| Monday, 30th April 2018, 5:38 pm

സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തവര്‍ക്ക് ദേശീയസ്മാരകങ്ങളോടു അടുപ്പമുണ്ടാകില്ല; മോദിസര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് തോമസ് ഐസക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഡാല്‍മിയ ഗ്രൂപ്പിന് ചെങ്കോട്ട പോലൊരു ദേശീയ സ്മാരകം കൈമാറിയ മോദി സര്‍ക്കാരിന്റെ നടപടി ദേശീയ നാണക്കേടാണ് മന്ത്രി തോമസ് ഐസക്ക്.  ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ജ്വലിക്കുന്ന ഏടുകളിലെ കറുത്ത കളങ്കമായി ചെങ്കോട്ടയുടെ ചുവരുകളില്‍ പതിയുന്ന ഡാല്‍മിയയുടെ പരസ്യമുദ്ര അവശേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് ഐസക്ക് മോദി സര്‍ക്കാറിനെതിരെ രൂക്ഷമായി വിമര്‍ശിച്ചത്.


Read Also : ’25 വര്‍ഷത്തെ ഭരണം, മണിക് ദായുടെ നഷ്ടമെന്തെന്ന് ഇപ്പോള്‍ നാം തിരിച്ചറിയുന്നു’; ബിപ്ലവ് ദേവിന്റെ പരിഹാസ്യപ്രസ്താവനയ്ക്കിടെ ത്രിപുരയിലെ ഇടത് ഭരണം ഓര്‍മ്മിച്ച് രജദീപ് സര്‍ദേശായി


“അമൂല്യമായ ദേശീയ സ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ തുച്ഛമായ തുക പോലും ഖജനാവില്‍ നിന്ന് മുടക്കാന്‍ മടിയുള്ള ബി.ജെ.പി ദേശീയതയെക്കുറിച്ചുള്ള ഗീര്‍വാണങ്ങള്‍ അവസാനിപ്പിക്കണം. ഇതൊക്കെ രാജ്യത്തിനും ചരിത്രത്തിനും നാണക്കേടാണ് എന്നു ചിന്തിക്കാനുള്ള ബോധമുള്ളവരല്ല നിര്‍ഭാഗ്യവശാല്‍ നാടു ഭരിക്കുന്നത്. സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊള്ളുമ്പോള്‍ ഒളിച്ചിരുന്നവര്‍ക്കും ഒറ്റുകൊടുത്തവര്‍ക്കും ഒരിക്കലും ദേശീയസ്മാരകങ്ങളോടു വൈകാരികമായ അടുപ്പം ഉണ്ടാവുകയില്ല. ബിജെപി സര്‍ക്കാരില്‍ നിന്നോ നേതാക്കളില്‍ നിന്നോ അത്തരമൊരു സമീപനം പ്രതീക്ഷിക്കുന്നവരാണ് വിഡ്ഢികള്‍”. തോമസ് ഐസക്ക് പറഞ്ഞു.

ചെങ്കോട്ട സംരക്ഷിക്കാന്‍ പ്രതിവര്‍ഷം അഞ്ചു കോടി രൂപ ചെലവഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ല. അതാണ് ഡാല്‍മിയ കച്ചവടത്തിന്റെ സന്ദേശം. അഞ്ചു വര്‍ഷത്തേയ്ക്ക് വെറും 25 കോടി രൂപയ്ക്കാണ് കരാര്‍. പ്രതിവര്‍ഷം അഞ്ചു കോടി രൂപ. അഞ്ചു കോടിയ്ക്കു മുകളില്‍ പ്രതിവര്‍ഷം വരുമാനമുണ്ടാക്കുന്ന ചരിത്രസ്മാരകമാണ് ചെങ്കോട്ടയെന്ന് സര്‍ക്കാര്‍ രേഖകള്‍ തന്നെ പറയുന്നു. പ്രതിവര്‍ഷം ആറോ ഏഴോ കോടി രൂപ വരുമാനമുണ്ടാക്കുന്ന ഒരു ദേശീയ സ്മാരകത്തിന്റെ സംരക്ഷണത്തിന് അഞ്ചു വര്‍ഷത്തെ കാലയളവില്‍ 25 കോടി ചെലവഴിക്കാന്‍ കേന്ദ്രസര്‍ക്കാരിനു താല്‍പര്യമില്ല എന്നത് നാണക്കേടിന്റെ ആഴം കൂട്ടുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഡാല്‍മിയ ഗ്രൂപ്പിന് ചെങ്കോട്ട പോലൊരു ദേശീയ സ്മാരകം കൈമാറിയ മോദി സര്‍ക്കാരിന്റെ നടപടി ദേശീയ നാണക്കേടാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ജ്വലിക്കുന്ന ഏടുകളിലെ കറുത്ത കളങ്കമായി ചെങ്കോട്ടയുടെ ചുവരുകളില്‍ പതിയുന്ന ഡാല്‍മിയയുടെ പരസ്യമുദ്ര അവശേഷിക്കും. അമൂല്യമായ ദേശീയ സ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ തുച്ഛമായ തുക പോലും ഖജനാവില്‍ നിന്ന് മുടക്കാന്‍ മടിയുള്ള ബിജെപി ദേശീയതയെക്കുറിച്ചുള്ള ഗീര്‍വാണങ്ങള്‍ അവസാനിപ്പിക്കണം.

