ലക്‌നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ദലിത് വോട്ടര്‍മാരെ വോട്ട് ചെയ്യുന്നതില്‍ നിന്നും മേല്‍ ജാതിക്കാര്‍ തടഞ്ഞു. ബരൗത് മണ്ഡലത്തിലെ ലയണ്‍ മലക്ക്പൂരിലാണ് സംഭവമുണ്ടായത്. ഇതേതുടര്‍ന്ന് ഒരു മണിക്കൂറോളം വോട്ടിംഗ് തടസപ്പെട്ടു. പിന്നീട് സുരക്ഷാ സേനയുടെ ഇടപെടലിനെ തുടര്‍ന്ന് വോട്ടിംഗ് പുനരാരംഭിക്കുകയായിരുന്നു. ലയണ്‍ മലക്ക്പൂര്‍ വില്ലേജില്‍ 600 ദലിത് വോട്ടുകളാണ് ഉള്ളത്.
കൂടാതെ ബി.ജെ.പി എം.എല്‍.എ സംഗീത് സോമിന്റെ ഗഗന്‍ സോമം തോക്കുമായി പോളിംഗ് ബൂത്തിലെത്തിയതും വോട്ടിംഗിനെ ബാധിച്ചു. സര്‍ദാന മണ്ഡലത്തിലെ ഫരീദ്പൂരിലെ പോളിംഗ് ബൂത്തിലാണ് ഇയാള്‍ തോക്കുമായെത്തിയത്. ഗഗന്‍ സോമിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ 73 മണ്ഡലങ്ങളിലാണ് പോളിംഗ് നടക്കുന്നത്. 15 ജില്ലകളില്‍ നടക്കുന്ന പോളിംഗില്‍ 2.59 കോടി വോട്ടര്‍മാര്‍ തങ്ങളുടെ വോട്ട് രേഖപ്പെടുത്തും. ഒറ്റപ്പെട്ട ചില അനിഷ്ട സംഭവങ്ങളൊഴിച്ചാല്‍ പൊതുവെ ശാന്തമായ രീതിയില്‍ തന്നെയാണ് പോളിംഗ് പുരോഗമിക്കുന്നത്. 24.50 ശതമാനം ആളുകള്‍ ഇതിനോടകം വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
2012 ലെ തെരഞ്ഞെടുപ്പില്‍ ഈ മേഖലയില്‍ നിന്നും 24 സീറ്റുകള്‍ എസ്.പിയും 23 സീറ്റുകള്‍ ബി.എസ്.പിയും നേടിയിരുന്നു. ബി.എസ്.പിയുടെ കോട്ടയായി കരുതുന്ന മേഖലയിലെ വോട്ടുകളായിരിക്കും മായാവതിയുടെ മുഖ്യമന്ത്രിയാകാനുള്ള മോഹങ്ങളുടെ വിധിയെഴുതുക.