എവിടെയെങ്കിലും ഒരു മുസ്‌ലിം യുവാവും ഹിന്ദു യുവതിയും തമ്മില്‍ അടുപ്പത്തിലാണോ സമ്പര്‍ക്കത്തിലാണോ എന്നു കണ്‍പാര്‍ത്തിരിക്കുകയാണ് ഉത്തരേന്ത്യയിലെ ഹിന്ദുത്വയുടെ ജാഗ്രതാ സംഘങ്ങളുടെ വിപുലമായ അനൗപചാരിക സംഘങ്ങള്‍. നഗരത്തിലോ ഗ്രാമത്തിലോ ചെറുപട്ടണങ്ങളിലോ എവിടെയും ഒരു മുസ്‌ലിം പയ്യനെയും ഹിന്ദു കൗമാരക്കാരിയെയും തമ്മില്‍ ഒരുമിച്ചുകണ്ടാല്‍ ജാഗ്രതാസംഘം തത്സമയം വിവരം അറിയുന്നു.
ഉടന്‍ തന്നെ അവര്‍ വലവിരിക്കുന്നു. തുടര്‍ന്നു കൂടുതല്‍ വിവരങ്ങള്‍ വാട്സ്ആപ്പ് തുടങ്ങി ഇതര സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് ശേഖരിക്കുന്നു. ഹിന്ദു സംസ്‌കാരത്തിന്റെ സ്വയം സിദ്ധ സംരക്ഷക വിഷമണിഞ്ഞുകൊണ്ട് ഇവര്‍ ഈ യുവാക്കളെ തേടിയെത്തുന്നു, ജാഗ്രതാസംഘത്തിന്റെ കൈയില്‍പ്പെടുന്ന ചെറുപ്പക്കാരനെ ആദ്യം ആള്‍ക്കൂട്ടമായി ആക്രമിച്ചും മര്‍ദിച്ചും പരവശനാക്കിയതിനു ശേഷം പൊലീസിനു കൈമാറുന്നു.
പൊലീസിന്റെ അറിവും ഒത്താശയുമില്ലാതെ ഹിന്ദുത്വ ജാഗ്രതാ സംഘങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാവുകയില്ല.
ഇത്തരം ആണ്‍പിറന്നവരുടെ ജാഗ്രതാസംഘങ്ങള്‍ ഉത്തരേന്ത്യയില്‍ മുസ്‌ലിം വിഭാഗത്തിനിടയിലും പ്രവര്‍ത്തിച്ചുവരുന്നു. ‘കാവിക്കെണി’യില്‍ നിന്ന് മുസ്‌ലിം യുവതികളെ രക്ഷിക്കുന്നതിനാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നു മാത്രം.
ഹിന്ദുത്വ ജാഗ്രതാ സംഘത്തിനെ ഭീതിജനകമാക്കുന്നത് സംഘത്തിന്റെ വൈപുല്യവും ആക്രമാസക്തതയും ഭരണകൂട ഏജന്‍സികളുടെ പിന്തുണയുമാണ്. ഇതിനു പുറമെ ഇവര്‍ക്ക് കരുത്തുനല്‍കാന്‍ ലവ് ജിഹാദ് എന്ന മുസ്‌ലിം വിരുദ്ധ അപവാദത്തെ മുന്‍നിര്‍ത്തി ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നടപ്പാക്കിയ മതപരിവര്‍ത്തനത്തെ ശിക്ഷാര്‍ഹമാക്കിക്കൊണ്ടുള്ള നിയമവുമുണ്ട്.
