പി.കൃഷ്ണപിള്ളയുടെ സ്മാരകം നശിപ്പിച്ച സംഭവം; മൊഴിമാറ്റാന്‍ പാര്‍ട്ടി നിര്‍ബന്ധിച്ചെന്ന് വെളിപ്പെടുത്തിയ നേതാവിനെ സി.പി.ഐ.എം പുറത്താക്കി
Kerala News
പി.കൃഷ്ണപിള്ളയുടെ സ്മാരകം നശിപ്പിച്ച സംഭവം; മൊഴിമാറ്റാന്‍ പാര്‍ട്ടി നിര്‍ബന്ധിച്ചെന്ന് വെളിപ്പെടുത്തിയ നേതാവിനെ സി.പി.ഐ.എം പുറത്താക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th May 2019, 10:04 am

ആലപ്പുഴ: പി.കൃഷ്ണപിള്ള സ്മാരകം തീവെച്ചതുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിച്ച സി.പി.ഐ.എം ബ്രാഞ്ച് കമ്മറ്റിയംഗത്തിനെ പാര്‍ട്ടി പുറത്താക്കി. കണ്ണര്‍കാട് ബ്രാഞ്ച് കമ്മറ്റിയംഗമായ ഷിബു ചെല്ലിക്കണ്ടത്തലിനെയാണ് കഞ്ഞിക്കുഴി സി.പി.ഐ.എം ഏരിയ കമ്മറ്റി പുറത്താക്കിയത്.

ഷിബു നടത്തിയ വെളിപ്പെടുത്തല്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്നും തെറ്റുപറ്റിയെന്ന് ഷിബു സമ്മതിച്ചതായും യോഗത്തില്‍ വിലയിരുത്തിയിരുന്നു. ഷിബുവിനെതിരെ നടപടിയാവശ്യപ്പെട്ട് സി.പി.ഐ.എം കണ്ണര്‍ക്കാട് ബ്രാഞ്ച് കമ്മറ്റിയോഗവും ലോക്കല്‍ കമ്മറ്റിയോഗവും ശിപാര്‍ശ ചെയ്തതിനെ തുടര്‍ന്നാണ് നടപടി.

പാര്‍ട്ടിക്കുള്ളില്‍ പറയേണ്ട കാര്യം പുറത്തുപറഞ്ഞതിനാണ് നടപടിയെന്നാണ് ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ പറഞ്ഞു. സംഭവത്തില്‍ ഷിബുവിന്റെ അമ്മയുള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ സാക്ഷികളായിരുന്നു. കേസില്‍ പിടിയിലായ പ്രതികളെ രക്ഷിക്കുന്നതിനായി മൊഴിമാറ്റി പറയാന്‍ പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വവും പ്രതികളില്‍ ചിലരും നിര്‍ബന്ധിച്ചെന്നായിരുന്നു ഷിബുവിന്റെ വെളിപ്പെടുത്തല്‍.

ഇക്കാര്യം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും രേഖാമൂലം ഷിബു അറിയിച്ചിരുന്നു. തനിക്കെതിരെ നടപടിയെടുത്തവര്‍ തങ്ങളുടെ വീട്ടിലെത്തി മൊഴിമാറ്റാന്‍ നിര്‍ബന്ധിച്ചവര്‍ക്കെതിരേയും നടപടി എടുക്കണമെന്ന് ഷിബു ആവശ്യപ്പെട്ടു.

2014 ഒക്ടോബറിലായിരുന്നു പി. കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ക്കപ്പെട്ടത്. സംഭവം നടന്നതിന് പിന്നാലെ പോലീസ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. രണ്ട് മാസം പോലീസ് അന്വേഷിച്ചിട്ടും കുറ്റക്കാരെ കണ്ടെത്താനായില്ല. തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു. ഐ.ജി പത്മകുമാറിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്.

ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ അഞ്ച് പ്രതികളെയായിരുന്നു പ്രതി ചേര്‍ത്തിരുന്നത്. പ്രതിപക്ഷ നേതാവായിരുന്ന വി.എസ് അച്യുതാന്ദന്റെ പേഴ്സണല്‍ സ്റ്റാഫ് ലതീഷ് ചന്ദ്രനായിരുന്നു കേസില്‍ ഒന്നാം പ്രതി.