തിരുവനന്തപുരം: ദളിതര്‍ക്ക് നേരെയുള്ള അതിക്രമം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവ് കേരളത്തിലാണെന്ന് കേന്ദ്ര സാമൂഹ്യനീതി വകുപ്പ് സഹമന്ത്രി രാംദാസ് അത്താവലെ. സംസ്ഥാനം ഭരിക്കുന്നത് കോണ്‍ഗ്രസാണെങ്കിലും ഇടത് പക്ഷമാണെങ്കിലും ദളിതുകളുടെ സുരക്ഷയും സംരക്ഷണവും ഗൗരവമായി കാണുന്നുവെന്ന് മനസിലാക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസാമൂഹ്യനീതി വകുപ്പ് മന്ത്രാലയത്തിന്റെ പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച് തൈക്കാട് ഗസ്റ്റ്ഹൗസില്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
Also Read: ആര്‍.എസ്.എസ് അതിക്രമം ആശുപത്രിക്കുനേരെ: ആംബുലന്‍സ് തല്ലിത്തകര്‍ക്കുന്ന വീഡിയോ പുറത്ത്
ദളിതര്‍ക്ക് നേരെയുള്ള അക്രമങ്ങളില്‍ കഴിഞ്ഞ വര്‍ഷം രാജ്യത്താകെ 45,000 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേരളത്തില്‍ 102 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ബീഹാര്‍ ഉള്‍പ്പെടെയുള്ള ഇതര സംസ്ഥാനങ്ങളില്‍ സ്ഥിതി മറിച്ചാണെന്നും അദ്ദേഹം പറഞ്ഞു.
കേരളം ഭരിക്കുന്നത് എല്‍.ഡി.എഫും യു.ഡി.എഫും മാറിമാറിയാണ്. പക്ഷേ അടുത്ത തവണ കേരളം ഭരിക്കുക ബി.ജെ.പിയാണ്. കരുത്തനായ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. നോട്ട് അസാധുവാക്കല്‍ തീരുമാനം ജനങ്ങള്‍ അംഗീകരിച്ചതിന്റെ തെളിവാണ് ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് ഫലമെന്നും രാംദാസ് അത്താവലെ പറഞ്ഞു.
മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമാണ് ഇദ്ദേഹം. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ(എ)യുടെ സ്ഥാപകനേതാവായ രാംദാസ് ബുദ്ധമതവിശ്വാസിയാണ്.