ഹിന്ദുത്വ ജാഗ്രതാ സംഘങ്ങളെക്കുറിച്ച് ദി ഹിന്ദു ദിനപത്രത്തില്‍ (ജൂണ്‍, 3, 2023) പ്രസിദ്ധീകരിച്ച വിശദമായ റിപ്പോര്‍ട്ടില്‍ ഈ വിവരങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്. ഈ സംഘത്തിന്റെ ഇരയായ ഒരു മുസ്‌ലിം യുവാവിനെ കൈ രണ്ടും കെട്ടി പൊലീസ് സ്റ്റേഷനിലേക്ക് കാവിപക്ഷക്കാരനായ ഒരു വരേണ്യ ജാതി എം.എല്‍.എയുടെ നേതൃത്വത്തില്‍ കൊണ്ടുവരുന്ന രംഗമുണ്ട് വെബ്സീരീസായ ‘ദഹാദി’ല്‍.
ആക്രമാസക്തതയും അധികാര പിന്തുണയും അവരെ നിയമാധികാരത്തിനു *(extra legal) പുറത്തുള്ള ശക്തിയാക്കുന്നു എന്നു കാണിച്ചുതരുന്നുണ്ട് ഈ ക്രൈം വെബ് സീരീസ്. ഈ പുതിയ വെബ് സീരീസിന്റെ ആദ്യ സീസണ്‍ ആമസോണ്‍ പ്രൈമിലാണ് കാണാനാവുക. ക്രൈമും രാഷ്ട്രീയവും സാമൂഹികസംഘര്‍ഷങ്ങളും ഇടകലരുന്ന സീരീസുകളായ പാതാള്‍ലോക, താണ്ഢവ് തുടങ്ങിയവ ‘ദഹാദി’ന്റെ സ്രഷ്ടാക്കളെ സ്വാധീനിച്ചിട്ടുണ്ട്.
‘ദഹാദി’ല്‍ മൂന്ന് സമാന്തരമായ ആഖ്യാനങ്ങളിലൂടെയാണ് ജാതിബദ്ധവും സ്ത്രീവിരുദ്ധവും മുസ്‌ലിം വിദ്വേഷജനകവുമായ വംശീയതയുടെ ഇന്ത്യന്‍ (കൃത്യമായി പറഞ്ഞാല്‍ ഉത്തരേന്ത്യ)യാഥാര്‍ത്ഥ്യത്തെ പകര്‍ത്തുന്നത്. പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ‘മിസ്സിങ്’കേസിനെ കേന്ദ്രീകരിച്ചാണ് ആഖ്യാനം വികസിക്കുന്നത്.
രാജസ്ഥാനിലെ ചെറുപട്ടണമായ ‘മാണ്ഡവാ’യിലെ പൊലീസ് സ്റ്റേഷനാണ് മുഖ്യ സ്ഥാനത്തുള്ളത്. സീരീസ് കൂടുതല്‍ സമയം ചെലവഴിക്കുന്നതും സ്റ്റേഷനെ കേന്ദ്രീകരിച്ചു തന്നെയാണ്, ജാതീയതയുടെ ഒരു മിനിയേച്ചര്‍ ഘടന പൊലീസ് സ്റ്റേഷനിലും കാണാം. ജാതീയതയുടെ വിളനിലമായ ഉത്തരേന്ത്യയിലെ പൊലീസ് സ്റ്റേഷന്‍ പുതിയ കാര്യമല്ല.
പക്ഷേ മാണ്ഡവാ പൊലീസ് സ്റ്റേഷന്‍ അല്പമെങ്കിലും വ്യത്യസ്തമാക്കുന്നതിനു കാരണം അഞ്ജലി ഭട്ടി എന്ന പൊലീസ് ഉദ്യോഗസ്ഥയുടെ സജീവ സാന്നിദ്ധ്യം കാരണമാണ്. സോനാക്ഷി സിന്‍ഹയാണ് അഞ്ജലി ഭട്ടിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അഞ്ജലി ഭട്ടി ദളിത് സ്ത്രീയാണ്. ആത്മവിശ്വാസവും തന്റേടത്തോടെ കാര്യങ്ങളില്‍ ഇടപെടുകയും ചെയ്യുന്ന പൊലീസുകാരിയെ അംഗീകരിക്കുക മറ്റുള്ളവര്‍ക്ക് ഇത്തിരി വിഷമകരമായ കാര്യമാണ്.
