| Monday, 31st December 2018, 12:11 pm

കേരളത്തിലെ തീവ്ര സലഫിസവും ഐ.എസ്.ഐ.എസ് ബന്ധവും; ഐ.എസില്‍ നിന്നുള്ള മലയാളിയുടെ ശബ്ദ സന്ദേശം വെളിപ്പെടുത്തുന്നതെന്ത്

മുഹമ്മദ് ഫാസില്‍

കോഴിക്കോട്: കേരളത്തില്‍ നിന്നും 21 ആളുകള്‍ ഐ.എസ്.ഐ.എസിലേക്ക് പോയെന്നെ വാര്‍ത്തകള്‍ വന്നിട്ട് മൂന്ന് വര്‍ഷം തികയുന്നതിന് മുമ്പ് കേരളത്തില്‍ ഐ.എസിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും ചൂടു പിടിക്കുകയാണ്. ഐ.എസ്.ഐ.എസ് റിക്രൂട്ട്‌മെന്റ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഹബീബ് റഹ്മാന്‍ എന്ന 25കാരനെ എന്‍.ഐ.എ കഴിഞ്ഞ ദിവസം റിമാന്റ് ചെയ്തിരുന്നു.

ഇതിന് സമാന്തരമായിട്ടായിരുന്നു ഐ.എസ് സ്വാധീന മേഖലയില്‍ ആണെന്നു കരുതുന്ന കേരളത്തിലെ അബ്ദുള്‍ റാഷിദ് അബ്ദുള്ള എന്നയാള്‍ തന്റെ മുജാഹിദ് ബന്ധങ്ങള്‍ തുറന്ന് പറഞ്ഞ് ശബ്ദരേഖ പുറത്തു വിടുന്നത്. ഐ.എസിലേക്ക് തന്നെ നയിച്ചത് കേരളത്തിലെ തീവ്ര സലഫി ചിന്താധാരകളുമായുള്ള അടുപ്പമാണെന്നാണ് ഇയാള്‍ തന്റെ ഓഡിയോ ക്ലിപ്പില്‍ അവകാശപ്പെടുന്നത്. കാസര്‍കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍നിന്ന് ഐ.എസ് ക്യാംപിലെത്തിയെന്ന് കരുതപ്പെടുന്ന മലയാളികളെല്ലാം ഇത്തരത്തില്‍ മുജാഹിദ് വിഭാഗം ആശയത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പാലായനം ചെയ്ത് ഐ.എസില്‍ എത്തിയവരാണെന്നും ഇയാള്‍ പറയുന്നു.

ഐ.എസ് ആശയങ്ങളെ കേരളത്തിലെ സലഫി ബുദ്ധിജീവകള്‍ തള്ളിപ്പറയുന്ന സാഹചര്യത്തിലും അവരെ പ്രതിസന്ധിയിലാക്കുന്നതാണ് റാഷിദിന്റേതെന്നു പറയുന്നു ശബ്ദ സന്ദേശം.

കേരളത്തിലെ ഐ.എസിന്റെ ബേസ് ദമ്മാജ് സലഫിസമാണെന്ന ഊഹാപോഹങ്ങളും ചര്‍ച്ചകളും ശരിവെക്കുകയാണ് പുതിയ ശബ്ദ രേഖ എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടര്‍ എം.പി.പ്രശാന്ത് ഡൂള്‍ ന്യൂസിനോട് പറഞ്ഞു. “കേരളത്തിലെ പരമ്പരാഗത സൂഫി, സുന്നി ചിന്താധാരകളില്‍ പെട്ട മുസ്‌ലിം വിശ്വാസികള്‍ ഹൈന്ദവ ആചാരങ്ങളും സംസ്‌കാരങ്ങളും പിന്തുടരുന്നത് ചൂണ്ടിക്കാട്ടിയാണ് കേരളത്തില്‍ മുജാഹിദ് സംഘടനകള്‍ രൂപപ്പെടുന്നത്. നവോത്ഥാനവും, അനിസ്‌ലാമിക കര്‍മ്മശാസ്ത്രങ്ങളില്‍ നിന്നും ഇസ്‌ലാമിനെ തിരിച്ചു പിടിക്കുക എന്നതുമായിരുന്നു ഇതിന്റെ ഉദ്ദേശ്യം. 1980 മുതല്‍ കേരളത്തിലുണ്ടായ ഗള്‍ഫ് സ്വാധീനം സംസ്ഥാനത്ത് പരമ്പരാഗത രീതിയില്‍ തുടര്‍ന്നു പോന്ന ഇസ്‌ലാം മത വിശ്വാസത്തില്‍ നിന്നും മാറിച്ചിന്തിക്കുന്നതിന് കാരണമായി.

