ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിലെ മാരിയമ്മന്‍ ക്ഷേത്രത്തില്‍ നൂറിലേറെ വര്‍ഷത്തെ വിലക്കിന് ശേഷം ആദ്യമായി ദളിതരെ പ്രവേശിപ്പിച്ചു. ദളിത് കുടുംബത്തില്‍ നിന്നുള്ള 250 ഓളം ആളുകളാണ് പൊലീസ് സുരക്ഷയില്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചത്.
സഹപാഠികളായിരുന്ന രണ്ട് പേര്‍ തമ്മിലുള്ള തര്‍ക്കമാണ് ക്ഷേത്ര പ്രവേശ സമരത്തിന് തുടക്കമിട്ടത്. ഒരാള്‍ ദളിതനും മറ്റൊരാള്‍ വണ്ണിയാര്‍ വിഭാഗത്തില്‍പ്പെട്ടയാളും ആയിരുന്നു. ഇരുവരും സ്‌കൂളില്‍ ഒരുമിച്ചായിരുന്നു പഠിച്ചിരുന്നത്, പിന്നീട് ജോലിക്കായി ചെന്നൈയിലേക്ക് മാറി. ദളിതരുടെ ക്ഷേത്ര പ്രവേശനത്തെ ചൊല്ലി ഇരുവരും സോഷ്യല്‍ മീഡിയയിലൂടെയാണ് ആദ്യം തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. തുടര്‍ന്ന് ഗ്രാമത്തില്‍ നേരിട്ട് കണ്ടപ്പോള്‍ ഇതേ ചൊല്ലി ഇരുവരും ഏറ്റുമുട്ടുകയായിരുന്നു. ഇത് ഇരുവിഭാങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് വഴിവെച്ചിരുന്നു.
തുടര്‍ന്ന് തങ്ങളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ റെവന്യൂ ഉദ്യോഗസ്ഥര്‍ക്കും പൊലീസിനും ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ അപേക്ഷ നല്‍കുകയായിരുന്നു. ബുധനാഴ്ച ക്ഷേത്രത്തില്‍ പ്രവേശിക്കുമെന്നും ഇവര്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഡി.ഐ.ജി എം.എസ് മുത്തുസ്വാമിയുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സന്നാഹത്തെ ഗ്രാമത്തില്‍ വിന്യസിച്ചിരുന്നു. തുടര്‍ന്നായിരുന്നു ഇവര്‍ ക്ഷേത്രത്തിലെത്തി പൊലീസ് സുരക്ഷയില്‍ പ്രാര്‍ത്ഥന നടത്തിയത്.
‘നവദമ്പതികള്‍ പ്രാര്‍ത്ഥിക്കുകയും ക്ഷേത്രത്തില്‍ പൊങ്കല്‍ ഉണ്ടാക്കുകയും ചെയ്താല്‍ വിചാരിച്ച കാര്യങ്ങളെല്ലാം നടക്കുമെന്ന് വിശ്വാസമുണ്ട്. എന്നാല്‍ ഞങ്ങള്‍ക്ക് ഇതുവരെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ സാധിച്ചിരുന്നില്ല. ജില്ലാ ഉദ്യോഗസ്ഥര്‍ ഞങ്ങളെ ക്ഷേത്രത്തില്‍ പ്രവേശിക്കാനും പ്രാര്‍ത്ഥിക്കാനും പൊങ്കല്‍ ഉണ്ടാക്കാനും സമ്മതിച്ചതില്‍ അതിയായ സന്തോഷമുണ്ട്,’ ദളിത് യുവതി പറഞ്ഞു. 30 വര്‍ഷം മുന്‍പ് നിര്‍മിച്ച കാളിയമ്മാള്‍ ക്ഷേത്രത്തിലായിരുന്നു ഇത് വരെ ദളിത് വിഭാഗത്തില്‍ നിന്നുള്ളവര്‍ പ്രാര്‍ത്ഥന നടത്തിയിരുന്നത്.
Content Highlights: Dalits enter tamilnadu temple for fist time