വാര്‍പ്പ് മാതൃകയിലുള്ള കഥാപാത്രമല്ല ഈ പൊലീസ് ഉദ്യോഗസ്ഥ. അവരെ പിന്തുണയ്ക്കുന്ന ഒരേയൊരാള്‍ സ്റ്റേഷന്‍ ചാര്‍ജുള്ള ഓഫീസറായ ദേവി ലാല്‍ സിങാണ്. ഈ കഥാപാത്രത്തില്‍ വരേണ്യ ജാതി രക്ഷാകര്‍തൃത്വം ആരോപിക്കാമെങ്കിലും ഗുല്‍ഷന്‍ ദേവൈ അവതരിപ്പിച്ച ഈ കഥാപാത്രം അത്തരത്തിലുള്ള വാര്‍പ്പുമാതൃകയെ ഒരു പരിധിവരെയെങ്കിലും ഭേദിക്കുന്നുണ്ട്.
ജാതീയതയും പുരുഷാധിപത്യ സ്വഭാവവും പ്രകടമാക്കുന്ന സൊഹും ഷാ അവതരിപ്പിച്ച പരഗി എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രം വ്യവസ്ഥയുടെ ശ്രേണീഘടനയെ കൃത്യമായി പാലിക്കണമെന്ന് പഠിച്ചുവെച്ചിരിക്കുന്ന ഒരാളാണ്. ഒരുപക്ഷേ, ഓരോ അനുഭവങ്ങളിലൂടെ കടന്നുപോകവെ അന്തഃസംഘര്‍ഷങ്ങളില്‍ അകപ്പെടുന്ന അയാള്‍ അതിനെ അതിജീവിക്കാന്‍ നടത്തുന്ന ശ്രമം അയാള്‍ക്ക് ഒരു സവിശേഷ വ്യക്തിത്വം നല്‍കുന്നതാണ്.
ഇതിലെ കുടുംബ കഥാപാത്രങ്ങള്‍ ഏറെക്കുറെ ‘പാതാള്‍ലോകി’ലെ സമാനസ്വഭാവമുള്ള കഥാപാത്രങ്ങളുമായി സാദൃശ്യം പുലര്‍ത്തുന്നുണ്ട്. താക്കൂര്‍ കുടുംബത്തിലെ രജനി കൂടെ പഠിച്ചിരുന്ന അല്‍ത്താഫുമായി പ്രണയത്തിലാവുകയും അവര്‍ ഒളിച്ചോടുകയുമാണ്. പക്ഷേ അവരെ കണ്ടെത്തുകയും രജനിയെ വീട്ടുകാര്‍ തടങ്കലിലാക്കുകയും അല്‍ത്താഫ് മകളെ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്ന കുറ്റാരോപണം ഉയര്‍ത്തി അയാളെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനോട് ആവശ്യപ്പെടുകയുമാണ്.
തെളിവുകളുടെ അഭാവത്തില്‍ കേസ് ചാര്‍ജ് ചെയ്യാന്‍ വിസമ്മതിക്കുന്നതിനെതിരെ ഉന്നതതലത്തില്‍ നിന്ന് സ്റ്റേഷന്‍ ഓഫീസറുടെ മേല്‍ സമ്മര്‍ദമുണ്ട്. അതിന് കാരണം യുവ മണ്ഡല്‍ എന്ന് പേരിട്ടിരിക്കുന്ന കാവി സംഘടന മുസ്‌ലിം വിദ്വേഷത്തിനുള്ള അവസരമായി ഇതിനെ ഉപയോഗപ്പെടുത്തുന്നു എന്നതാണ്. ഈ സംഭവം നടക്കുമ്പോള്‍തന്നെയാണ് തന്റെ സഹോദരിയെ കാണാനില്ല എന്ന പരാതിയുമായി കൃഷ്ണ ചണ്ഡാല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നത്. ചണ്ഡാലിന്റെ പരാതി പൊലീസ് ഗൗരവത്തില്‍ പരിഗണിക്കുന്നില്ല.