“പിന്നീട് 2002ല്‍ നജ് വത്തുല്‍ മുജാഹിദീനില്‍ പിളര്‍പ്പുണ്ടായി. മുജാഹിദ് സംഘടനകളില്‍ തുടര്‍ന്നും പിളര്‍പ്പുകളുണ്ടാവുകയും കേരളത്തില്‍ അഞ്ചോളം വഹാബി സംഘടനകള്‍ രൂപപ്പെടുകയും ചെയ്തു. ഇതിലൊന്നാണ് ദമ്മാജ് സലഫികള്‍. അതിനിടയ്ക്കാണ് കേരളത്തില്‍ നിന്നും ആളുകള്‍ ഐ.എസിലേക്ക് പോകുന്ന വാര്‍ത്തകളുണ്ടാവുന്നത്. എന്നാല്‍ കേരളത്തിലെ സുന്നി സംഘടനകളും മുജാഹിദ് സംഘടകളും ഐ.എസ് സ്വാധീനത്തിന്റെ വേര് പരസപരം ആരോപിക്കുകയുണ്ടായി. സലഫികളാണ് ഇത്തരം ആശയ പ്രചരണങ്ങള്‍ക്ക് പിന്നിലെന്ന് സുന്നികളും എന്നാല്‍ സൂഫി ചിന്താധാരയാണ് കേരളത്തില്‍ ഐ.എസിനെ വേരുറപ്പിക്കുന്നതെന്ന് മുജാഹിദ് സംഘടനകളും പരസ്പരം ക്യാമ്പയ്‌ന് നടത്തുകയുണ്ടായി. ഇതെല്ലാം കേരളം ചര്‍ച്ച ചെയ്ത കാര്യങ്ങളാണ്”- പ്രശാന്ത് പറഞ്ഞു.

“എന്നാല്‍ കേരളത്തില്‍ നിന്നും ഐ.എസില്‍ പോയവരുടെ സലഫി ബന്ധം ശരിവെക്കുന്നതാണ് പുതിയ ശബ്ദ സന്ദേശം. ദമ്മാജ് സലഫിസമാണ് കേരളത്തിലെ ഐ.എസിന്റെ ബേസ് എന്നാണ് ഈ ശബ്ദം സന്ദേശം സൂചിപ്പിക്കുന്നത്”- അദ്ദേഹം പറഞ്ഞു.

കേരളത്തിലെ പ്രമുഖ സലഫി നേതാവായ കെ.കെ സകരിയ സലാഹിയുടെ “ഐ.എസ് തീവ്രവാദികളുടെ വിതണ്ഡ വാദങ്ങള്‍, ഒരു പൊളിച്ചെഴുത്ത്”എന്ന പുസ്തകത്തിനുള്ള മറുപടിയാണ് അബ്ദുള്‍ റാഷിദ് അബ്ദുള്ളയുടെ ശബ്ദ സന്ദേശം.

ഐ.എസുമായുള്ള സലഫി ബന്ധങ്ങളെ തള്ളിക്കളയുന്നതായിരുന്നു അദ്ദേഹത്തിന്റെ പുസ്തകം. ഐ.എസിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഇസ്‌ലാമിക വിരുദ്ധരാണെന്നാണ് പുസ്തകം അവകാശപ്പെടുന്നത്. എന്നാല്‍ ഇ.കെ, എ.പി സുന്നി കുടുംബങ്ങളില്‍ ആയിരുന്നെങ്കില്‍ താന്‍ ഐ.എസില്‍ എത്തുമായിരുന്നില്ലെന്നും മുജാഹിദ് സംഘടനകളുമായി പ്രവര്‍ത്തിച്ചതിനാലാണ് ഐ.എസില്‍ എത്താന്‍ സാധിച്ചതെന്നുമാണ് റാഷിദിന്റെ വെളിപ്പെടുത്തല്‍.

