ലക്‌നൗ: മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ഉത്തര്‍പ്രദേശിലെ കുഷിനഗറിലെ ദളിതര്‍ക്ക് വൃത്തിയാകാന്‍ സോപ്പും ഷാമ്പുവും നല്‍കിയത് പോയ വാരം വിവാദമായിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ആ നീക്കത്തിനെതിരെ ശക്തമായ രീതിയില്‍ തിരിച്ചടിച്ചിരിക്കുകയാണ് ദളിതര്‍.
പുതുതായി രൂപീകരിച്ച ദളിത് സംഘടന മുഖ്യമന്ത്രി ആദിത്യനാഥിന് കുളിക്കാനായി 16 മീറ്റര്‍ നീളമുള്ള സോപ്പ് നിര്‍മ്മിച്ച് അയച്ചു കൊടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ദളിതരെ കാണുന്നതിനു മുമ്പായി സ്വയം വൃത്തിയാകാനാണ് മുഖ്യമന്ത്രിയ്ക്ക് സോപ്പ് അയച്ചു കൊടുക്കുന്നതെന്ന് സംഘടന പറയുന്നു.
ഡോ.അംബേദ്കര്‍ വചന്‍ പ്രതിബന്ധ് എന്ന സംഘടനയാണ് ഈ പ്രതിഷേധത്തിനു പിന്നിലുള്ളത്. യോഗി ആദിത്യനാഥിന്റെ നിലപാടുകള്‍ അദ്ദേഹത്തിനുള്ളിലെ ജാതിചിന്തയെ വിളിച്ചോതുന്നുണ്ടെന്നും അതിനാല്‍ ശുദ്ധീകരിക്കേണ്ടത് യോഗിയുടെ മനസിനെയാണെന്നും സംഘടന പറയുന്നു.
കുഷിനഗര്‍ ജില്ലാ അധികൃതരാണ് ദളിതരോട് നിങ്ങളുടെ ദുര്‍ഗന്ധം മാറ്റിയതിന് ശേഷം മാത്രമേ മുഖ്യമന്ത്രിയെ കാണാന്‍ പാടുളളൂ എന്ന നിര്‍ദ്ദേശം നല്‍കിയത്. കുഷി നഗറിലെ “മുഷാര്‍” വിഭാഗത്തിലെ ജനങ്ങള്‍ക്കാണ് സോപ്പും ഷാംപൂവും പെര്‍ഫ്യൂമും നല്‍കി ഇവ ഉപയോഗിച്ച ശേഷം മാത്രമേ മന്ത്രിയെ കാണാനെത്താവു എന്ന നിര്‍ദേശം അധികൃതര്‍ നല്‍കുന്നത്.
പരമ്പരാഗതമായി എലിയെ പിടിക്കുന്ന ദനവിഭാഗമാണ് “മുഷാര്‍”. യു.പിയില്‍ ഇന്നുംപൊതു സമൂഹത്തില്‍ നിന്ന അകറ്റി നിര്‍ത്തപ്പെടുന്ന ഇവരെ തൊട്ടുകൂടാത്തവരായാണ് കണക്കാക്കുന്നത്. ഇന്ന് കുഷിനഗറിലെ മുഷാര്‍ ബസ്തിയില്‍ യോഗി സന്ദര്‍ശനം നടത്തുന്നതിനിടെ ദളിതര്‍ക്ക് മുഖ്യമന്ത്രിയെ കാണാന്‍ പ്രത്യക നിബന്ധനകള്‍ ഉദ്യോഗസ്ഥര്‍ നല്‍കുന്നത്.
ദളിത് അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന നവ്‌സര്‍ജന്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകരായ കീറിത്ത് റാത്തോഡും കാന്തിലാല്‍ പര്‍മാറുമാണ് പുതിയ സംഘടനയുടെ വക്താക്കള്‍. അതേസമയം, ദളിതര്‍ക്കെതിരായ ആക്രമണങ്ങളില്‍ നിശബ്ദത പാലിക്കുന്നതിനെ കുറിച്ച് ഗുജറാത്തിലെ എം.എല്‍.എമാരുമായും എം.പിമാരുമായും സംഘടന നേരിട്ട് സംസാരിക്കുമെന്നും അറിയിച്ചു.
ഈ മാസം ഒമ്പതാം തിയ്യതി അഹമ്മദാബാദില്‍ നടക്കുന്ന പൊതുയോഗത്തില്‍ വെച്ച് സോപ്പ് പ്രദര്‍ശിപ്പിച്ച ശേഷമായിരിക്കും മുഖ്യമന്ത്രിയ്ക്കായി അയച്ചു കൊടുക്കയെന്ന് ഇരുവരും പത്രസമ്മേളനത്തില്‍ അറിയിച്ചു.
ദളിത് സമൂഹത്തില്‍ തന്നെ ഏറ്റവും പിന്നോക്ക വിഭാഗമായി കണക്കാക്കുന്ന ബാല്‍മികി വിഭാഗത്തിലെ സ്ത്രീയായിരിക്കും സോപ്പ് നിര്‍മ്മിക്കുകയെന്നും സംഘടന അറിയിച്ചു. എന്നാല്‍ സോപ്പിന്റെ നീളം 16 മീറ്റര്‍ ആക്കുന്നതിനു പിന്നിലെ കാര്യം അവര്‍ വ്യക്തമാക്കിയില്ല.