പരാതി പറയാന്‍ വരുന്ന അയാളെ ഉദ്യോഗസ്ഥന്‍ ദൂരെ മാറ്റി നിര്‍ത്തുന്നു. അയാള്‍ പോയതിനു ശേഷം സ്റ്റേഷനില്‍ ചന്ദനത്തിരി കത്തിക്കുകയും ചെയ്യുന്നു. ചന്ദനത്തിരി കത്തിക്കുന്ന രംഗം ആവര്‍ത്തിക്കുന്നുണ്ട്. സഹപ്രവര്‍ത്തകയായ അഞ്ജലി ഭട്ടി വന്നുപോകുമ്പോഴും ഇതേപോലെ ചന്ദനം പുകയ്ക്കുന്നു. മുസ്‌ലിം യുവാക്കള്‍ ഹിന്ദു യുവതികളെ തട്ടിക്കൊണ്ടു പോകുന്നു എന്ന കാവി സംഘടനയുടെ ആരോപണവും പൊലീസിനെതിരായ അവരുടെ ആക്രോശവും ചണ്ഡാലും അവസരമാക്കുന്നു.
അയാളും അവരോടൊപ്പം ചേര്‍ന്ന് തന്റെ സഹോദരിയെ ഒരു മുസ്‌ലിം യുവാവാണ് തട്ടിക്കൊണ്ടുപോയതെന്ന വ്യാജ ആരോപണം ഉന്നയിക്കുന്നു, അതുവരെ ഈ മിസ്സിംഗ് കേസ് കാര്യമായി ഗൗനിക്കാതിരുന്ന പൊലീസിനുമേല്‍ കേസ് വേഗം അന്വേഷിക്കാന്‍ സമ്മര്‍ദമേറുന്നു. അന്വേഷണത്തില്‍ വഴിത്തിരിവാകുന്നത് കാണാതായ യുവതിയുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചു മറ്റൊരു യുവതിയെ വിളിച്ചിരിക്കുന്നു എന്ന സംഭവമാണ്.
ഈ യുവതിയും ‘മിസ്സിങ്ങാ’ണെന്നു മറ്റൊരാള്‍ പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നു. തുടരെ തുടരെയുള്ള അന്വേഷണം ഇരുപത്തിയൊമ്പത് കാണാതായ കേസ്സുകളിലേക്കാണ് നയിക്കുന്നത്. ഇവരില്‍ പലരുടെയും ജഡം മോര്‍ച്ചറികളില്‍ നിന്ന് ലഭിക്കുന്നു. വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണ് എന്ന നിഗമനത്തില്‍ തുടങ്ങി എല്ലാം കൊലപാതകങ്ങളാണെന്നുള്ള കണ്ടെത്തലിലേക്കാണ് എത്തിച്ചേരുന്നത്.
അന്വേഷണത്തില്‍ തെളിയുന്നത് കൊല്ലപ്പെട്ട യുവതികള്‍ എല്ലാവരും തന്നെ താഴ്ന്ന വരുമാനമുള്ള ജാതി ശ്രേണിയിലെ കീഴ്തട്ടില്‍ നിന്നുള്ളവരാണെന്നാണ്.
സ്ത്രീധന തുക നല്‍കാനുള്ള സാമ്പത്തിക പശ്ചാത്തലമില്ലാത്തതിനാല്‍ അവര്‍ അവിവാഹിതരായിരിക്കുകയാണ്. കുടുംബങ്ങള്‍ അവരെ ബാധ്യത പോലെയാണ് കണ്ടിരുന്നത്. അവര്‍ കൊല്ലപ്പെട്ടിരിക്കുന്നു എന്നതില്‍ ദു:ഖമോ ഖേദമോ അവരുടെ കുടുംബങ്ങളില്‍ പലര്‍ക്കുമില്ല.