അതേസമയം, റാഷിദിന്റെ പുതിയ വാദങ്ങള്‍ക്കുള്ള മറുപടിയും തന്റെ പുസ്തകത്തില്‍ തന്നെയുണ്ടെന്ന് എന്നു മാത്രമായിരുന്നു സകരിയ സലാഹി ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്.

2016ല്‍ മാത്രമായി കാസര്‍ഗോഡ്, കണ്ണൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നും ആറു സ്ത്രീകളും മൂന്നു കുട്ടികളുമടക്കം 21 പേരെയാണ് കാണാതായതെന്നായിരുന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്. പിന്നീട് പുറത്തു വന്നത് അഫ്ഗാന്‍ നമ്പറില്‍ നിന്നും ഇവരുടെ ശബ്ദരേഖയായിരുന്നു. ഞങ്ങള്‍ ലക്ഷ്യ സ്ഥാത്തെത്തി. പൊലീസില്‍ പരാതി നല്‍കിയിട്ട് കാര്യമില്ല. അല്ലാഹുവിന്റെ സന്നിധിയില്‍ നിന്ന് മടങ്ങി വരാന്‍ ഞങ്ങള്‍ക്ക് ഉദ്ദേശമില്ല എന്ന ശബ്ദ സന്ദേശമായിരുന്നു വീട്ടുകാര്‍ക്ക് ലഭിച്ചത്.

ഈ സംഘത്തില്‍ പെട്ട മിക്കവരും തീവ്ര മത ചിന്ത ഇല്ലാതിരുന്നവരും, വിദ്യാസമ്പന്നരും ആയിരുന്നുവെന്ന് അവരുടെ ബന്ധുക്കളെ സാക്ഷ്യപ്പെടുത്തി റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഘത്തില്‍ പെട്ട ഹഫീസുദ്ദീന്‍ ടി.കെ സമപ്രായക്കാരെ പോലെ പ്രത്യേകിച്ച് മത ചിന്തയൊന്നും ഇല്ലാതിരുന്ന വ്യക്തിയായിരുന്നുവെന്ന് ദി ഹിന്ദു പത്രം ഇന്റര്‍നാഷണല്‍ അഫയേഴ്‌സ് എഡിറ്റര്‍ സ്റ്റാന്‍ലി ജോണിയുടെ “ഐസിസ് ഖാലിഫേറ്റ്” എന്ന പുസ്തകത്തില്‍ ഹഫീസിന്റെ പിതാവ് അബ്ദുല്‍ ഹക്കീം പറയുന്നു.

സംഗീതവും സിനിമകളും ഇഷ്ടപ്പെട്ടിരുന്ന ഹഫീസുദ്ദീന്റെ മാറ്റം രണ്ടു വര്‍ഷം കൊണ്ടുണ്ടായതാണെന്നും പിതാവ് സാക്ഷ്യപ്പെടുത്തുന്നു. ദുബായിലെത്തിയ ഹഫീസുദ്ദീന്‍ അവിടത്തെ അനിസ്‌ലാമിക അന്തരീക്ഷം ചൂണ്ടിക്കാട്ടി നാട്ടില്‍ തിരിച്ചെത്തുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ശേഷം വീട്ടിലെത്തിയ ഹഫീസുദ്ദീന്‍ ടി.വി ക്യാബിള്‍ വിച്ഛേദിക്കുകയും ലോണെടുത്ത് വാങ്ങിയ കാര്‍ ഉപയോഗിക്കാതിരിക്കുകയും ചെയ്യുകയും കോഴിക്കോട് ഖുര്‍ആന്‍ പഠനത്തിനെന്നു പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങുകയായിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് താന്‍ ശ്രീലങ്കയിലേക്ക് പോവുകയാണെന്നും ഹഫീസുദ്ദീന്‍ കുടുംബത്തിനെ അറിയിച്ചു. പിന്നീട് ജൂലായ് ആറിന് താനും സുഹൃത്തുക്കളും സ്വര്‍ഗ്ഗത്തിലെത്തി എന്ന സന്ദേശമാണ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്നും ഹക്കീം പുസ്തകത്തില്‍ പറയുന്നു.

