'രാജമാണിക്യം റിപ്പോര്‍ട്ട് റവന്യു വകുപ്പും ജഡ്ജിമാരും അട്ടിമറിക്കുന്നു'; 27 ന് സി.പി.ഐ ഒാഫീസിലേക്ക് ദളിത് മാര്‍ച്ച്
Dalit protests
'രാജമാണിക്യം റിപ്പോര്‍ട്ട് റവന്യു വകുപ്പും ജഡ്ജിമാരും അട്ടിമറിക്കുന്നു'; 27 ന് സി.പി.ഐ ഒാഫീസിലേക്ക് ദളിത് മാര്‍ച്ച്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th April 2018, 10:01 pm

തിരുവനന്തപുരം: ഹാരിസണ്‍ പ്ലാന്റേഷന്റെ കൈവശമുള്ള 38000 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം ഹൈക്കോടതി തടഞ്ഞതിനെതിരെയും റവന്യു വകുപ്പിന്റെ അനാസ്ഥക്കെതിരെയും പ്രതിഷേധവുമായി ദളിത് സംഘടനകള്‍.

ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ കമ്പനിയുടെതുള്‍പ്പെടെ ഭൂമാഫിയകള്‍ വ്യാജപട്ടയത്തിലൂടെ കൈവശപ്പെടുത്തിയ അഞ്ച് ലക്ഷം ഏക്കറിലധികം വരുന്ന ഭൂമി ഏറ്റെടുക്കാന്‍ നിര്‍ദ്ദേശിക്കുന്ന രാജമാണിക്യം റിപ്പോര്‍ട്ട് അട്ടിമറിക്കപെടുകയാണെന്നും കേരളഹൈക്കോടതി ഉത്തരവില്‍ എല്ലാ ജനാധിപത്യ വിശ്വാസികളും ദേശസ്‌നേഹികളും ആദിവാസി -ദലിത് സംഘടനകളുടെയും വിവിധ ജനാധിപത്യ-രാഷ്ട്രീയ സംഘടനകളുടെയും പൊതുവേദിയായ ഭൂഅധികാര സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

രാജമാണിക്യം റിപ്പോര്‍ട്ട് അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ തുറന്ന് കാട്ടുന്നതിനായി. റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന സി.പി.ഐ സംസ്ഥാന കമ്മിറ്റി ഓഫിസിലേക്ക് ഏപ്രില്‍ 27ന് ദളിതരുടെയും ഭൂരഹിതരുടെയും മാര്‍ച്ച് സംഘടിപ്പിക്കുമെന്നും ഭൂഅധികാര സംരക്ഷണ സമിതി വ്യക്തമാക്കി.


Read also ഹാരിസണ്‍ ഭൂമി ഏറ്റെടുക്കല്‍ -ഭൂരഹിതരെ ചതിച്ചതാരാണ്


കേരളസര്‍ക്കാരിന്റെ റവന്യു വകുപ്പ് കൈകാര്യം ചെയ്യുന്ന സി.പി.ഐയും, നിയമ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി എ.കെ ബാലനും, ഹാരിസണ് വേണ്ടി വിവിധകാലങ്ങളില്‍ നിയമ സഹായം ചെയ്ത ജഡ്ജിമാരും സര്‍ക്കാര്‍ അഭിഭാഷകരും നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് രാജമാണിക്യം റിപ്പോര്‍ട്ട് അട്ടിമറിക്കുന്നതെന്നും ഭൂഅധികാര സംരക്ഷണ സമിതി ആരോപിച്ചു.

എസ്റ്റേറ്റുകളില്‍ പലതും വ്യാജമായി നിര്‍മ്മിച്ച രേഖകളിലാണ് പ്രവര്‍ത്തിക്കുന്നത് ഇത് വിവിധ അന്വേഷണ റിപ്പോര്‍ട്ടുകളിലൂടെ തെളിയിക്കപ്പെട്ടതാണെന്നും ഉടമകള്‍ക്കെതിരെ 49 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ച് വരുന്നതടക്കം മറച്ചു വെച്ചുകൊണ്ടാണ് രാജമാണിക്യം റിപ്പോര്‍ട്ട് പ്രകാരം ഭൂമി തിരിച്ചെടുക്കുന്ന നടപടി ഹൈക്കോടതി നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടതെന്നും ഭുഅധികാര സമിതി ആരോപിച്ചു.

ഭൂപരിഷ്‌ക്കരണ സാധ്യതകള്‍ അട്ടിമറിച്ച് ദളിത് -ആദിവാസികളെയും തോട്ടം തൊഴിലാളികളെയും അരലക്ഷത്തോളം ജാതികോളങ്ങളില്‍ തളച്ചിടുന്ന നടപടി സി.പി.ഐ നേതൃത്വം റവന്യൂ വകുപ്പിലൂടെ തുടരുകയാണെന്നും സമിതി ആരോപിച്ചു.


Also Read ഹാരിസണ് സന്തോഷമുണ്ടാക്കുന്ന തീര്‍പ്പ് കല്‍പിക്കുമ്പോള്‍ സംരക്ഷിക്കപ്പെടുന്നത് ആരുടെ താല്‍പര്യമാണ്; എം.സ്വരാജ്


രാജമാണിക്യം റിപ്പോര്‍ട്ട് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെയും ഭൂമിയില്‍ അവകാശം സ്ഥാപിക്കാനുള്ള പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്നും ഭൂമാഫിയ ബന്ധമുള്ള ജഡ്ജിമാരും പ്ലീഡര്‍മാരുമുള്ള ഹൈക്കോടതിയില്‍ നിന്ന് ഹാരിസണ്‍ കേസ് മാറ്റണമെന്നാവശ്യമുന്നയിമെന്നും സംരക്ഷണസമിതി ആവശ്യപ്പെട്ടു.

പ്ലാച്ചിമട വടയമ്പാടി തുടങ്ങിയ വിവിധ സമരമുഖങ്ങളില്‍ നിന്ന് സി.പി.ഐയെ ബഹിഷ്‌കരിക്കണമെന്ന ആവശ്യവും ഭൂഅധികാര സംരക്ഷണ സമിതി മുന്നോട്ട് വെക്കുന്നുണ്ട്.