വിവാഹം കഴിക്കാതെ മാനസിക പ്രതിസന്ധി നേരിടുന്ന യുവതികളെയാണ് സീരിയല്‍ കില്ലര്‍ ലക്ഷ്യം വെയ്ക്കുന്നത്. സീരിയല്‍ കൊലപാതകിയില്‍ നിന്ന് ആകസ്മികമായി രക്ഷപ്പെട്ട ഒരു യുവതിയെ ഇതിനിടയില്‍ അഞ്ജലി ഭട്ടി കണ്ടുപിടിക്കുന്നു. കുപ്രസിദ്ധ സീരിയല്‍ കില്ലര്‍ സയനൈഡ് മോഹനെ ആധാരമാക്കിയാണ് ഇതിലെ വില്ലന്‍ കഥാപാത്രത്തെ സൃഷ്ടിച്ചിട്ടുള്ളത്.
ഈ കൊലപാതകങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ നടക്കവേ തന്നെ സമാന്തരമായി കോളജിലെ ഹിന്ദി സാഹിത്യ വാധ്യാരായ ആനന്ദ് സ്വര്‍ണികര്‍ എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്നു. കവിത പഠിപ്പിക്കുന്ന ഇയാളെ സംസ്‌കാരചിത്തനും പെരുമാറുന്നതില്‍ മാന്യത പുലര്‍ത്തുന്ന വ്യക്തിയുമായിട്ടാണ് ആദ്യം ചിത്രീകരിച്ചിരിക്കുന്നത്.
ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്ന ഒരു സ്ത്രീയോട് പരിചയപ്പെടാന്‍ ശ്രമിക്കുന്ന അയാളുടെ കഥാപാത്രം ഒരു സംശയത്തിനും ഇടനല്‍കില്ല. പൊലീസ് കൊലപാതകിയെ തിരയുമ്പോള്‍ പ്രേക്ഷകര്‍ക്ക് ആരാണെന്നുള്ളത് ആദ്യ എപ്പിസോഡ് കഴിയുമ്പോള്‍ തന്നെ മനസ്സിലാകും. എന്നാല്‍ പൊലീസ് ഇയാളെ തിരഞ്ഞുക്കൊണ്ടിരിക്കുകയുമാണ്.
ഈയൊരു ആഖ്യാനപരമായ വൈരുധ്യം ഏറെ പരിചിതമായ ഒന്നാണ്. അഞ്ജലി ഭട്ടിക്ക് ന്യായമായ സംശയങ്ങളുണ്ടെങ്കിലും വ്യക്തമായ തെളിവുകളുടെ അഭാവത്തില്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കാനും കഴിയുന്നില്ല. സീരിയല്‍ കൊലപാതകിയെ അന്വേഷിക്കുന്ന പൊലീസിന്റെ സമീപന രീതിയോ അല്ലെങ്കില്‍ അവര്‍ തെളിവു കണ്ടെത്താന്‍ ഉപയോഗിക്കുന്ന മാര്‍ഗമോ ഒന്നുമല്ല ദഹാദിനെ വ്യത്യസ്തമാക്കുന്നത്.
സാധാരണമായ ഇതിവൃത്തവും ആഖ്യാന രീതിയും തന്നെയാണ് ഈ സീരീസും പിന്തുടരുന്നത്. ‘പാതാള്‍ ലോക്’ വ്യത്യസ്മായിരുന്നു. അതില്‍ ഏറെക്കുറെ അവസാനം വരെ ഉദ്വേഗം നിലനിര്‍ത്തുന്നുണ്ട്. അത്തരത്തിലുള്ള ഉദ്വേഗ മുഹൂര്‍ത്തങ്ങള്‍ ‘ദഹാദി’ല്‍ ഇല്ല എന്നല്ല. ഉള്ളത് വളരെ ദുര്‍ബലമാണ്.
