| Monday, 2nd March 2015, 10:15 am

ജഗ്‌മോഹന്‍ ദാല്‍മിയ ബി.സി.സി.ഐ പ്രസിഡന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്


ചെന്നൈ: ജഗ്‌മോഹന്‍ ദാല്‍മിയയെ ബി.സി.സി.ഐ പ്രസിഡന്റായി തെരഞ്ഞെടുത്തു. എതിരില്ലാതെയാണ് അദ്ദേഹം അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അനുരാഗ് താക്കൂറാണ് പുതിയ സെക്രട്ടറി. സഞ്ജയ് പട്ടേലിനെ പരാജയപ്പെടുത്തിയാണ് താക്കൂര്‍ സെക്രട്ടറി സ്ഥാനം കരസ്ഥമാക്കിയത്.

കെ.സി.എ സെക്രട്ടറിയായ ടി.സി മാത്യുവിനെ ബി.സി.സിഐ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്. പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുള്ള വൈസ് പ്രസിഡന്റായാണ് അദ്ദേഹം ചുമതലയേല്‍ക്കുന്നത്.

പുതുതായി അഞ്ച് വൈസ് പ്രസിഡന്റുമാരാണ് ബി.സി.സി.ഐയ്ക്കുള്ളത്. ഗംഗാ രാജു, സികെ ഖന്ന, ഗൗതം റോയി, എംഎല്‍ റോയി എന്നിവരാണ് മറ്റ് വൈസ് പ്രസിഡന്റുമാര്‍.

പ്രസിഡന്റ് സ്ഥാനത്തേക്ക് നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കുവാനുള്ള സമയം ഞായറാഴ്ച അവസാനിച്ചപ്പോള്‍ ദാല്‍മിയ മാത്രമായിരുന്നു പത്രിക സമര്‍പ്പിച്ചിരുന്നത്.

നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍, നാഷണല്‍ ക്രിക്കറ്റ് ക്ലബ് എന്നിവയുടെ അധ്യക്ഷ പദവിയില്‍ ദാല്‍മിയയുണ്ട്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതില്‍ നിലവില്‍ ദാല്‍മിയക്ക് മുന്‍ അധ്യക്ഷന്‍മാരായ ശരത് പവാര്‍, എന്‍. ശ്രീനിവാസന്‍ എന്നിവരുടെ പിന്തുണയുണ്ടായിരുന്നു.

2103ല്‍ എന്‍. ശ്രീനിവാസന്‍ ഐ.പി.എല്‍ അഴിമതിയുമായി ബന്ധപ്പെട്ട് ബി.സി.സി.ഐ അധ്യക്ഷ പദവി രാജി വെച്ചപ്പോള്‍ ദാല്‍മിയ ആയിരുന്നു ബോര്‍ഡിന്റെ ദൈനം ദിന പ്രവൃത്തികള്‍ കൈകാര്യം ചെയ്തിരുന്നത്.

നേരത്തെ 2001ലായിരുന്ന ദാല്‍മിയ ബി.സി.സി.ഐ അധ്യക്ഷ പദവി കൈകാര്യം ചെയ്തിരുന്നത്. ഇതിന് മുമ്പ് 1997 മുതല്‍ 2001 വരെ അദ്ദേഹം ഐ.സി.സി അധ്യക്ഷ പദവിയും വഹിച്ചിരുന്നു.

We use cookies to give you the best possible experience. Learn more