എന്നാല്‍ അബ്ദുള്‍ റാഷിദടക്കം ഐ.എസിലേക്ക് പോയെന്ന് പറയപ്പെടുന്നവര്‍ വിവിധ കാലങ്ങളിലായി പല സംഘടനകളിലും പ്രവര്‍ച്ചിരുന്നവരാണെങ്കിലും അവസാനം ഇവരെല്ലാം സലഫി ഗ്രൂപ്പുകളുടെ സ്വാധീനത്തിലായിരുന്നുവെന്ന് ഇസ്‌ലാമിക ചരിത്ര ഗവേഷകനും കേരള സര്‍വകലാശാല അധ്യാപകനുമായ അഷ്‌റഫ്.എ കടക്കല്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു. റാഷിദിന്റെ പുതിയ ശബ്ദരേഖ സലഫികള്‍ക്കിടയിലെ ആഭ്യന്തര രാഷ്ട്രീയപ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു. “സലഫി ചിന്താധാരകളില്‍ നിന്നുള്ളവരാണ് കേരളത്തില്‍ നിന്നും പാലായനം നടത്തിയതെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കെ തന്നെ അതിനെ മറികടക്കാന്‍ സലഫികള്‍ വ്യാപകമായി ഐ.എസിനേയും, ഐ.എസ് ആശയങ്ങളില്‍ ആകൃഷ്ടരായവരേയും തള്ളിപ്പറഞ്ഞു കൊണ്ട് വ്യാപക ക്യാമ്പയ്ന്‍ നടത്തുകയുണ്ടായി. ഇങ്ങനെ പോയവരുടെ സലഫി ബന്ധം പുറത്തു കൊണ്ടു വന്നവരെ മത വിരുദ്ധരായും, ശിയാക്കളായും ചിത്രീകരിച്ച് സലഫികള്‍ ക്യാമ്പയ്ന്‍ നടത്തുകയുണ്ടായി”.

“എന്നാല്‍ തങ്ങളുടെ സലഫി സത്വത്തെ തള്ളിപ്പറഞ്ഞു കൊണ്ട് ക്യാമ്പയ്ന്‍ നടത്തുന്ന സകരിയാ സ്വലാഹി അടക്കമുള്ളവരെ ചോദ്യം ചെയ്തു കൊണ്ടാണ് പുതിയ ശബ്ദരേഖ റാഷിദ് പുറത്തു വിടുന്നത്. ഐ.എസിന്റെ ആശയങ്ങള്‍ ഏറ്റവും അടുത്തു നില്‍ക്കുന്നത് സലഫി ചിന്താധാരകളില്‍ നിന്നാണെന്ന് നമുക്ക് കാണാം. കേരളത്തില്‍ പരിശോധിച്ചാല്‍ മനസ്സിലാകും, സംഗീതം, കല, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, ഇതര മതസ്ഥരുമായുള്ള സൗഹൃദം എന്നിവയ്‌ക്കെതിരെ നിലപാടെടുത്തവരാണ് സലഫികള്‍. ആ സലഫി പണ്ഡിതന്മാര്‍ എന്തിനു തങ്ങളെ വിമര്‍ശിക്കണം എന്നതിന്റെ കൗണ്ടര്‍ ആയിട്ടാണ് റാഷിദിന്റെ ശബ്ദരേഖ പുറത്തു വരുന്നത്. അതിന്റെ പൊളിറ്റിക്‌സ് ഇതാണ്” അഷ്‌റഫ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

“ഐ.എസിനെ എതിര്‍ക്കുമ്പോഴും കേരളത്തിലെ സലഫി പണ്ഡിതരുടെ പ്രസംഗങ്ങളും ആശയങ്ങളും ഐ.എസിലേക്ക് പോകുന്നവരെ സ്വാധീനിച്ചിട്ടുണ്ട് എന്ന് നിഷേധിക്കാന്‍ കഴിയാത്ത സംഗതിയാണ്. ഇതാണ് കേരളത്തിലെ സലഫികള്‍ നേരിടുന്ന പ്രതിസന്ധി”- അദ്ദേഹം പറയുന്നു.