‘ദഹാദി’ലെ സീരിയല്‍ കൊലപാതകിയുടെ ഇരകളാകുന്നവര്‍ ആചാരാനുഷ്ഠാനങ്ങള്‍ കൊടികുത്തിവാഴുന്ന കുടുംബങ്ങളുടെ ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷത്തില്‍ നിന്ന് എങ്ങനെയെങ്കിലും രക്ഷനേടി പുറത്തുകടക്കാന്‍ ആഗ്രഹിക്കുന്നവരാണ്. പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതപങ്കാളികളുടെ ജീവിതവും ഇതില്‍ ചിത്രീകരിക്കുന്നുണ്ട്.
യാഥാസ്ഥിതികമായ അനുഭവ ലോകമാണ് അവരുടേതെങ്കിലും കുടുംബത്തിനകത്തു സ്വന്തം ഇടം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണവര്‍. ഗുല്‍ഷന്‍ ദേവൈ അവതരിപ്പിച്ചിരിക്കുന്ന ദേവി ലാല്‍ സിങ് എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സൗമ്യശീലമുള്ള കഥാപാത്രമാണ്. അഞ്ജലി ഭട്ടിക്ക് പിന്തുണ നല്‍കുന്നതോടൊപ്പം തന്റെ അധികാരത്തെ അഞ്ജലി ചോദ്യം ചെയ്യുന്നുവെന്നു തോന്നുമ്പോഴെല്ലാം ശകാരിക്കുന്നുണ്ട്.
പൊലീസ് ഉദ്യോഗസ്ഥരെക്കുറിച്ചുള്ള ചില മാതൃകകളെ ഭേദിക്കാന്‍ ഉതകുന്നതാണ് ഈ കഥാപാത്ര നിര്‍മിതി. സോനാക്ഷി സിന്‍ഹ അവതരിപ്പിച്ചിരിക്കുന്ന പൊലീസ് കഥാപാത്രമാണ് വാര്‍പ്പുസ്വഭാവ മാതൃകകളെ ലംഘിക്കുന്നത്. ബുള്ളറ്റില്‍ യാത്ര ചെയ്യുന്നുവെന്നതോ കാമുകനെ കാണാന്‍ രാത്രി പോകുന്നതോ അല്ലെങ്കില്‍ വിവാഹം കഴിക്കാനുള്ള അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങാതിരിക്കുന്നതോ അല്ല ഈ കഥാപാത്രത്തെ വ്യത്യസ്തമാക്കുന്നത്.
ഈ കഥാപാത്രത്തിന്റെ കൂസലില്ലായ്മയെ തന്റേടത്തില്‍ അന്തര്‍ലീനമായ കൂസലില്ലായ്മ എന്നു പറയാം.
അഞ്ജലി ഭട്ടി എന്ന കഥാപാത്രത്തിനെ സവിശേഷമാക്കുന്നത് ഈയൊരു പെരുമാറ്റ രീതിയാണ്. തന്മയത്വത്തോടെ തന്നെ സോനാക്ഷി ഇത് അവതരിപ്പിച്ചിട്ടുണ്ട്. ജാതിശ്രേണിയില്‍ കീഴെയായതിനാല്‍ അവരെ വരേണ്യ ജാതിക്കാര്‍ അന്വേഷണത്തിന്റെ ഭാഗമായിട്ടും വീടിനകത്തേക്ക് പ്രവേശിക്കാന്‍ സമ്മതിക്കുന്നില്ല. ഒട്ടും തന്നെ കൂസലില്ലാതെ അഞ്ജലി ഭട്ടി അവരുടെ മുഖത്തു നോക്കി തന്നെ പറയുന്നു, ജാതി വിവേചനം നിയമപരമായി കുറ്റമാണെന്നും മാത്രമല്ല അന്വേഷണ ഉദ്യോഗസ്ഥയെ തടഞ്ഞാല്‍ പിടിച്ചകത്തിടുമെന്നും.
