ആല്‍വാര്‍: രാജസ്ഥാനില്‍ അഞ്ചംഗ സംഘം ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പോകുമ്പോഴാണ് സംഭവം. രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയിലാണ് സംഭവം.
തനഗാസി-ആല്‍വാര്‍ ബൈപാസില്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി ഭര്‍ത്താവിനെ മര്‍ദ്ദിച്ച് കെട്ടിയിട്ട ശേഷം ഇയാളുടെ മുന്നില്‍ വച്ചാണ് അഞ്ചംഗ സംഘം യുവതിയെ ബലാത്സംഗം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
ഏപ്രില്‍ 26 നാണ് സംഭവം. എന്നാല്‍ പൊലീസ് നടപടി എടുക്കാന്‍ തയ്യാറായിരുന്നില്ല. പൊലീസ് നടപടി വൈകിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ആല്‍വാര്‍ പൊലീസ് സൂപ്രണ്ടിനേയും സബ് ഇന്‍സ്‌പെക്ടറേയും അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു.
സംഭവത്തില്‍ ട്രക്ക് ഡ്രൈവറായ ഇന്ദ്രജ് ഗുര്‍ജാര്‍ എന്ന യുവാവിനെ അറസ്റ്റു ചെയ്തതായി ഡി.ജി.പി കപില്‍ ഗാര്‍ഗ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം, സംഭവം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് കാലത്ത് സംഭവം പുറത്തുവരാതിരിക്കാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ ഓഫീസ് ഇടപെട്ടെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ മദന്‍ ലാല്‍ സൈനി കുറ്റപ്പെടുത്തി. നിര്‍ഭയ കേസിനെക്കാള്‍ ഞെട്ടിപ്പിക്കുന്നതാണ് ഈ കുറ്റകൃത്യമെന്ന് അദ്ദേഹം ആരോപിച്ചു.