അലഹബാദ്: ഉത്തര്‍പ്രദേശില്‍ ദളിത് വിദ്യാര്‍ത്ഥിയെ തല്ലിക്കൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. അലഹബാാദില്‍ വിദ്യാര്‍ത്ഥികള്‍ ജില്ലാ മജിസ്ട്രേറ്റിന്റെ വീട് ഉപരോധിച്ചു.
വെള്ളിയാഴ്ച രാത്രിയാണ് ദിലീപ് സരോജ് എന്ന ദളിത് വിദ്യാര്‍ത്ഥിയെ നാല് യുവാക്കള്‍ ചേര്‍ന്ന് അലഹബാദിലെ ഒരു റസ്റ്റോറന്റില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ചത്. ആക്രമണത്തെത്തുടര്‍ന്ന് അബോധാവസ്ഥയിലായ വിദ്യാര്‍ത്ഥി ശനിയാഴ്ച മരിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് റസ്റ്റോറന്റിലെ വെയ്റ്ററെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണം വൈകിച്ചതിന്റെ പേരില്‍ രണ്ട് പൊലീസുകാരെ സസ്പെന്റ് ചെയ്തിരുന്നു.
അതേസമയം സംസ്ഥാനത്ത് കൂടിവരുന്ന ദളിത് ആക്രമണങ്ങളില്‍ പ്രതിഷേധവുമായി സമാജ്വാദി പാര്‍ട്ടിയുടെ യുവജനവിഭാഗം സമാജ് വാദി യുവജന്‍ സഭയും ആള്‍ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷനും(ഐസ) രംഗത്തെത്തി.
ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരെ നടക്കുന്ന അക്രമങ്ങളോട് ആദിത്യനാഥ് സര്‍ക്കാര്‍ മുഖം തിരിക്കുകയാണെന്ന് പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ സമാജ്വാദി പാര്‍ട്ടി ആരോപിച്ചു.
എല്‍.എല്‍.ബി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ സരോജിനെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ കൊലപാതകം ഒറ്റപ്പെട്ടതല്ലെന്നും സര്‍ക്കാര്‍ പിന്തുണയോടെ നടക്കുന്ന ആക്രമണങ്ങളുടെ തുടര്‍ച്ച മാത്രമാണെന്നും ബി.എസ്.പി നേതാവ് മായാവതി പറഞ്ഞു.