| Saturday, 14th April 2018, 11:57 am

സെക്രട്ടറിയേറ്റില്‍ ദളിത് ജീവനക്കാരനു നേരേ ജാതി പീഡനം; എച്ചിലെടുക്കാനും പാത്രം കഴുകാനും പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ബന്ധിക്കുന്നുവെന്ന് ക്ലാസ്സ് ഫോര്‍ ജീവനക്കാരന്‍

ഗോപിക

സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ ദളിത് ഉദ്യോഗസ്ഥന് നേരേ ജാതി പീഡനം. ദളിത് ഉദ്യോഗസ്ഥനെ മേലുദ്യോഗസ്ഥന്‍ ജാതിയുടെ പേരില്‍ അധിക്ഷേപിക്കുന്നതായാണ് പരാതി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദളിതര്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും എതിരെയുളള അതിക്രമങ്ങള്‍ വന്‍ തോതില്‍ വര്‍ധിക്കുന്നതായി അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു കൊണ്ടിരിക്കയാണ്. ഇപ്പോഴിതാ അത്തരത്തിലൊരു വാര്‍ത്തയാണ് സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ നിന്നും പുറത്തു വരുന്നത്. സെക്രട്ടറിയേറ്റിലെ ക്ലാസ്സ് ഫോര്‍ ജീവനക്കാരന് നേരേയാണ് ജാതിയുടെ പേരില്‍ ആക്രമണം. മേലുദ്യോഗസ്ഥനായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഇദ്ദേഹത്തെ ജാതിയുടെ പേരില്‍ മാറ്റി നിര്‍ത്തുകയും അടിമപ്പണി എടുപ്പിക്കുകയും ചെയ്യുന്നത്.

പീഡനം സഹിക്കാന്‍ കഴിയാതായപ്പോള്‍ ക്ലാസ്സ് ഫോര്‍ ജീവനക്കാരനായ ദളിത് വിഭാഗത്തില്‍ പെടുന്ന യുവാവ് മുഖ്യമന്ത്രിയ്ക്ക് പരാതിയുമായി രംഗത്തെത്തി. ഇതേത്തുടര്‍ന്നാണ് സെക്രട്ടറിയേറ്റിനുള്ളില്‍ ഈ യുവാവ് അനുഭവിക്കേണ്ടി വന്ന പീഡനങ്ങളെപ്പറ്റി ലോകം അറിഞ്ഞത്. ദളിത് എന്ന ഒറ്റക്കാരണത്താല്‍ ആണ് മേലുദ്യോഗസ്ഥന്‍ തന്നെ വംശീയമായി അധിക്ഷേപിച്ചതാണെന്നാണ് യുവാവിന്റെ വാദം.

പൊതുഭരണവകുപ്പിന് കീഴില്‍ ഈയടുത്തിടെയാണ് യുവാവിന് ജോലി ലഭിച്ചത്. പൊതുഭരണ വകുപ്പിലെ ഐ.എ.എസ് കാരനായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കീഴിലായിരുന്നു നിയമനം. ക്ലാസ്സ് ഫോര്‍ തസ്തികയിലേക്കാണ് ഈ ദളിത് യുവാവിന് നിയമന ഉത്തരവ് ലഭിച്ചത്. എന്നാല്‍ ജോലിയില്‍ പ്രവേശിച്ചതു മുതല്‍ സെക്രട്ടറിയേറ്റിനുള്ളില്‍ താന്‍ നിരന്തര പീഡനത്തിനിരയാവുകയാണന്നാണ് യുവാവ് പറഞ്ഞത്. എന്നാല്‍ ഇതിനെ എതിര്‍ക്കാന്‍ ശ്രമിച്ചാലും പരാതികള്‍ നല്‍കാന്‍ തുനിഞ്ഞാലും പലപ്പോഴും കഴിയാറില്ലെന്നും ഇദ്ദേഹം പറയുന്നു.

നിരന്തരമായി ജാതിയുടെ പേരില്‍ അധിക്ഷേപിക്കുന്നത് വ്യാപകമായതിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രിയ്ക്ക് പരായി നല്‍കാന്‍ ഈ യുവാവ് തീരുമാനിച്ചത്. പൊതുഭരണ വകുപ്പിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ വിശ്വനാഥ സിന്‍ഹയാണ് ദളിതനെന്ന് തന്നെ വംശീയമായി അധിക്ഷേപിച്ചുകൊണ്ടിരിക്കുന്നത്. തന്റെ മേലുദ്യോഗസ്ഥന്‍ കൂടിയാണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ സഹായിയായിട്ടാണ് തനിക്ക് നിയമനം ലഭിച്ചതെന്നും യുവാവ് മാധ്യമങ്ങളോട് പറഞ്ഞു.


