ജയ്പൂര്‍: ദളിത് സമൂഹം രാജ്യത്തിന്റെ അധികാര ഘടനകളിലും സ്ഥാപനങ്ങളിലും കൂടുതല്‍ പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അലങ്കരിക്കപ്പെട്ട ഏതാനും സ്ഥാനങ്ങളില്‍ മാത്രമായി ദളിതര്‍ ഒതുങ്ങി പോവരുതെന്നും രാജ്യത്തിന്റെ അധികാര ഘടന ഒരാള്‍ക്ക് മാത്രമായി നിലകൊള്ളുന്നതല്ലെന്നും രാഹുല്‍ പറഞ്ഞു. വരാനിരിക്കുന്ന രാജസ്ഥാന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ ജാതി സെന്‍സസ് നടത്തേണ്ടത് വളരെയേറെ പ്രധാന്യമര്‍ഹിക്കുന്ന വിഷയമാണെന്ന് രാഹുല്‍ പറഞ്ഞു. സര്‍വീസിലിരിക്കുന്ന രാജ്യത്തെ നിര്‍ണായക ഘടകമായ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ദളിത്, പിന്നാക്ക, ആദിവാസി വിഭാഗത്തില്‍ പെടുന്നവര്‍ കുറവാണെന്നും അത് സാമൂഹികമായി ഒരു വിഭാഗത്തെ പിന്നോട്ടാക്കുമെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.
പാര്‍ലമെന്റും എം.എല്‍.എമാരും ചേര്‍ന്നാണ് രാജ്യം ഭരിക്കുന്നതെന്ന തെറ്റിദ്ധാരണ എല്ലാവര്‍ക്കുമുണ്ടെന്നും യാഥാര്‍ത്ഥ്യത്തില്‍ 90 ഉദ്യോഗസ്ഥരാണ് രാജ്യം ഭരിക്കുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അവരില്‍ 7 പേര്‍ മാത്രമാണ് അദിവാസി, പിന്നാക്ക, ദളിത് വിഭാഗത്തില്‍ പെടുന്നവര്‍ ഉള്ളൂയെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ കുട്ടികള്‍ ഐ.എ.എസ് ആകാനാണ് ആഗ്രഹിക്കുന്നതെന്നും എം.പിമാരും എം.എല്‍.എമാരും ആകാനല്ലെന്നും രാഹുല്‍ വ്യക്തമാക്കി. കുട്ടികളുടെ അത്തരത്തിലുള്ള ചിന്തകളെ സ്വാധീനിക്കുന്നത് രാജ്യം ഭരിക്കുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെന്നുള്ള ബോധ്യമാണെന്ന് രാഹുല്‍ പറഞ്ഞു.
ഏകപക്ഷീയമായി വ്യവസായികള്‍ക്ക് സഹായങ്ങള്‍ ചെയ്തു കൊടുക്കുകയാണ് മോദിയും എന്‍.ഡി.എ സര്‍ക്കാരുമെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. എന്നാല്‍ ജാതി സെന്‍സസ് നടപ്പാക്കുന്നതിലൂടെ രാജ്യത്തുള്ള സാമ്പത്തിക അസമത്വങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജാതി സെന്‍സസിനെ കുറിച്ചും ഒ.ബി.സികളുടെ പൂര്‍ണ പങ്കാളിത്തത്തെ കുറിച്ചും ചോദിക്കുമ്പോള്‍ രാജ്യത്ത് ജാതിയില്ലെന്നാണ് നരേന്ദ്ര മോദി പറയുന്നതെന്ന് രാഹുല്‍ പറഞ്ഞു. രാജ്യത്ത് ഒരു ജാതിയേയുള്ളൂ, അത് ദാരിദ്ര്യമാണെന്നുമാണ് മോദി ഉന്നയിക്കാന്‍ ശ്രമിക്കുന്നതെന്ന് രാഹുല്‍ കൂട്ടിച്ചേര്‍ത്തു.