|

തമിഴ്‌നാട്ടിലെ കൊട്ടയൂരില്‍ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ ദളിതര്‍ക്ക് വിലക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൃഷ്ണഗിരി: തമിഴ്‌നാട് കൃഷ്ണഗിരി ജില്ലയിലെ കൊട്ടയൂരില്‍ ദളിതര്‍ക്കെതിരെ രൂക്ഷമായ വിവേചനം നടക്കുന്നതായി റിപ്പോര്‍ട്ട്. ഗ്രാമത്തിലെ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാനോ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനോ മേല്‍ജാതി ഹിന്ദുക്കള്‍ അനുവദിക്കുന്നില്ലെന്നാണ് ദളിത് ജനങ്ങള്‍ പറയുന്നത്.

‘ഏപ്രില്‍ 13ന് മാരലിംഗ എന്ന ദളിത് യുവാവിനെ മോഹന്‍ എന്ന മേല്‍ജാതിക്കാരന്‍ ബൈക്കിടിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ ഇതിന് മുമ്പ് തന്നെ വലിയ വിവേചനങ്ങള്‍ ഇവിടെയുണ്ടായിരുന്നു. മേല്‍ജാതിക്കാരുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിനകത്ത് ഇരിക്കാനോ അവിടെയിരുന്ന് ഭക്ഷണം കഴിക്കാനോ അനുവദിക്കാറില്ല. പാഴ്‌സലുകള്‍ മാത്രമാണ് ഞങ്ങള്‍ക്ക് അവിടെ നിന്ന് നല്‍കുന്നത്. ഗ്രാമത്തില്‍ വിവേചനം നിലനില്‍ക്കുന്നുണ്ട്,’ തദ്ദേശീയനായ ബസപ്പ പറഞ്ഞു.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കെ. ബാലകൃഷ്ണനൊപ്പം മാധ്യമപ്രവര്‍ത്തകരെ കാണവെയാണ് ബസപ്പ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഉത്തന്‍ഗിരിയില്‍ അടുത്തിടെ നടന്ന ദുരഭിമാനക്കൊലയ്ക്കും കൃഷ്ണഗിരി ജില്ലയില്‍ ദളിത് മനുഷ്യര്‍ നേരിടുന്ന ജാതി വിവേചനങ്ങള്‍ക്കുമെതിരെ മെയ് മൂന്നിന് സി.പി.ഐ.എം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ജാതിവിവേചനങ്ങള്‍ക്കെതിരെ നടക്കുന്ന പ്രതിഷേധത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ഭാഗമാകണമെന്ന് ബാലകൃഷ്ണന്‍ പറഞ്ഞു.

‘കഴിഞ്ഞ ഒരു മാസത്തിനിടെ ജാതിയുമായി ബന്ധപ്പെട്ട് മൂന്ന് കൊലപാതകങ്ങളാണ് കൃഷ്ണഗിരി ജില്ലയില്‍ നടന്നത്. കൊട്ടയൂരില്‍ നടന്ന സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവരെ പിടികൂടാന്‍ ഇതുവരെയും പൊലീസിന് കഴിഞ്ഞിട്ടില്ല. എസ്.സി-എസ്ടി വിഭാഗത്തില്‍ പെട്ട ജനങ്ങളെ സംരക്ഷിക്കാനും പോലീസിന് കഴിഞ്ഞിട്ടില്ല. പൊലീസ് സൂപ്രണ്ടിനെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ഞങ്ങള്‍ മുഖ്യമന്ത്രിയെ സമീപിക്കും,’ ബാലകൃഷ്ണന്‍ പറഞ്ഞു.

കൊട്ടയൂരില്‍ പ്രശ്‌നങ്ങള്‍ നടന്നതിന് ശേഷം ഒരു സമാധാന യോഗം പോലും വിളിച്ച് ചേര്‍ക്കാന്‍ ജില്ലാ ഭരണകൂടം തയ്യാറായിട്ടില്ലെന്നും, വിഷയത്തെ ഒട്ടും ഗൗരവമായിട്ടല്ല അവര്‍ പരിഗണിക്കുന്നത് എന്നതിന്റെ തെളിവാണിതെന്നും സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം പി.ഡില്ലി ബസു കുറ്റപ്പെടുത്തി.

എന്നാല്‍ ജാതി വിവേചനവുമായി ബന്ധപ്പെട്ട വാര്‍ത്ത തെറ്റാണെന്നാണ് കൃഷ്ണഗിരി ജില്ലാ കളക്ടര്‍ ദീപക് ജേക്കബ് പറയുന്നത്. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോടാണ് കളക്ടര്‍ ഇക്കാര്യം പറഞ്ഞത്.

‘കുറച്ച് ദിവസം മുമ്പ് ഗ്രാമത്തില്‍ നിലനില്‍ക്കുന്ന വിവേചനത്തെക്കുറിച്ചും ക്ഷേത്ര പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തെക്കുറിച്ചും വിടുതലൈ സിരുത്തൈ കക്ഷിയില്‍ നിന്ന് പരാതി ലഭിച്ചിരുന്നു. റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥര്‍ ഗ്രാമത്തില്‍ അന്വേഷണം നടത്തിയിരുന്നു. പരാതി തെറ്റാണെന്നാണ് അന്വേഷണത്തില്‍ നിന്ന് മനസിലാക്കാന്‍ സാധിച്ചത്. എങ്കിലും ഗ്രാമത്തിലെ കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. പൊലീസ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ ഗ്രാമത്തിലെത്തി വിഷയവുമായി ബന്ധപ്പെട്ട് ജനങ്ങളോട് സംസാരിക്കുന്നുണ്ട്,’ ജില്ലാ കളക്ടര്‍ പറഞ്ഞു.

Content Highlights: Dalits are not allowed to sit and eat in hotels in Tamilnadu