എന്നാല്‍ കേരളത്തിലെ ഐ.എസ് സ്വാധീനത്തിനെതിരെയുള്ള എന്‍.ഐ.എയുടെ നടപടി ആശ്ചര്യപ്പെടുത്തുന്നതാണെന്ന് അഷ്‌റഫ് പറയുന്നു. “ഇതില്‍ ശ്രദ്ധേയമായ കാര്യം എന്‍.ഐ.എയുടെ ഉദാസീനതയാണ്. ആളുകള്‍ പോകുന്നത് ഐ.എസിലേക്കാണോ, ആരൊക്കെ മരണപ്പെട്ടു എന്നൊക്കെ സ്ഥിരീകരിക്കേണ്ടത് എന്‍.ഐ.എ ആണ്. എന്നാല്‍ അവര്‍ എല്ലാത്തിനും ആശ്രയിക്കുന്നത് റാഷിദിന്റെ ശബ്ദരേഖകളാണ്. കേരളത്തില്‍ നിന്നെത്തിയ നാലു പേര്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു എന്ന് പറയുന്നത് റാഷിദ് ആണ്. ഉടനെ എന്‍.ഐ.എ പറയുന്നു തങ്ങള്‍ അത് സ്ഥിരീകരിച്ചെന്ന്. ഈ റാഷിദിന്റെ തന്നെ 90 മുതല്‍ 95 വരെ ശബ്ദ സന്ദേശങ്ങള്‍ ഇതു വരെ പുറത്തു വന്നിട്ടുണ്ട്”.

“കേരളത്തില്‍ നിന്നും ഐ.എസിലേക്ക് പോയവരുടെ കാര്യമെടുത്താല്‍ എന്‍.ഐ.എയുടെ കാര്യപ്രാപ്തിയില്ലായ്മ വ്യക്തമാകും. റാഷിദിന്റെ തന്നെ ശബ്ദ സന്ദേശങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ആളുകള്‍ ഇപ്പോഴും ഐ.എസിനോട് പ്രതിബദ്ധത പുലര്‍ത്തുന്നുണ്ടെങ്കില്‍, അത് ചെറിയ കൂട്ടമാണെങ്കില്‍ പോലും എന്തു കൊണ്ട് പ്രതിരോധിക്കാന്‍ എന്‍.ഐ.എയ്ക്ക് കഴിയുന്നില്ല. ഒന്നുകില്‍ ഇതൊരു ഭീഷണിയല്ല എന്ന് അവര്‍ കരുതിക്കാണണം. അല്ലെങ്കില്‍ രാഷ്ട്രീയ നേട്ടത്തിനായി എന്‍.ഐ.എയുടെ മേല്‍ ഇക്കാര്യത്തില്‍ സമ്മര്‍ദം വരുന്നു എന്നു വേണം കരുതാന്‍. ഇങ്ങനെയുള്ള വാര്‍ത്ത സൃഷ്ടിക്കപ്പെട്ടാലുള്ള നേട്ടം, അതായത് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച് കേരളത്തില്‍ തീവ്ര മതവാദം ഉയരുന്നുണ്ടെന്ന പ്രതീതി ആര്‍ക്കാണെന്ന് നേട്ടമുണ്ടാക്കുന്നതെന്ന് നോക്കണം”.

“ആര്‍ക്കു വേണമെങ്കിലും അബ്ദുള്‍ റാഷിദിനെ വിളിക്കാനും സന്ദേശങ്ങള്‍ കൈമാറാനും ഉള്ള സൗകര്യങ്ങള്‍ ഇപ്പോഴുണ്ട്. ഇങ്ങനെ റാഷിദിനെ ബന്ധപ്പെടുന്നവരെ കണ്ടെത്താനും അവരെ മോണിറ്റര്‍ ചെയ്യാനും അവരെ ഇത്തരം യാത്രകളില്‍ നിന്ന് തടയാന്‍ എന്‍.ഐ.എയെ പോലുള്ള ഒരു ഏജന്‍സിക്ക് കഴിയേണ്ടതുണ്ട്. ഇത്രയും വര്‍ഷമായിട്ടും അയാളുടെ വ്യക്തമായ ഒരു ചിത്രം പുറത്തു വിടാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല”.

