ഗാന്ധിനഗർ: തലപ്പാവും സൺഗ്ലാസും ധരിച്ച ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ദളിത് യുവാവിനെ മർദിച്ച് ആൾകൂട്ടം. ഗുജറാത്തിലെ സബർകാന്ത ജില്ലയിലാണ് പരമ്പരാഗത വസ്ത്രമായ തലപ്പാവും സൺഗ്ലാസും ധരിച്ച് ഫോട്ടോയെടുത്ത യുവാവിനെ ആളുകൾ മർദിച്ചത്. പ്രദേശത്തെ ഉയർന്ന ജാതിക്കാരെന്ന് അവകാശപെടുന്നവരാണ് യുവാവിനെതിരെ ആക്രമണം അഴിച്ചു വിട്ടത്.
ജൂലൈ17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അജയ് പർമർ എന്ന യുവാവിന് നേരെയായിരുന്നു അക്രമം നടന്നത്. സൺഗ്ലാസും തലപ്പാവും ധരിച്ച് തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഡി.പി അപ്‌ലോഡ് ചെയ്തതിന് പിന്നാലെ ഒരു കൂട്ടം ആളുകൾ തന്നെ മർദിക്കുകയായിരുന്നെന്ന് അജയ് പർമർ പറഞ്ഞു.
‘ഉയർന്ന ജാതിയായ ദർബാർ സമുദായത്തിൽ നിന്നുള്ള ആളുകൾക്ക് മാത്രമേ തലപ്പാവും സൺഗ്ലാസും ധരിക്കാൻ കഴിയൂ എന്ന് അവർ എന്നോട് പറഞ്ഞു. അവർ എന്നെ മർദ്ദിക്കുകയും ചിത്രം നീക്കം ചെയ്യാൻ പറയുകയുമായിരുന്നു,’ അജയ് പർമർ പറഞ്ഞു. ഇതേ കാരണം പറഞ്ഞു കൊണ്ട് തന്നെ വീണ്ടും വീടിനടുത്തു വെച്ചും ആളുകൾ മർദിച്ചെന്നും ഇയാൾ പറഞ്ഞു. ദർബാർ സമുദായം താമസിക്കുന്ന ഈ പ്രദേശത്തെ ഏക ദളിത് കുടുംബമാണ് പർമറിന്റെത്.
വീട്ടിൽ തന്നെ തിരഞ്ഞെത്തിയ ദർബാർ സമുദായക്കാരിൽ നിന്നും തന്നെ രക്ഷിച്ചത് തന്റെ അച്ഛനാണെന്നും, പൊലീസ് സ്ഥലത്തെത്തിയത് കുറെ നേരം കഴിഞ്ഞാണെന്നും പർമർ പറഞ്ഞു.
പ്രതികൾ ഗ്രാമം വിട്ടു പോയെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് പൊലീസ് അറിയിച്ചത്.
സൺഗ്ലാസ് ധരിച്ചതിൻ്റെ പേരിൽ ