മൈസൂരു: അയോധ്യയില്‍ രാമക്ഷേത്ര ഉദ്ഘാടനം നടന്ന തിങ്കളാഴ്ച കര്‍ണാടകയില്‍ ക്ഷേത്രത്തിന് തറക്കല്ലിടാനെത്തിയ ബി.ജെ.പി എം.പിയെ തടഞ്ഞ് നാട്ടുകാര്‍. മൈസൂരു എം.പി. പ്രതാപ് സിംഹയെയാണ് ഹരോഹള്ളി ഗുജ്ജെഗൗഡനപുര ഗ്രാമവാസികള്‍ ക്ഷേത്ര ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കാതെ തടഞ്ഞത്.
എം.പി ദളിത് വിരുദ്ധനാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ പ്രതിഷേധിച്ചത്. ജെ.ഡി.എസ് എം.എല്‍.എ ജി.ടി. ദേവഗൗഡ അടക്കമുള്ള മറ്റ് നേതാക്കള്‍ ഇടപെട്ട് ജനങ്ങളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ എം.പി തിരിച്ചുപോയി.
അയോധ്യയില്‍ രാമന്റെ വിഗ്രഹം നിര്‍മിക്കാനുള്ള കല്ല് ദളിതരായ തങ്ങളുടെ ഗ്രാമം നല്‍കിയതാണെന്നും എന്നാല്‍ തങ്ങളെ പൂര്‍ണമായും അവഗണിച്ചെന്നും അവര്‍ പറഞ്ഞു.
‘കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇയാള്‍ ഒരിക്കല്‍പ്പോലും ഗ്രാമം സന്ദര്‍ശിച്ചിട്ടില്ല. രാഷ്ട്രീയ കാരണങ്ങല്‍ മാത്രം മുന്‍നിര്‍ത്തിയാണ് ഇപ്പോള്‍ ഇവിടെ വന്നിരിക്കുന്നത്.
തെരഞ്ഞെടുക്കപ്പെട്ട മറ്റ് ജനപ്രതിനിധികള്‍ ഇവിടെ വരികയും ഇടപെടുകയും ചെയ്യുമ്പോള്‍ ഞങ്ങളെ കേള്‍ക്കാന്‍ പോലും ബി.ജെ.പി എം.പി ശ്രമിച്ചിരുന്നില്ല. നിങ്ങള്‍ ഇവിടെ നിന്ന് പോകുവാന്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നു,’ മുന്‍ താലൂക്ക് പഞ്ചായത്ത് അംഗമായ സുരേഷ് പറഞ്ഞു.
In a major embarrassment to #BJP MP Pratap Simha, villagers stopped him from participating in the #Pooja in #Karnataka’s Mysuru, claiming he is anti dalit and that he never visited this village before. This is where the rock was sourced for the statue of #LordRam. pic.twitter.com/sRok8v9Gdf
‘കഴിഞ്ഞ വര്‍ഷം മഹിഷ ദസറയില്‍ പ്രതാപ് സിംഹ ഞങ്ങളുടെ സമുദായത്തിനും നേതാക്കള്‍ക്കുമെതിരെ സംസാരിച്ചു. ഞങ്ങളുടെ ചില ഗ്രാമവാസികളും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടു.
ഞങ്ങളുടെ ഗ്രാമം സന്ദര്‍ശിക്കാനോ ഞങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനോ അദ്ദേഹം ഒരിക്കലും ശ്രദ്ധിച്ചില്ല. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇപ്പോള്‍ എവിടെ നിന്നോ ഇവിടെയെത്തിയിരിക്കുകയാണ്.
ജെ.ഡി. (എസ്) നേതാക്കളും, ബി.ജെ.പി എം.എല്‍.എ ടി. എസ്. ശ്രീവത്സയും സ്ഥലം സന്ദര്‍ശിച്ച് ആളുകളോട് സംസാരിച്ചിരുന്നു. എന്നാല്‍ പ്രതാപ് സിംഹ ഒരിക്കലും ഞങ്ങളെ സന്ദര്‍ശിക്കാന്‍ കൂട്ടാക്കിയില്ല,’ ഗ്രാമവാസികളിലൊരാള്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞു.
എന്നാല്‍ തന്നെ തടഞ്ഞതും പ്രശ്‌നങ്ങളുണ്ടാക്കിയതും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നാണ് എം.പിയുടെ വാദം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പിക്കാന്‍ സാധിക്കില്ലെന്ന് കോണ്‍ഗ്രസിന് ബോധ്യപ്പെട്ടുവെന്നും ഇക്കാരണത്താലാണ് ഇത്തരം നാടകം കളിക്കുന്നതെന്നും പ്രതാപ് സിംഹ ആരോപിച്ചു.
കഴിഞ്ഞ മാസം പാര്‍ലമെന്റില്‍ സ്‌മോക് ബോംബുകളുമായി രണ്ട് പേര്‍ പ്രതിഷേധിച്ച സംഭവത്തിലും പ്രതാപ് സിംഹയുടെ പേര് ഉള്‍പ്പെട്ടിരുന്നു. പ്രതാപ് സിംഹയാണ് ഇവര്‍ക്കുള്ള സന്ദര്‍ശക പാസ് നല്‍കിയിരുന്നത്. ഇതിന് പിന്നാലെ പ്രതിപക്ഷം കടുത്ത വിമര്‍ശനങ്ങളും ഇന്നയിച്ചിരുന്നു.
Content highlight: Dalits stop BJP MP from entering temple in Karnataka