“മാധ്യമങ്ങളില്‍ വരുന്നതിനപ്പുറം ഇവര്‍ക്കൊന്നുമറിയില്ലെന്ന് വേണം കരുതാന്‍. തിരുവന്തപുരത്തു നിന്നും കാണാതായ നിമിഷാ ഫാത്തിമയുടെ അമ്മ ബിന്ദുവിനെ എനിക്കറിയാം. അവര്‍ ദല്‍ഹിയില്‍ പോയി റോ ഉദ്യോഗസ്ഥരേയും, എന്‍.ഐ.എ മേധാവിയേയും, ആഭ്യന്തരമന്ത്രിയേയും കണ്ടു. അവര്‍ക്കെങ്കിലും വ്യക്തമായ ഒരു ഉത്തരം നല്‍കാന്‍ എന്‍.ഐ.എ പോലുള്ള അന്വഷണ ഏജന്‍സിക്ക് കഴിയേണ്ടതല്ലെ. നിമിഷ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നു പോലും അവര്‍ക്ക് കൃത്യമായി മറുപടി പറയാന്‍ കഴിയുന്നില്ല”

“അഫ്ഘാനിസ്ഥാനുമായും മറ്റും നല്ല ബന്ധം വെച്ചു പുലര്‍ത്തുന്ന ഇന്ത്യ പോലുള്ള ഒരു രാജ്യത്തിന് ഇത് എളുപ്പം പരിഹരിക്കാന്‍ കഴിയേണ്ടതാണ്”- അഷ്‌റഫ് പറഞ്ഞു.

അതേസമയം, സലഫി ചിന്താധാരയെ ഐ.എസുമായി ബന്ധപ്പെടുത്തുന്നത് കൃത്യമായ ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്ന് കേരളാ നജ്‌വതുല്‍ മുജാഹിദീന്‍ പ്രസിഡന്റ് ടി.പി അബ്ദുള്ള കോയ മദനി ഡൂള്‍ന്യൂസിനോട് പറഞ്ഞു.

“സലഫി ചിന്താധാര കേരളത്തില്‍ കൊണ്ടുവന്നത് നവോത്ഥാനമാണ്. സലഫിസം എന്ന ആശയം എന്തെന്ന് ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരാണ് റാഷിദിനെ പോലുള്ളവര്‍. അവര്‍ സലഫിസത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഐ.എസില്‍ പോയതെന്നും സലഫിസം ഐ.എസിന് അടിത്തറ പാകുന്നു എന്ന ചര്‍ച്ചകളെല്ലാം കൃത്യമായ ഗൂഢാലോചനയുടെ ഭാഗമാണ്”.

“സലഫിസത്തെ തെറ്റായി വ്യാഖ്യാനം ചെയ്യുന്നതു കൊണ്ടൊന്നുമല്ല ആളുകള്‍ ഐ.എസിലേക്ക് പോകുന്നത്, സലഫിസത്തിനെതിരായി കൃത്യമായ അജണ്ടയുള്ളതു കൊണ്ടാണ്”- അദ്ദേഹം പറഞ്ഞു.

“കെ.എന്‍.എമിന്റെ ആശയങ്ങളും ചിന്താധാരകളെക്കുറിച്ച് മാത്രമാണ് എനിക്ക് വിശദീകരിക്കാന്‍ കഴിയൂ. ദമ്മാജ് സലഫിസവും അതിന്റെ പ്രവര്‍ത്തനങ്ങളുമായി കേരള നജ്‌വത്തുല്‍ മുജാഹിദീന് യാതൊരു ബന്ധവുമില്ല. ഇത്തരം ഗൂഢാലോചനകള്‍ നേരിടേണ്ടി വന്നത് മതങ്ങള്‍ക്ക് മാത്രമല്ല, ഭൗതീക പ്രസ്താനങ്ങളില്‍ നിന്നും തീവ്രവാദ ചിന്തകള്‍ ഉടലെടുക്കുന്നില്ലെ. അത് ആശയങ്ങളെ മനപ്പൂര്‍വം വികലമാക്കാനുള്ള ഗൂഢാലോചനകളുടെ ഫലമായിട്ടാണ്”- അദ്ദേഹം പറഞ്ഞു.

