| Friday, 29th September 2017, 2:00 pm

മീശ പിരിക്കാന്‍ നിങ്ങളായിട്ടില്ല; ഗുജറാത്തില്‍ മീശ പിരിച്ച ദളിത് യുവാവിനെ വീട് കയറി ആക്രമിച്ച് മേല്‍ജാതിക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ മീശ പിരിച്ച് വെച്ചതിന് യുവാവിനെയും ബന്ധുവിനെയും ക്രൂരമായി മര്‍ദ്ദിച്ചു. ഗാന്ധിനഗര്‍ ജില്ലയിലെ കലോല്‍ താലൂക്കിലെ ലിബുദാര ഗ്രാമത്തില്‍ നിന്നുള്ള ഇരുപത്തി നാല് വയസുകാരന്‍ പീയുഷ് പര്‍മാറിനെയും ബന്ധുവിനെയുമാണ് ദര്‍ബാര്‍ വിഭാഗത്തിലെ ഒരു കൂട്ടം ആളുകള്‍ ആക്രമിച്ചത്.

താഴ്ന്ന ജാതിക്കാരയവര്‍ മീശ പിരിച്ച് നടക്കുന്നോ എന്നു ചോദിച്ചായിരുന്നു മര്‍ദ്ദനം. പീയുഷിന്റെ പരാതിയെ തുടര്‍ന്ന മൂന്ന് പേരെ പൊലീസ് അറസറ്റ് ചെയ്തു. മയറുദ്ദീന്‍ വഗേല, രാഹുല്‍ വിക്രംസിങ് സെറാതിയ, അജിത്സിങ് വഗേല എന്നിവരെയാണ് പോലീസ് പിടികൂടിയത്.

ഗാന്ധിനഗറില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പീയുഷ് അദ്ദേഹത്തിന്റെ ബന്ധുവായ ദിഗന്‍ മഹേരിയയും നവരാത്രി ആഘോഷത്തിനെ തുടര്‍ന്ന് ഗര്‍ബ നൃത്തം കണ്ട് തിരിച്ച് വരുന്നതിനിടെക്കായിരുന്നു ഇരുവര്‍ക്കുമെതിരെ ആക്രമണം നടന്നത്.


Also Read റോഹിങ്ക്യന്‍ മുസ്‌ലിങ്ങളെ ഇല്ലാതാക്കി വംശ ശുദ്ധിവരുത്താനുള്ള തീരുമാനം നാണക്കേട്; മ്യാന്‍മറിനെതിരെ നടപടി ആവശ്യപ്പെട്ട് യൂ.എന്നില്‍ നിക്കി ഹാലെ


രാത്രിയായിരുന്നതുകൊണ്ട് ആക്രമിച്ചവരെ കാണാന്‍ കഴിഞ്ഞിരുന്നില്ല, എന്നാല്‍ നിരന്തരം ഞങ്ങളെ ആരോ അധിക്ഷേപിക്കുന്നുണ്ടായിരുന്നു.എന്നാല്‍ സംഘര്‍ഷം ഒഴിവാക്കാനായി ഒന്നും പ്രതികരിച്ചില്ല. പക്ഷേ വീട്ടിലെത്തിയപ്പോള്‍ പിന്നാലെ ദര്‍ബാര്‍ വിഭാഗത്തില്‍ പെട്ടവര്‍ വന്ന് ആക്രമിക്കുകയായിരുന്നു. ഒരു കീഴാളന്‍ മീശ പിരിച്ച് മേല്‍ജാതിക്കാരെ കളിയാക്കാനായോ എന്ന് നിരന്തരം അവര്‍ ചോദിക്കുന്നുണ്ടായിരുന്നെന്നും പീയുഷ് പറഞ്ഞു.
ഐ.പി.സി സെക്ഷന്‍ 323 (മനപ്പൂര്‍വ്വം അക്രമിക്കുക) 504 (സമാധാനം തകര്‍ക്കുക എന്ന ഉദ്ദേശത്തോടെയുള്ള മനഃപൂര്‍വമായ അപമാനിക്കല്‍), 114 എന്നിവയുള്‍പ്പെടെ .കുറ്റവാളികള്‍ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്ട്രര്‍ ചെയ്തു.

ഇത് ആദ്യമായല്ല മീശ പിരിച്ചതിന്റെ പേരില്‍ ദളിതരെ ആക്രമിക്കുന്നത്. കഴിഞ്ഞ വര്‍ഷവും മീശ പിരിച്ചതിന് ദളിത് യുവാവിനെയും കുടുംബാഗങ്ങളെയും വീട്ടില്‍ കയറി ദര്‍ബാര്‍ വിഭാഗക്കാര്‍ ആക്രമിച്ചിരുന്നു.

We use cookies to give you the best possible experience. Learn more