അതേപോലെ, കൊല്ലപ്പെട്ട യുവതികള്‍ എല്ലാം പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരാണെന്നുള്ള വസ്തുതാപരമായ അവരുടെ നിരീക്ഷണത്തെ ചോദ്യം ചെയ്യുന്നതിനും വളരെ കൂളായി തന്നെ തെളിവ് നിരത്തി അവര്‍ മറുപടി കൊടുക്കുന്നുണ്ട്. സ്ത്രീ എന്ന നിലയില്‍ പൊലീസ് യൂണിഫോമില്‍ അവര്‍ പട്ടണപ്രദേശങ്ങളില്‍ യാത്രചെയ്യുമ്പോള്‍ വഴിയോരങ്ങളില്‍ നിന്ന് ‘മെന്‍സ് അസോസിയേഷന്‍’ തെമ്മാടികള്‍ അവരെ കൂവുന്നു, അങ്ങനെ അപമാനിക്കപ്പെടുമ്പോള്‍ പച്ചയ്ക്ക് തന്നെ അവിടെ വെച്ച് തന്നെ ചുട്ട മറുപടി കൊടുക്കുന്നുമുണ്ട്.
സീരീസിന്റെ ഏറ്റവും അവസാന മുഹൂര്‍ത്തത്തില്‍ അഞ്ജലി ഭട്ടി രജിസ്റ്റര്‍ ഓഫീസില്‍ പോയി തന്റെ ജാതി പേര് ഭട്ടി എന്നതില്‍ നിന്ന് വരേണ്യ ജാതിവാലായ മേഘ്വാള്‍ എന്നാക്കുന്നുണ്ട്. തന്റെ മുന്നോട്ടുള്ള ജീവിതം സാമൂഹിക പ്രതിബന്ധങ്ങള്‍ നിറഞ്ഞതായിരിക്കുമെന്നതിനാല്‍ സ്വന്തം വ്യക്തിത്വം നിലനിര്‍ത്താനാകണം ജാതിയില്‍ അവര്‍ തിരുത്തുവരുത്തുന്നത്.
‘ദഹാദ്’ ക്രൈം സീരീസ് എന്ന നിലയില്‍ പുതിയൊരു അനുഭവമൊന്നും സൃഷ്ടിക്കുന്നില്ല. വിജയിച്ച മാതൃകകള്‍ പിന്തുടരുന്നതേയുള്ളൂ.
എങ്കിലും, പല മറവുകളിലൂടെയും തിരിവുകളിലൂടെയും പോപ്പുലര്‍ സംസ്‌കാരത്തിലേക്ക് ചാലുകീറി അധീശത്വമുറപ്പിച്ചിരിക്കുന്ന ഹിന്ദുത്വ പൊതുബോധത്തെ അതേയിടങ്ങളില്‍ തന്നെ വെല്ലുവിളിയുയര്‍ത്തുന്നു, ജാതീയതയെയും വംശശുദ്ധിയെയും മുന്‍നിര്‍ത്തിയ സ്ത്രീവിരുദ്ധമായ ആക്രമോല്‍സുകത അടക്കിവാഴുന്ന സമകാലികമായ സാമൂഹിക ജീവിതത്തിന്റെ പ്രതിപാദനത്തിലൂടെ ‘ദഹാദ്’ പോലുള്ള ക്രൈം സീരീസുകള്‍.