പാപ്പിനിശ്ശേരിയിലും കണ്ണൂരിലും കോഴിക്കോട്ടും നടന്ന മുജാഹിദ് സംഘടനാ ക്ലാസുകളില്‍ ജിഹാദ്, ഹിജ്റ തുടങ്ങിയ കാര്യങ്ങള്‍ പഠിപ്പിക്കാറുണ്ടെന്നും സുന്നികള്‍ ഇത്തരം കാര്യങ്ങള്‍ പഠിപ്പിക്കുന്നില്ലെന്നും അവര്‍ പരമ്പരാഗത വിശ്വാസവുമായി മുന്നോട്ടുപോകുന്നവരാണെന്നും ഐ.എസിന് ഗുണം ചെയ്യുന്നത് സലഫി വിഭാഗങ്ങളുടെ പ്രവര്‍ത്തനമാണെന്നും ശബ്ദരേഖയില്‍ പറയുന്നുണ്ട്.

“ഇവരാണ്(ദമ്മാജ് സലഫികള്‍) ഏറ്റവും കൂടുതല്‍ ഹദീസുകള്‍ പ്രാക്ടീസ് ചെയ്യുന്നത്. ഇവര്‍ ജിഹാദിന്റെയും ഹിജ്റയുടെയും ഹദീസുകള്‍ പഠിപ്പിക്കുന്നുണ്ട്. ഇവരുടെ പല ക്ലാസുകളും അറ്റന്‍ഡ് ചെയ്തിട്ടുണ്ട്. പക്ഷേ ഐ.എസിന്റെയും ഖിലാഫത്തിന്റെയും കാര്യത്തില്‍ പേടി കൊണ്ടോ നിഫാക്ക് കൊണ്ടോ അവര്‍ ഐ.എസ് ചെയ്യുന്നത് തെറ്റാണെന്ന് പറയുന്നു.അതെന്താന്ന് അവര്‍ക്ക് മറുപടിയില്ല. അല്‍ഹംദുലില്ല ഇസ്ലാമിലേക്ക് വന്ന് പിന്നെ സ്റ്റെപ്പ് സ്റ്റെപ്പായി ആദ്യം മടവൂരിയായിരിക്കും പിന്നെ കെ.എന്‍.എമ്മും വിസ്ഡവും പിന്നീട് കുറച്ചുകൂടി സത്യം മനസ്സിലാവുമ്പോള്‍ ദമ്മാജും പിന്നെ ഐ.എസിലേക്കും വരും. കാസര്‍കോഡ് നിന്ന് ഹിജ്റ ചെയ്ത് വന്നവരും ഇതുപോലാണ് വന്നത്. കണ്ണൂരിന്നും മലപ്പുറത്ത് നിന്നു വന്നവരും ഇങ്ങനെ തന്നെ. എവിടെ നിന്നു വന്നവരും ഇതു പോലെ തന്നെ. അല്ലാഹു തിരഞ്ഞെടുത്ത വഴിയാണിത്”- റാഷിദ് തന്റെ സന്ദേശത്തില്‍ പറയുന്നു.

ഇടക്കിടെ ശബ്ദസന്ദേശങ്ങളിലൂടെ പ്രതികരിക്കുന്ന അബ്ദുല്‍ റാഷിദ് അബ്ദുല്ലയുടെ പുതിയ സന്ദേശത്തിന് 20 മിനുട്ട് ദൈര്‍ഘ്യമുണ്ട്. ഐ.എസിലെത്തിയ മലയാളികളെല്ലാം ദമ്മാജ് സലഫി ചിന്താഗതി പുലര്‍ത്തുന്നവരാണെന്നും അഫ്ഗാനിസ്ഥാനില്‍ തന്നോടൊപ്പമെത്തിയ മലയാളികള്‍ എല്ലാവരും കേരളത്തിലെ സലഫി, മുജാഹിദ് മത പഠന ക്ലാസുകളില്‍ പങ്കെടുത്തവരാണെന്നുള്ള സ്ഥിരീകരണമാണം സലഫികളെ വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

മുഹമ്മദ് ഫാസില്‍

ഡൂള്‍ന്യൂസ് സബ്എഡിറ്റര്‍, തമിഴ്‌നാട് കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more