുന്നു. അവരെ ഞാന്‍ ഡാന്‍സ് സ്റ്റെപ്പുകള്‍ പഠിപ്പിക്കുമ്പോള്‍ മമ്മൂക്ക അവിടെയുണ്ടായിരുന്നില്ല.

പഠിപ്പിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ അവരോട് മമ്മൂക്ക വന്നാല്‍ നമുക്ക് രണ്ടാമത് ഒരു ടേക്ക് പോകാതെ ചെയ്യണമെന്ന് പറഞ്ഞു. വീണ്ടും വീണ്ടും എടുക്കേണ്ടി വരരുതെന്നും ചിരിച്ചു കളിക്കണമെന്നൊക്കെ പറഞ്ഞ് നന്നായി മോട്ടിവേറ്റ് ചെയ്തു. അവരെല്ലാവരും അതിന് ഓക്കെ പറഞ്ഞു.

അതിനിടയില്‍ മമ്മൂക്ക പൊസിഷനില്‍ വന്ന് നിന്നു. ഞാന്‍ അത്രയും നേരം അവിടെ ചെയ്തതൊക്കെ ഇക്ക വരുമ്പോള്‍ കണ്ടിരുന്നു. അതായത് ഞാന്‍ അവരെ ഡാന്‍സ് പഠിപ്പിക്കുന്നതും ചാടുന്നതും ബഹളവുമൊക്കെ കണ്ടതാണ്.

ഞാന്‍ ആണെങ്കില്‍ കുറച്ച് ഹെവിയസുമാണല്ലോ. എല്ലാം കഴിഞ്ഞ് ഞാന്‍ മോണിറ്ററില്‍ നോക്കാനായി പോയതും മമ്മൂക്ക പറഞ്ഞത് ‘ഇവള്‍ക്ക് എന്തുമാത്രം എനര്‍ജിയാണുള്ളത്’ എന്നായിരുന്നു. ഞാന്‍ അതിന് മറുപടി പറയാതെ ചിരിച്ചു,’ സജ്‌ന നജാം പറയുന്നു.


Content Highlight: Dance Choreographer Sajna Najam Talks About Mammootty And His Dance

We use cookies to give you the best possible experience. Learn more