കൊച്ചി: മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനം ഏറ്റെടുക്കാതിരിക്കാന്‍ തനിക്കെതിരെ ഗൂഢാലോചന നടന്നതായി അഡ്വ. എം.കെ ദാമോദരന്‍. ഹിന്ദു ദിനപത്രത്തോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ വി.എസ് അച്യുതാനന്ദന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയതിനുശേഷമാണു തനിക്കെതിരെ സംഘടിത ശ്രമമുണ്ടായത്. വിധിയുണ്ടാകുംവരെ നിയമോപദേശകനായി തന്നെ നിയമിച്ചതിനെ ആരും എതിര്‍ത്തിരുന്നില്ല.
എന്നാല്‍ വിധിവന്നു മണിക്കൂറുകള്‍ക്കകം തന്നെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഇതിന് പിന്നില്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. പേര് വ്യക്തമാക്കുന്നില്ലെന്നും ദാമോദരന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി തന്നെ നിയമിച്ച ഉത്തരവിറങ്ങിയത് ജൂണ്‍ ഒമ്പതിനാണ്. അന്ന് ഇക്കാര്യത്തില്‍ ആര്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ലെന്നും ദാമോദരന്‍ പറയുന്നു.
ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിന്റെ കേസില്‍ മൂന്നുവര്‍ഷമായി ഹാജരാകുന്നുണ്ട്. അതില്‍ പുതുമയൊന്നുമില്ല. ഐ.എന്‍.ടി.യു.സി നേതാവ് ചന്ദ്രശേഖരനുവേണ്ടി ഹാജരായതു സര്‍ക്കാര്‍ നിലപാടിനു വിരുദ്ധമാണെന്നു പ്രചാരണമുണ്ടായി.
എന്നാല്‍ സര്‍ക്കാര്‍ നിലപാടിനു വിരുദ്ധമായ നിലപാടല്ല സ്വീകരിച്ചത്. ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നിലപാടിനോടു ചേര്‍ന്നു പോകുന്ന രീതിയില്‍തന്നെയാണ് ഹര്‍ജിയില്‍ ഉന്നയിക്കപ്പെട്ട കാര്യങ്ങളെന്നും ദാമോദരന്‍ പറഞ്ഞു.
സര്‍ക്കാരിനെതിരായ കേസുകളില്‍ ഹാജരായതിന് പിന്നാലെയാണ് എം.കെ ദാമോദരന്‍ വിവാദത്തിലാകുന്നത്. എം.ദാമോദരനെ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവാക്കുന്നതിനെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരുന്നു. ഈ ഹരജി പരിഗണിക്കുന്നതിന് എതാനും മിനുട്ടുകള്‍ക്ക് മുമ്പാണ് മുഖ്യമന്ത്രിയുടെ നിയമോപദേശക സ്ഥാനം താന്‍ ഏറ്റെടുക്കില്ലെന്ന് ദാമോദരന്‍ വ്യക്തമാക്കിയത്.
താന്‍ ഇതുവരെ മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ എന്ന നിയമന ഉത്തരവ് കൈപ്പറ്റിയിട്ടില്ല. ഇക്കാരണത്താല്‍ വിവാദങ്ങളില്‍ അതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ കോടതിയില്‍ നിലപാട് വ്യക്തമാക്കി സര്‍ക്കാരും എത്തി. എം.കെ ദാമോദരന്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനം ഏറ്റെടുക്കില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു.
2016 ജൂണ്‍ ഒമ്പതിനാണ് സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ നിയമോപദേശകനായി എം.കെ ദാമോദരനെ നിയമിച്ച് ഉത്തരവിറക്കിയത്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പദവിയില്‍ പ്രതിഫലം ഇല്ലാതെയായിരുന്നു നിയമനം.