വിവേചനവും തൊട്ടുകൂടായ്മയും ഒഴിവാക്കാന്‍ ദളിതര്‍ ബുദ്ധമതത്തിലേക്കു വരണം: ഭാരതീയ ബുദ്ധ് സംഘ്
Daily News
വിവേചനവും തൊട്ടുകൂടായ്മയും ഒഴിവാക്കാന്‍ ദളിതര്‍ ബുദ്ധമതത്തിലേക്കു വരണം: ഭാരതീയ ബുദ്ധ് സംഘ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th August 2016, 2:29 pm

unaഅഹമ്മദാബാദ്: വിവേചനത്തിനും തൊട്ടുകൂടായ്മയ്ക്കും അറുതി വരുത്താന്‍ ദളിതര്‍ ബുദ്ധമതത്തിലേക്കു വരണമെന്ന് ഭാരതീയ ബുദ്ധ സംഘ് ദേശീയ പ്രസിഡന്റ് സംഘപ്രിയ രാഹുല്‍.

“ഞാന്‍ ഉനയില്‍ പോകുകയും ചത്തമൃഗങ്ങളുടെ തൊലിയുരിയുന്ന ജോലി ഉപജീവനവുമായി ബന്ധപ്പെട്ടതിനാല്‍ അതു തുടരണമെന്ന് ദളിതരെ ബോധ്യപ്പെടുത്തുകയും ചെയ്യും.” അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വിവേചനത്തിനെതിരെയുള്ള ദളിത് രോഷം തണുപ്പിക്കാന്‍ കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശപ്രകാരമാണ് ഉന ദൗത്യം ഏറ്റെടുക്കുന്നതെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു.

“ഞങ്ങള്‍ ഉന സംഭവത്തെ മാത്രമല്ല അപലപിക്കുന്നത്. ഹരിയാന, ഫരീദാബാദ്, യു.പി, രാജസ്ഥാന്‍ എന്നിവിടങ്ങളിലും ഇത്തരം അക്രമങ്ങള്‍ ഉണ്ടായപ്പോള്‍ ഞങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.” അദ്ദേഹം പറഞ്ഞു.

എന്നാല്‍ 2012ലെ തങ്കധ് പോലീസ് വെടിവെപ്പു കേസിനെക്കുറിച്ച്  (ദളിത് യുവാക്കള്‍ കൊല്ലപ്പെട്ടത്) മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ തനിക്ക് ആ സംഭവം അറിയില്ലെന്ന് അദ്ദേഹം സമ്മതിച്ചു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ദളിതര്‍ക്കുനേരെ ഗോരക്ഷാ പ്രവര്‍ത്തകര്‍ നടത്തിയ അക്രമങ്ങളുടെ ആകെ തുകയാണ് ഉന സംഭവമെന്നും കേന്ദ്രസര്‍ക്കാര്‍ ഗോരക്ഷാ പ്രവര്‍ത്തകര്‍ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.