ALSO READ: ആര്‍.എസ്.എസിന്റെ ദളിത് വേട്ട തുടരുന്നു; ഏറ്റൂമാനൂരില്‍ ദളിതര്‍ക്ക് നേരേയുള്ള ആക്രമണത്തില്‍ തകര്‍ന്നത് വിദ്യാര്‍ഥിയുടെ കര്‍ണ്ണപുടം


ജോലിയ്ക്ക് പ്രവേശിച്ചതുമുതല്‍ സെക്രട്ടറി സാറിന് തന്നോട് അത്ര തൃപ്തി ഉണ്ടായിരുന്നില്ല. അന്നുമുതല്‍ തുടങ്ങിയതാണ് അദ്ദേഹത്തിന്റെ അധിക്ഷേപം. ഇതിനെല്ലാത്തിനും കാരണം താനൊരു ദളിതനാണന്നതാണെന്നും യുവാവ് പറഞ്ഞു. വിവിധ തരത്തിലാണ് അദ്ദേഹം താനെന്ന വ്യക്തിയെ അധിക്ഷേപിച്ചുകൊണ്ടിരുന്നത്. ഒരു അടിമയെ കാണുംപോലെയാണ് അദ്ദേഹം കീഴുദ്യോഗസ്ഥനായ തന്നെ കണ്ടിരുന്നതെന്നും യുവാവ് പറയുന്നു.

” സഹായി എന്ന തസ്തികയില്‍ ജോലിക്ക് കയറിയ തന്റെ പ്രധാന പണി പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ നിറവേറ്റുകയെന്നതായിരുന്നു.എന്നും ഉച്ചയ്ക്ക് അദ്ദേഹം കഴിച്ച ഭക്ഷണപാത്രങ്ങള്‍ കഴുകിവയ്ക്കാന്‍ എന്നോട് ആവശ്യപ്പെടും. ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ താന്‍ തയ്യാറാവാതിരുന്നാല്‍ അതിനും അദ്ദേഹം പുതിയ നിയമ നടപടിയുമായി രംഗത്തെത്തുമായിരുന്നു. പീന്നിട് സെക്രട്ടറി കഴിച്ച പാത്രം കഴുകാതെ വലിയ പാത്രത്തിനകത്താക്കി ഡ്രൈവറുടെ കൈയ്യില്‍ ഞാന്‍ കൊടുത്തുവിട്ടു. എന്നാല്‍ അദ്ദേഹം തന്നോട് വളരെ ദേഷ്യത്തോടെയാണ് പിന്നീട് പെരുമാറിയത്. പാത്രം കഴുകാത്തതിനാല്‍ താന്‍ വീട്ടിലെത്തിയ ശേഷം സെക്രട്ടറി വീട്ടിലേക്ക് വിളിച്ച് ചോദിക്കും. എന്താണ് പാത്രം കഴുകാത്തതെന്ന്. ഇതിപ്പോള്‍ നിരന്തരമായി നടന്നുകൊണ്ടിരിക്കയായിരുന്നു.

മറ്റൊരു പ്രധാന കാര്യം അദ്ദേഹം കഴിച്ച ഭക്ഷണത്തിന്റെ എച്ചിലെടുക്കാന്‍ തന്നെ നിര്‍ബന്ധിക്കുമായിരുന്നു. ഞാന്‍ തന്നെ അതെല്ലാം വൃത്തിയാക്കണമെന്ന ഉത്തരവ് എന്ന രീതിയിലാണ് സെക്രട്ടറി തന്നോട് പെരുമാറിയതെന്നും” യുവാവ് പറയുന്നു.

ഓഫീസ് മുറി വൃത്തിയാക്കാനെന്ന വ്യജേന തന്നെ സെക്രട്ടറി വിളിക്കും. ഓഫീസ് വൃത്തിയാക്കിടാത്തതിന് എന്നെയാണ് ശകാരിക്കുന്നത്. ഓഫിസിലെത്തുന്ന തന്നെക്കൊണ്ട് വേണ്ടാത്ത പണികളാണ് അദ്ദേഹം എടുപ്പിക്കുന്നത്.

മേശപ്പുറത്ത് നിന്നും വേണ്ടാത്ത പേപ്പറുകള്‍ വാരിയെടുത്ത് തറയിലേക്കിടും. എന്നിട്ട് അത് വൃത്തിയാക്കാന്‍ തന്നോട് പറയും. അടുത്തുള്ള ബാസ്‌കറ്റിലേക്ക് ഇടുന്നതിനു പകരം തന്നെക്കൊണ്ട് അടിമപ്പണി ചെയ്യിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് അദ്ദേഹം ഇതെല്ലാം ചെയ്യുന്നത്. പേപ്പറുകള്‍ പെറുക്കികളഞ്ഞ് വീണ്ടും സീറ്റിലേക്ക് പോയാല്‍ പിന്നേയും തന്നെ വിളിക്കും. അപ്പോഴും കൂറെ പേപ്പറുകള്‍ തറയില്‍ നിരത്തിയിട്ടിട്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് യുവാവിന്റെ പരാതി.


ALSO READ: ദളിത് അക്രമങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ നോക്കുകുത്തിയായി പട്ടികജാതി-പട്ടികവര്‍ഗ്ഗ നിയമം; കേസിലെ വാദികളെ പ്രതികള്‍ ഭീഷണിപ്പെടുത്തുന്നതായി എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട്


ഇതിനെല്ലാമെതിരെ തനിക്ക് നീതി ലഭിക്കക്കണമെന്ന ആവശ്യം ഉന്നയിച്ച് ഈ ജീവനക്കാരന്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിരിക്കയാണ് ഇപ്പോള്‍. തുടര്‍നടപടികള്‍ വേഗത്തില്‍ എടുക്കുന്നതുവരെ പരാതിയുമായി മുന്നോട്ടുപോകുമെന്നും യുവാവ് പറയുന്നു.

ഗോപിക

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കേരളസര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും മലയാളം സര്‍വ്വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്ദര ബിരുദവും നേടിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more