ദഹാദ് ലെഫ്റ്റ് ലിബറല്‍ ഹിന്ദുവിരുദ്ധമായ ആഖ്യാനമാണെന്നുള്ള വാദം വലതുപക്ഷ വീക്ഷണം പുലര്‍ത്തുന്നവര്‍ സീരീസിനെ റിവ്യൂ ചെയ്തുകൊണ്ട് ഉന്നയിച്ചിട്ടുണ്ട്. ഹിന്ദുത്വ സംഘടനകള്‍ക്കെതിരെ അപഖ്യാതി പരത്താനാണ് ഇത്തരം സീരീസുകള്‍ നിര്‍മിക്കുന്നത് എന്നാണ് അവര്‍ ഉയര്‍ത്തുന്ന വാദം.
ഹിന്ദുജാഗ്രതാ സംഘത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ വെറും അപഖ്യാതിയാണെങ്കില്‍ ബി.ജെ.പിയുടെ ഭോപ്പാല്‍ പാര്‍ലമെന്റ് അംഗവും മുമ്പ് തീവ്രവാദകേസില്‍ കുറ്റാരോപിതയുമായ പ്രഗ്യാ സിങിന്റെ നടപടിയെ എങ്ങനെ കാണണം.
മുസ്‌ലിം യുവാവുമായുള്ള പ്രണയത്തില്‍ നിന്ന് ഒരു ഹിന്ദു യുവതിയെ ‘രക്ഷിക്കാനാണ്’ പ്രഗ്യാ സിങ് ‘കേരള സ്റ്റോറി’ കാണിക്കാന്‍ യുവതിയെ കൊണ്ടുപോയത്. സിനിമ മുഴുവനും അവര്‍ ഇരുന്നു കണ്ടുവത്രെ. പക്ഷേ മുസ്‌ലിം യുവാവിന്റെ കൂടെ ജീവിക്കാനുള്ള തീരുമാനത്തില്‍ യുവതി മാറ്റമൊന്നും വരുത്തിയില്ല. യുവതി ആ ചെറുപ്പക്കാരന്റെ കൂടെ ഇറങ്ങിപ്പോയി.
ക്രൈം സീരീസ് എന്ന നിലയില്‍ അടിവരയിടുന്നത് കുറ്റകൃത്യത്തിന്റെ അഭിവാജ്യ ഘടകമാണ് ജാതി എന്നതാണ്.
ഒരു വരേണ്യ ജാതിയില്‍പ്പെടുന്ന സ്ത്രീയെ കാണാതായാല്‍ അന്വേഷിക്കാനായി പൊലീസ് കാണിക്കുന്ന ഉത്സാഹം ഒരു വേള കീഴാള സമൂഹത്തിലെ സ്ത്രീയെ കാണാതായാല്‍ കാണിക്കണമെന്നില്ല. ശ്രേണീകൃത സമൂഹത്തില്‍ ജാതീയത ആഴത്തില്‍ വേരൂന്നിയതാണ്. അത് എല്ലാ സ്ഥാപനങ്ങളിലൂടെയും നിലനില്‍ക്കുന്നു.
പുരുഷമേധാവിത്വമാണ് മറ്റൊരു പടര്‍ന്നുനില്‍ക്കുന്ന അധികാരം. ജാതീബദ്ധവും പുരുഷാധിപത്യപരവുമായ വ്യവസ്ഥയുടെ ഗൂഢസന്ധികള്‍ക്കെതിരെ പോരാടുന്ന ദളിത് പൊലീസ് ഉദ്യോഗസ്ഥ പ്രചോദനാത്മകം തന്നെയാണ്. പ്രത്യേകിച്ച്, ഹിന്ദുത്വജാഗ്രതാ സംഘങ്ങളും ബലാത്സംഗാരോപിതരായ രാഷ്ട്രീയമല്ലന്മാരും നിയമം സ്വയം കൈയിലെടുത്തുകൊണ്ട് ഭീതിയും പരിഭ്രാന്തിയും പരത്തുന്ന വര്‍ത്തമാനകാലത്തില്‍.
(കടപ്പാട്- ചന്ദ്രിക ആഴ്ചപ്പതിപ്പ്)
content highlights: Damodar prasad writes about Dahaad web series