തെലങ്കാന; സിദ്ദിപേട്ടിൽ ദളിതരെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് വിലക്കി 'സവർണർ'
national news
തെലങ്കാന; സിദ്ദിപേട്ടിൽ ദളിതരെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് വിലക്കി 'സവർണർ'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th August 2024, 8:05 am

സിദ്ദിപേട്ട്: തെലങ്കാനയിലെ സിദ്ദിപേട്ടിലെ പുതുതായി നിർമിച്ച ദുർഗാ മാതാ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ നിന്നും ദളിതരെ തടഞ്ഞ് മേൽജാതിക്കാർ. മർകൂക്ക് മണ്ഡലത്തിലെ ശിവരു വെങ്കടപൂർ ഗ്രാമത്തിലാണ് സംഭവം.

തുടർന്ന് ദളിത് വിഭാഗക്കാർ തങ്ങളെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവദിക്കുന്നില്ലെന്ന് കാണിച്ച് മർകൂക്ക് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ക്ഷേത്രത്തിന്റെ ഉദ്‌ഘാടനത്തോടനുബന്ധിച്ച് നാല് ദിവസത്തെ ഉത്സവം നടക്കുന്നുണ്ട്. ഇതിൽ പങ്കെടുക്കാനെത്തിയ ദളിതരെ മേൽജാതിക്കാർ തടയുകയായിരുന്നു.

ഉത്സവത്തോടനുബന്ധിച്ച് അന്നദാനം നടത്താൻ ഗ്രാമവാസികളിൽ നിന്നും ക്ഷേത്രകമ്മിറ്റി അംഗങ്ങൾ അരി ശേഖരിച്ചിരുന്നു. ദളിതരുടെ കയ്യിൽ നിന്നും ഇവർ അരിയും മറ്റ് സാധനങ്ങളും ശേഖരിച്ചിരുന്നു. എന്നാൽ ഉത്സവത്തിന് പങ്കെടുക്കാനോ ഉത്സവത്തിലെ പ്രധാന ചടങ്ങായ ബോണം അർപ്പിക്കാനോ ദളിതരെ മേൽജാതിക്കാർ അനുവദിച്ചില്ല. തുടർന്ന് കമ്മിറ്റി അംഗങ്ങളും ദളിതരും തമ്മിൽ വാക്കേറ്റം ഉണ്ടായി. എങ്കിലും അവരെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ കമ്മിറ്റിക്കാർ അനുവദിച്ചില്ല.

സംഭവത്തിൽ നിരാശരായ 30 ഓളം കുടുംബാംഗങ്ങൾ പൊലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് എത്തി കമ്മിറ്റിയിലെ ചില അംഗങ്ങൾക്കെതിരെ ജാതി വിവേചനത്തിന് കേസ് എടുത്തു. എന്നാൽ പ്രശ്നം പരിഹരിക്കാനെന്നാരോപിച്ച് ഇരു വിഭാഗങ്ങൾക്കും പൊലീസ് കൗൺസിലിങ് നൽകി. ദളിത് വിഭാഗത്തിന് കൗൺസിലിങ് നൽകിയതും വിമർശനത്തിനിടയാക്കിയിട്ടുണ്ട്.

സംഭവമറിഞ്ഞ് ദളിത് ബഹുജന ഫ്രണ്ട് (ഡി.ബി.എഫ്), കുല വിവക്ഷ സമര സമിതി (കെ.വി.പി.എസ്), മറ്റ് ദളിത് സംഘടനകൾ എന്നിവയുടെ പ്രതിനിധികൾ ബുധനാഴ്ച ഗ്രാമത്തിലെത്തി പ്രതിഷേധ പ്രകടനം നടത്തി. പ്രദേശത്തെ ദളിത് കുടുംബങ്ങളെ അനുഗമിച്ച് അവർ എല്ലാ ക്ഷേത്രങ്ങളിലും കയറി പ്രാർത്ഥന നടത്തി. തുടർന്ന് മർകൂക്ക് പൊലീസ് സ്റ്റേഷനിലും പ്രതിഷേധ പ്രകടനം നടത്തി.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കളക്ടർ എം മനു ചൗധരിയോടും പൊലീസ് കമ്മീഷണർ ഡോ. ബി. അനുരാധയോടും ഗ്രാമം സന്ദർശിക്കാൻ ഡി.ബി.എഫ് ദേശീയ സെക്രട്ടറി പി.ശങ്കർ ആവശ്യപ്പെട്ടു. ദളിതരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നതിനെ എതിർക്കുന്നവരെ അറസ്റ്റ് ചെയ്യണമെന്ന് ശങ്കർ കമ്മീഷണറോട് ആവശ്യപ്പെട്ടു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് ഇൻസ്പെക്ടർ മഹേന്ദർ റെഡ്ഡിയും എസ്.ഐ ദാമോദറും പറഞ്ഞു.

ഇത് ആദ്യമായല്ല ദളിതർക്ക് ക്ഷേത്ര പ്രവേശനം വിലക്കുന്നത്. തിരുപ്പതിയിലും തെലങ്കാനയിലുമായി നിരവധി സമാന സംഭവങ്ങൾ നടന്നിട്ടുണ്ട്. തിരുപ്പതി ജില്ലയിലെ പുത്തൂർ മണ്ഡലത്തിലെ ഗൊല്ലപള്ളി ഗ്രാമത്തിൽ നടന്ന നാടോടി ഉത്സവത്തിനിടെ ഒരു സംഘം ദളിത് ഭക്തരെ ക്ഷേത്രപരിസരത്ത് പ്രവേശിപ്പിക്കുന്നത് തടഞ്ഞിരുന്നു.

കർണാടകയിൽ കഴിഞ്ഞ 28 വർഷമായി യാദ്ഗിർ ജില്ലയിലെ കെംഭാവിയിൽ ദലിതർ ഹനുമാൻ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് വിലക്കിയിരുന്നു. സംഭവത്തിൽ പ്രതിഷേധത്തെ തുടർന്ന് പൊലീസ് ഇടപെട്ട് ദളിതർക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാൻ അവസരം ഒരുക്കുകയായിരുന്നു.

 

 

Content  Highlight: Dalits barred from entering temple in Telangana’s Siddipet