ഇതൊക്കെ രാജ്യത്തിനും ചരിത്രത്തിനും നാണക്കേടാണ് എന്നു ചിന്തിക്കാനുള്ള ബോധമുള്ളവരല്ല നിര്‍ഭാഗ്യവശാല്‍ നാടു ഭരിക്കുന്നത്. സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊള്ളുമ്പോള്‍ ഒളിച്ചിരുന്നവര്‍ക്കും ഒറ്റുകൊടുത്തവര്‍ക്കും ഒരിക്കലും ദേശീയസ്മാരകങ്ങളോടു വൈകാരികമായ അടുപ്പം ഉണ്ടാവുകയില്ല. ബിജെപി സര്‍ക്കാരില്‍ നിന്നോ നേതാക്കളില്‍ നിന്നോ അത്തരമൊരു സമീപനം പ്രതീക്ഷിക്കുന്നവരാണ് വിഡ്ഢികള്‍.

ചരിത്രത്തോടോ ദേശീയതയോടോ ഉള്ള നിസ്വാര്‍ത്ഥമായ താല്‍പര്യമൊന്നുമല്ല, ഡാല്‍മിയയെപ്പോലുള്ളവരെ ഇത്തരം കരാറുകള്‍ക്കു പ്രേരിപ്പിക്കുന്നത്. 2010ല്‍ മാത്രം ഏതാണ്ട് രണ്ടര ദശലക്ഷം ഇന്ത്യാക്കാരും ഒന്നര ലക്ഷം വിദേശികളും സന്ദര്‍ശിച്ച ചരിത്രസ്മാരകമാണ് ചെങ്കോട്ട. ഈ എണ്ണം വര്‍ഷംതോറും ഏറി വരികയുമാണ്. ഈ സ്മാരകത്തിന്റെ മുക്കിലും മൂലയിലും പരസ്യചിഹ്നങ്ങള്‍ സ്ഥാപിക്കാനുള്ള അവസരം ഏതു കച്ചവടക്കാരനാണ് വേണ്ടെന്നു വെയ്ക്കുന്നത്.

ഇതുപോലുള്ള സ്ഥലങ്ങളില്‍ ഇത്തരം പരസ്യപ്പലകകള്‍ സ്ഥാപിക്കുന്നത് രാജ്യത്തിനും ജനങ്ങള്‍ക്കും ചരിത്രത്തിനും നാണക്കേടാണ് എന്നു ചിന്തിക്കാന്‍ കഴിവില്ലാത്ത ഭരണാധികാരികള്‍ നാടു ഭരിക്കുമ്പോള്‍, നാടിന്റെ അന്തസ് കപ്പലു കയറുന്നത് സ്വാഭാവികം. സോപ്പു സീരിയലുകളും വമ്പന്‍ മേളകളും സ്‌പോണ്‍സര്‍ ചെയ്യുന്നതുപോലെ ചരിത്രസ്മരണങ്ങള്‍ക്കും സ്‌പോണ്‍സര്‍ഷിപ്പ്. എന്തൊരു അപമാനമാണിത്.

ചെങ്കോട്ട സംരക്ഷിക്കാന്‍ പ്രതിവര്‍ഷം അഞ്ചു കോടി രൂപ ചെലവഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ല. അതാണ് ഡാല്‍മിയ കച്ചവടത്തിന്റെ സന്ദേശം. അഞ്ചു വര്‍ഷത്തേയ്ക്ക് വെറും 25 കോടി രൂപയ്ക്കാണ് കരാര്‍. പ്രതിവര്‍ഷം അഞ്ചു കോടി രൂപ. അഞ്ചു കോടിയ്ക്കു മുകളില്‍ പ്രതിവര്‍ഷം വരുമാനമുണ്ടാക്കുന്ന ചരിത്രസ്മാരകമാണ് ചെങ്കോട്ടയെന്ന് സര്‍ക്കാര്‍ രേഖകള്‍ തന്നെ പറയുന്നു. പ്രതിവര്‍ഷം ആറോ ഏഴോ കോടി രൂപ വരുമാനമുണ്ടാക്കുന്ന ഒരു ദേശീയ സ്മാരകത്തിന്റെ സംരക്ഷണത്തിന് അഞ്ചു വര്‍ഷത്തെ കാലയളവില്‍ 25 കോടി ചെലവഴിക്കാന്‍ കേന്ദ്രസര്‍ക്കാരിനു താല്‍പര്യമില്ല എന്നത് നാണക്കേടിന്റെ ആഴം കൂട്ടുന്നു.

ഒരു വശത്ത് ദേശീയ നേതാക്കളുടെ പ്രതിമ പണിയാന്‍ മൂവായിരം കോടി ചെലവിടുമ്പോഴാണ് മറുവശത്ത് ചരിത്രസ്മാരകങ്ങള്‍ ഇത്തരത്തില്‍ കോര്‍പറേറ്റുകള്‍ക്കു കൈയൊഴിയുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകതന്നെ വേണം.

We use cookies to give you the best possible experience. Learn more