പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ക്ക് ആദിവാസികളോട് അയിത്തം; പരാതിയുമായി ഊരുമൂപ്പന്‍
Caste Discrimination
പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ക്ക് ആദിവാസികളോട് അയിത്തം; പരാതിയുമായി ഊരുമൂപ്പന്‍
ജിന്‍സി ടി എം
Tuesday, 10th July 2018, 2:05 pm

നെല്ലിയാമ്പതിയിലെ കൈകാട്ടിയില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ ആദിവാസികളോട് അയിത്തം കാണിക്കുന്നുവെന്ന് പരാതി. പുല്ലുകാട് ആദിവാസി കോളനി മൂപ്പന്‍ രവി ഇതുസംബന്ധിച്ച് മന്ത്രിക്കും കലക്ടര്‍ക്കും പരാതി നല്‍കിയിരിക്കുകയാണ്.

പരാലിസിസ് മൂലം തളര്‍ന്നുപോയ പുല്ലുകാട് ആദിവാസി കോളനി നിവാസിയായ മയില്‍ സ്വാമിയെ ബന്ധുക്കളും മറ്റും പിടിച്ചാണ് തിങ്കളാഴ്ച രക്തസമ്മര്‍ദ്ദം പരിശോധിക്കാന്‍ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ബുധനാഴ്ച വരൂവെന്ന് പറഞ്ഞ് ഡോക്ടര്‍ മടക്കുകയാണുണ്ടായത്. ബുധനാഴ്ച ചെന്ന് പരിശോധനയ്ക്കായി ഡോക്ടറുടെ മുമ്പിലെ സീറ്റില്‍ ഇരുന്ന മയില്‍ സ്വാമിയെ എഴുന്നേല്‍പ്പിച്ച് കസേര കുറച്ചുദൂരേയ്ക്ക് മാറ്റി ഇരുത്തുകയായിരുന്നു.


Also Read:നെറ്റ്ഫ്ളിക്സ് സീരിസില്‍ രാജീവ് ഗാന്ധിയെക്കുറിച്ച് മോശം പരാമര്‍ശങ്ങള്‍; നവാസുദ്ദീന്‍ സിദ്ദിഖിയ്ക്കെതിരെ കോണ്‍ഗ്രസ് നേതാവ്


 

രോഗി അടുത്തവരാത്ത തരത്തില്‍ ഡോക്ടര്‍ കസേര മാറ്റിയിടുകയാണുണ്ടായതെന്ന് പുല്ലുകാട് ആദിവാസി കോളനിയിലെ ലക്ഷ്മണ്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു. “പുള്ളിക്ക് എന്തോ ഒരു അയിത്തം പോലെ. ഞങ്ങളെ അവഗണിക്കുക.” അദ്ദേഹം പറയുന്നു.

നേരത്തെയും ഡോക്ടറുടെ ഭാഗത്തുനിന്ന് കോളനി നിവാസികളില്‍ ചിലര്‍ക്ക് ഇത്തരം അനുഭവമുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. കോളനി നിവാസികളായ ആളുകളോട് ദൂരെ മാറി നിന്ന് സംസാരിക്കുകയാണ് ചെയ്തത്. ഒരുതരം അലര്‍ജി കാണിക്കും പോലെയാണ് ഡോക്ടര്‍ പെരുമാറിയത്. എന്റെ ഭാര്യയ്ക്കും ഡോക്ടറില്‍ നിന്നും ഇത്തരമൊരു അനുഭവമുണ്ടായിട്ടുണ്ട്. ” അദ്ദേഹം വ്യക്തമാക്കി.


Also Read:“ആരെങ്കിലുമൊക്കെ എഴുതിയ വാചകങ്ങള്‍ കാണാതെ പഠിച്ചു പറഞ്ഞു സ്‌ക്രീനില്‍ ഹീറോകളാകുന്നവര്‍ സീറോകള്‍ മാത്രം”; മോഹന്‍ലാലിനെതിരെ ഡോ. ബിജു


ഡോക്ടര്‍ക്കെതിരെ കോളനി നിവാസികളില്‍ നിന്നും വ്യാപകമായി പരാതി ഉയര്‍ന്നതോടെയാണ് കലക്ടര്‍ക്കും മന്ത്രി ഇ.കെ ബാലനും പരാതി നല്‍കിയതെന്ന് രവി മൂപ്പന്‍ പറഞ്ഞു.

“നമ്മുടെ ആള്‍ക്കാര് പറഞ്ഞപ്പോഴാണ് ഇക്കാര്യം അറിഞ്ഞത്. മയില്‍സ്വാമിയെന്ന് പറയുന്നത് തീരെ വയ്യാത്ത ആളാണ്. ഒരു ഭാഗം തളര്‍ന്നയാളാണ്. എല്ലാ ബുധനാഴ്ചയും ബി.പി നോക്കാന്‍ പോകുന്നതുമാണ്. പക്ഷേ അയിത്തം പോലെ അനുഭവം നേരിടുന്നത് ആദ്യമായാണ്.” രവി മൂപ്പന്‍ പറയുന്നു.

പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ മുമ്പുണ്ടായിരുന്ന ഡോക്ടര്‍മാരെല്ലാം നല്ല രീതിയിലാണ് പെരുമാറിയത്. ഈയടുത്ത കാലത്താണ് ഈ ഡോക്ടര്‍ വന്നത്. ഇദ്ദേഹത്തില്‍ നിന്നു മാത്രമാണ് ഇത്തരമൊരു വിവേചനം നേരിടേണ്ടി വന്നിട്ടുള്ളതെന്നും രവി മൂപ്പന്‍ വ്യക്തമാക്കി.


Also Read:കൊലയാളികളെ പിടിച്ചില്ലെങ്കില്‍ പട്ടിണികിടന്ന് മരിക്കും; മഹാരാജാസിലെ അധ്യാപകരോട് പൊട്ടിക്കരഞ്ഞ് അഭിമന്യുവിന്റെ പിതാവ്


പരാതി നല്‍കിയതോടെ ഡോക്ടര്‍ തങ്ങളെ നേരിട്ടുവന്നുകണ്ടു മാപ്പു പറഞ്ഞെന്നും മൂപ്പന്‍ അറിയിച്ചു. അതേസമയം പരാതി പിന്‍വലിക്കില്ലെന്നും അതുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനമെന്നും മൂപ്പന്‍ പറഞ്ഞു.

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള തോട്ടം തൊഴിലാളികള്‍ക്ക് ഇതിനുമുമ്പും ഇത്തരം അനുഭവമുണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികളും പറയുന്നു. ഇത്തരം വിവേചനങ്ങളെ ഇനിയും അവഗണിച്ച് മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

രവി മൂപ്പന്റെ പരാതി ലഭിച്ചകാര്യം പാലക്കാട് ജില്ലാ കലക്ടര്‍ ഡൂള്‍ന്യൂസിനോടു സ്ഥിരീകരിച്ചു. പരാതിയില്‍ പറഞ്ഞ ആരോപണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വസ്തുതകള്‍ പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ജിന്‍സി ടി എം
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ എന്നിവ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2010 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.