റിയോ ഡി ജനീറോ: ബ്രസീലില്‍ അണക്കെട്ട് തകര്‍ന്ന് മരിച്ചവരുടെ എണ്ണം 40 കവിഞ്ഞു. 300ലേറെപ്പേരെ കാണാതായി. 1500 ഓളം പേര്‍ ഭവനരഹിതരായെന്നും റിപ്പോര്‍ട്ടുണ്ട്.തെക്ക് കിഴക്കന്‍ ബ്രസീലിലെ ബ്രുമാഡിഞ്ഞോ പട്ടണത്തിലുള്ള സ്വകാര്യ ഇരുമ്പയിര് ഖനിയിലെ അണക്കെട്ടാണ് തകര്‍ന്നത്.
വലെ കമ്പനിയിലെ ഖനനത്തെ തുടര്‍ന്നുള്ള ഇരുമ്പ് മാലിന്യം കലര്‍ന്ന വെള്ളം പൊട്ടിയൊഴുകിയത് ദുരന്തത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു. 2015ല്‍ മരിയാനയിലെ സ്വാകര്യഖനിയില്‍ മലിനജലം തടഞ്ഞുനിര്‍ത്തുന്ന അണക്കെട്ട് തകര്‍ന്ന് 16 പേര്‍ മരിച്ചിരുന്നു.
അപകടത്തില്‍പെട്ടവരെ ജീവനോടെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയില്ലെന്ന അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഖനിയിലെ ഭക്ഷണശാല മണ്ണും ചെളിയും നിറഞ്ഞ് മൂടിയിട്ടുണ്ട്. തൊഴിലാളികള്‍ ഭക്ഷണം കഴിക്കുന്നതിനിടയിലായിരുന്നു അപകടം. മണ്ണുമാന്തി യന്ത്രമുപയോഗിച്ച് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ടണ്‍ കണക്കിന് ഇരുമ്പ് മാലിന്യം കലര്‍ന്ന വെള്ളമാണ് ഒഴുകിയത്. മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
അണക്കെട്ട് തകരാനുള്ള കാരണം വ്യക്തമല്ല. പ്രദേശത്തേക്കുള്ള റോഡുകളും തകര്‍ന്നതിനാല്‍ ഹെലികോപ്റ്ററിലൂടെയാണ് രക്ഷാപ്രവര്‍ത്തനം. രക്ഷാപ്രവര്‍ത്തനത്തിന് നിരവധി തടസ്സങ്ങള്‍ നേരിടുന്നുണ്ട്. അതുകൊണ്ട് അഗ്നിശമനസേനാംഗങ്ങളുടെ എണ്ണം കൂട്ടാനും പദ്ധതിയുണ്ട്. അണക്കെട്ട് തകര്‍ന്നതിന്റെ കാരണം അന്വേഷിച്ച് ഉത്തരവാദികള്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് മിനസ് ജെറയ്‌സ് ഗവര്‍ണര്‍ വ്യക്തമാക്കി.
1976ല്‍ നിര്‍മിച്ച അണക്കെട്ടാണ് തകര്‍ന്നത്. കൃത്യം കണക്കില്‍ 366 പേരെയാണ് കാണാതായിരിക്കുന്നത്. 256 പേരെകുറിച്ച് യാതൊരു വിവരവുമില്ല. 23 പേര്‍ ആശുപത്രിയിലാണ്.
ഇരുമ്പയിര് മാലിന്യം കലര്‍ന്നതോടെ സമീപത്തെ പുഴകളും മലിനമായിട്ടുണ്ട്. ഇതുമൂലം വന്‍പാരിസ്ഥിതിക ദുരന്തമാണ് ഉണ്ടായത്. രക്ഷാപ്രവര്‍ത്തനത്തിനായി കമ്പനിയില്‍ നിന്ന് 1,800 കോടി രൂപ ഈടാക്കിയിട്ടുണ്ട്.