എറണാകുളം: വയമ്പാടി കോളനി മൈതാനം കയ്യേറാനുള്ള എന്‍.എസ്.എസ്സിന്റെ ശ്രമങ്ങള്‍ക്കെതിരെ സമരം ചെയ്യുകയായിരുന്ന ദളിതര്‍ക്കെതിരായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധം സംസ്ഥാനവ്യാപകമാകുന്നു. സമരക്കാരേയും മാധ്യമപ്രവര്‍ത്തകരേയും മാവോയിസ്റ്റുകള്‍ എന്ന് ആരോപിച്ച് ജയിലിലടച്ച പൊലീസ് നടപടിക്കെതിരെ ഫെബ്രുവരി നാലിന് രാവിലെ 10 മണിക്ക് ദളിത് ആത്മാഭിമാന കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. വയമ്പാടിയില്‍ തന്നെയാണ് കണ്‍വെന്‍ഷന്‍ നടക്കുക.
കാലങ്ങളായി ദളിതര്‍ ഉപയോഗിച്ചു വരുന്ന സ്ഥലം വ്യാജപട്ടയത്തിലൂടെ തട്ടിയെടുക്കാനാണ് എന്‍.എസ്.എസ് ശ്രമിക്കുന്നത്. സ്ഥലം സ്വന്തമാക്കാനും ദളിതര്‍ സമീപമുള്ള ക്ഷേത്രത്തില്‍ പ്രവേശിക്കാതിരിക്കാനും ഇവിടെ കെട്ടിയുയര്‍ത്തിയ ജാതിമതില്‍ സമരക്കാര്‍ പൊളിച്ചത് കഴിഞ്ഞ അംബേദ്കര്‍ ദിനത്തിലാണ്.
തല്‍സ്ഥിതി തുടരാനുള്ള ജില്ലാ അധികൃതരുടെ ഉത്തരവ് ഇവിടെ നിലനില്‍ക്കെയാണ് എന്‍.എസ്.എസ്സിന്റെ നേതൃത്വത്തിലുള്ള ക്ഷേത്രത്തില്‍ ഉത്സവമായതിനാല്‍ സമരപ്പന്തല്‍ പൊളിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടത്. സമരക്കാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് പൊലീസ് ബലം പ്രയോഗിച്ച് പന്തല്‍ പൊളിക്കുകയും സമരസമിതി പ്രവര്‍ത്തകരേയും മാധ്യമപ്രവര്‍ത്തകരേയും മാവോയിസ്റ്റുകളാണെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഇതേതുടര്‍ന്നുള്ള പ്രതിഷേധ പരിപാടികള്‍ക്കായി കെ.പി.എം.എസ് പ്രാദേശിക ശാഖാ ഓഫീസ് പ്രവര്‍ത്തിക്കുന്ന പുറമ്പോക്ക് ഭൂമിയില്‍ കെട്ടിയ സമരപന്തലും ബുധനാഴ്ച പൊലീസ് പൊളിച്ചു നീക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് എന്‍.എസ്.എസ്സിന്റെ സ്വാധീനത്തിനു വഴങ്ങി പൊലീസ് നടത്തുന്ന അതിക്രമത്തിനെതിരെ ദളിത് ആത്മാഭിമാന പ്രക്ഷോഭം ആരംഭിക്കാന്‍ സമരസമിതി തീരുമാനിച്ചത്.