ന്യൂദല്‍ഹി: കര്‍ഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാളിന്റെ നിരാഹാര സമരം 35 ദിവസം പിന്നിട്ടു. കര്‍ഷകര്‍ ഉന്നയിക്കുന്ന വിവിധങ്ങളായ വിഷയങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. നിലവില്‍ നിരാഹാര സമരം തുടരുന്ന ദല്ലേവാളിന്റെ ആരോഗ്യനില വീണ്ടും മോശമായി.
പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ ഖനൗരിയില്‍ നിന്ന് ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി പഞ്ചാബിന് സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല്‍ ഇന്നത്തോടെ (ചൊവ്വാഴ്ച) അന്ത്യശാസനം അവസാനിക്കും.
ഖനൗരി അതീവ സുരക്ഷയിലാണ്. നേരത്തെ ബലംപ്രയോഗിച്ച് ജഗ്ജിതിനെ സ്ഥലത്ത് നിന്ന് മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു.
ഇതിനുപിന്നാലെ നൂറുകണക്കിന് കര്‍ഷകരാണ് ഖനൗരിയിലേക്കെത്തിയത്. കര്‍ഷകര്‍ ഇപ്പോഴും ഖനൗരിയില്‍ നിന്ന് പിന്‍വാങ്ങിയിട്ടില്ല. ഇതേ തുടര്‍ന്ന് പഞ്ചാബ് സര്‍ക്കാര്‍ കൂടുതല്‍ പൊലീസിനെ സ്ഥലത്ത് വിന്യസിക്കുകയായിരുന്നു.
‘ഒന്നുകില്‍ ഞങ്ങള്‍ വിജയിക്കും, അല്ലാത്തപക്ഷം ഞങ്ങള്‍ ജീവന്‍ ത്യജിക്കും.’ എന്ന് പ്രഖ്യാപിച്ചാണ് ദല്ലേവാള്‍ സമരം തുടരുന്നത്.
താന്‍ നിരാഹാരം കിടക്കുന്നത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ജഗ്ജിത് സിങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ‘ഈ രാജ്യത്തെ ഏഴ് ലക്ഷം കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ സര്‍ക്കാര്‍ പരിഗണിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ സമരം ഇനിയും തുടരും,’ എന്നാണ് ജഗ്ജിത് സിങ് പറഞ്ഞത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി ദല്ലേവാളിന്റെ ആരോഗ്യനില വളരെ മോശമാണെന്നും വെള്ളം കുടിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും കര്‍ഷക നേതാവ് തേജ്വീര്‍ സിങ് പറഞ്ഞു.
ഇന്നലെ (തിങ്കളഴ്ച) പഞ്ചാബില്‍ കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും (കെ.എം.എം) സംയുക്ത കിസാന്‍ മോര്‍ച്ചയും (എസ്.കെ.എം) നടത്തിയ ബന്ദ് സംസ്ഥാനത്തെ പൂര്‍ണമായും ബാധിച്ചിരുന്നു.
100ലധികം ട്രെയിനുകളാണ് വഴിതിരിച്ചുവിട്ടത്. ഏതാനും പ്രദേശങ്ങളില്‍ ഗതാഗതം പൂര്‍ണമായും ഭാഗികമായും നിലച്ചിരുന്നു.
എല്ലാ വിളകള്‍ക്കും മിനിമം താങ്ങുവില ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷക സംഘടനകള്‍ ബന്ദ് നടത്തിയത്. ജഗ്ജിത് സിങ് ദല്ലേവാളിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൂടിയായിരുന്നു സംസ്ഥാന ബന്ദ്.
Content Highlight: Dallewal’s health condition is critical; The Supreme Court’s ultimatum to the Punjab government will end today