ദളിതര്‍ ബി.ജെ.പിക്ക് വോട്ടു ചെയ്യാന്‍ ഒരു കാരണം പോലുമുണ്ടായിരുന്നില്ല; ജിഗ്നേഷ് മേവാനി
D' Election 2019
ദളിതര്‍ ബി.ജെ.പിക്ക് വോട്ടു ചെയ്യാന്‍ ഒരു കാരണം പോലുമുണ്ടായിരുന്നില്ല; ജിഗ്നേഷ് മേവാനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th May 2019, 6:18 pm

ഗാന്ധിനഗര്‍: കാര്‍ഷിക പ്രതിസന്ധികളും തൊഴിലില്ലായ്മയും നിലനില്‍ക്കെ, ഹിന്ദുത്വത്തിലൂന്നി തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടും ബി.ജെ.പി വിജച്ചതില്‍ അമ്പരപ്പ് പ്രകടിപ്പിച്ച് ദളിത് നേതാവും വദ്ഗാം എം.എല്‍.എയുമായ ജിഗ്നേഷ് മേവാനി. ദളിത് വിഭാഗം ബി.ജെ.പിക്ക് വോട്ടു നല്‍കുന്നതിന് ഒരു ന്യായവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

‘എനിക്ക് മനസ്സിലാവുന്നില്ല. ദളിതര്‍ ബി.ജെ.പിക്ക് വോട്ടു ചെയ്യാന്‍ ഈ വര്‍ഷം ഒരു കാരണവുമില്ലായിരുന്നു. അവര്‍ക്ക് ജോലി ലഭിച്ചില്ല, രൂക്ഷമായ കാര്‍ഷിക പ്രതിസന്ധിയുണ്ടായിരുന്നു, വിലക്കയറ്റം രൂക്ഷമായിരുന്നു.. ഈ വിജയം എന്നെ അമ്പരപ്പിക്കുന്നു’- ജിഗ്നേഷ് പറയുന്നു.

ജനങ്ങളുടെ വികാരം മനസ്സിലാക്കുന്നതില്‍ താന്‍ പരാജയപ്പെട്ടെന്ന് സമ്മതിക്കുന്ന മേവാനി, കാര്‍ഷിക പ്രശ്‌നവും മറ്റും മോദിയെ പ്രതികൂലമായി ബാധിക്കുമെന്ന് താന്‍ കരുതിയിരുന്നതായി പറയുന്നു. ‘എന്നാല്‍ ഹിന്ദുത്വത്തിന്റെ സംസ്‌കാരം വിജയം കണ്ടു. മോദി കഴിഞ്ഞ
അഞ്ചു വര്‍ഷം ചെയ്ത കാര്യങ്ങള്‍ മാത്രം മതിയായിരുന്നു ബി.ജെ.പിയെ തുടച്ചു നീക്കാന്‍ എന്നാല്‍ അത് സംഭവിച്ചില്ല’- മേവാനി പറയുന്നു.

‘ഈ ഫലം വിശ്വസിക്കാന്‍ കഴിയാത്തതാണെങ്കിലും അംഗീകരിച്ചേ മതിയാവൂ . കൂടുതല്‍ ശക്തവും ക്രിയാത്മകവുമായ പ്രതിപക്ഷത്തിന് ജനങ്ങളുടെ മുന്‍ഗണനകളില്‍ മാറ്റം വരുത്താന്‍ കഴിയൂ’- മേവാനി പറഞ്ഞു.

ബെഗുസരായില്‍ കനയ്യ കുമാറിന്റെ തോറ്റതിലെ നിരാശയും മേവാനി മറച്ചു വെച്ചില്ല. ‘അതെങ്ങനെ സംഭവിച്ചു എന്നെനിക്ക് മനസ്സിലാവു്ന്നില്ല. എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു കനയ്യ. തീര്‍ച്ചയായും അദ്ദേഹം തരംഗം സൃഷ്ടിച്ചിരുന്നു. കനയ്യയുടെ പരാജയം ദൗര്‍ഭാഗ്യകരമാണ്’- മേവാനി പറയുന്നു.

പ്രജ്ഞ സിങിനെ പോലുള്ളവര്‍ വിജയിക്കുകയും കനയ്യയെ പോലുള്ള സ്ഥാനാര്‍ഥികള്‍ പരാജയപ്പെടുകയും ചെയ്യുന്ന സ്ഥിതി വിശേഷം രാജ്യത്തിന് അപകടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി