പുതുതായി നിര്‍മിക്കുന്ന റോഡുകളുടെ തകര്‍ച്ച:കരാറുകാരെ ഒഴിവാക്കി
Kerala
പുതുതായി നിര്‍മിക്കുന്ന റോഡുകളുടെ തകര്‍ച്ച:കരാറുകാരെ ഒഴിവാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th August 2012, 10:18 am

കാസര്‍കോട്: പുതുതായി നിര്‍മിക്കുന്ന റോഡുകളുടെ അഞ്ച് വര്‍ഷത്തേക്കുള്ള അറ്റകുറ്റപ്പണികളുടെ ചിലവ് വഹിക്കുന്നതിനുള്ള ഉത്തരവാദിത്തം കരാറുകാരില്‍ നിന്നും ഒഴിവാക്കി.[]

കഴിഞ്ഞദിവസം പുറത്തുവന്ന ഭേദഗതിയിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. റോഡുകളുടെ ഉത്തരവാദിത്തം കരാറുകാരനെ ഏല്പിക്കാനുള്ള തീരുമാനം പരക്കെ സ്വാഗതം ചെയ്യപ്പെട്ടതാണ്. എന്നാല്‍, കരാറുകാരുടെ ഭാഗത്തുനിന്ന് അത് നടപ്പാക്കുന്നതിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയുണ്ടായ എതിര്‍പ്പിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം മാറ്റിയത്.

അതേപോലെ എല്ലാ പൊതു കുടിവെള്ളവിതരണ പദ്ധതികള്‍ക്കും അടങ്കല്‍തുകയുടെ 10 ശതമാനം തുക ഗുണഭോക്തൃവിഹിതമായി വകയിരുത്തിയിരിക്കണമെന്നും ഈ തുക പണമായി തദ്ദേശഭരണ സ്ഥാപനത്തില്‍ ലഭിച്ചശേഷമേ പദ്ധതിനിര്‍വഹണം ആരംഭിക്കാവൂവെന്ന ചട്ടവും മാറ്റിയിട്ടുണ്ട്.

പട്ടികജാതി പട്ടികവര്‍ഗ ഫണ്ട് ഉപയോഗിച്ച് ചെയ്യുന്ന പ്രവൃത്തികള്‍ക്ക് ഗുണഭോക്തൃവിഹിതം നിര്‍ബന്ധമില്ല. എല്ലാ കുടിവെള്ള പദ്ധതികള്‍ക്കും ഗുണഭോക്തൃവിഹിതം നിര്‍ബന്ധമാക്കേണ്ടതില്ലെന്നും പുതിയ മാര്‍ഗരേഖ പറയുന്നു.

അങ്കണവാടി പോഷകാഹാര ചെലവിലേക്ക് ബ്ലോക്ക് പഞ്ചായത്ത് തുക നല്‍കേണ്ടതില്ലെന്ന നിബന്ധനയും മാറ്റിയെഴുതിയിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ അങ്കണവാടി പോഷകാഹാരത്തിനുള്ള വിഭവങ്ങള്‍ ബ്ലോക്ക് പഞ്ചായത്തുകളും ഗ്രാമപ്പഞ്ചായത്തുകളും 1:2 എന്ന അനുപാതത്തില്‍ വഹിക്കണം. നഗരപ്രദേശങ്ങളില്‍ ചെലവ് പൂര്‍ണമായും നഗരസഭകളും കോര്‍പ്പറേഷനുകളുമാണ് വഹിക്കേണ്ടതെന്നുമാണ് പുതിയ ചട്ടം.