| Tuesday, 30th April 2024, 3:28 pm

ലാവ്‌ലിൻ കേസില്‍ പിണറായി വിജയന്‍ സഹായം തേടി; ചാറ്റിന്റെ തെളിവ് കൈയ്യിലുണ്ട്: ദല്ലാള്‍ നന്ദകുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ലാവ്‌ലിൻ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സഹായം തേടിയിട്ടുണ്ടെന്ന് ആവര്‍ത്തിച്ച് ദല്ലാള്‍ നന്ദകുമാര്‍. പിണറായി വിജയനുമായുള്ള ചാറ്റിന്റെ തെളിവ് കൈവശമുണ്ടെന്ന് നന്ദകുമാര്‍ പറഞ്ഞു.

‘ബംഗാളിലെ നമ്പറില്‍ നിന്നാണ് മുഖ്യമന്ത്രി എന്നെ വിളിച്ചത്. അതിന് ശേഷമുള്ള ചാറ്റുകള്‍ എന്റെ കൈവശമുണ്ട്. പിണറായി വിജയന്‍ എന്നെ പലവട്ടം സഹായിച്ചിട്ടുമുണ്ട്,’ നന്ദകുമാര്‍ പ്രതികരിച്ചു.

തനിക്കെതിരെ സി.എം. രവീന്ദ്രന്‍ അടക്കമുള്ളവര്‍ ഗൂഢാലോചന നടത്തിയപ്പോഴും കൈരളി ചാനല്‍ അതുസംബന്ധിച്ച് വാര്‍ത്ത നല്‍കിയപ്പോഴും പിണറായി വിജയന്‍ ഇടപെട്ടാണ് അതെല്ലാം തടഞ്ഞതെന്നും നന്ദകുമാര്‍ അവകാശപ്പെട്ടു.

പടച്ചോന്‍ പറഞ്ഞാലും ഇ.പി. ജയരാജന് താനുമായുള്ള ബന്ധം വേര്‍പെടുത്താന്‍ കഴിയില്ലെന്നും നന്ദകുമാര്‍ പറയുകയുണ്ടായി. ഇ.പി. ജയരാജന്‍- ജാവദേക്കര്‍ കൂടിക്കാഴ്ച സര്‍പ്രൈസായിരുന്നുവെന്നും ദല്ലാള്‍ നന്ദകുമാര്‍ പറഞ്ഞു.

അതേസമയം ഇ.പി. ജയരാജനെതിരെ നടന്നത് മാധ്യമ പ്രചാരവേലയാണെന്നാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇ.പിക്കെതിരെ പാര്‍ട്ടി നടപടി എടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റിന് പിന്നാലെയാണ് എം.വി. ഗോവിന്ദന്‍ മാധ്യമങ്ങളെ കണ്ടത്. വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് പിന്നില്‍ കമ്യൂണിസ്റ്റ് വിരോധമാണ് ഇ.പിയെ വ്യക്തിപരമായി ആക്രമിക്കുന്നതിലേക്ക് നയിച്ചത്. ഇത്തരം തെറ്റായ നടപടികള്‍ ഫലപ്രദമായി പ്രതിരോധിക്കാന്‍ നിയമനടപടി സ്വീകരിക്കുമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഈ വിഷയത്തില്‍ ഇ.പി. ജയരാജന്‍ ജാഗ്രത കാണിക്കണമായിരുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.

Content Highlight: Dallal Nandakumar reiterated that Chief Minister Pinarayi Vijayan had sought help in the Lavlin case

We use cookies to give you the best possible experience. Learn more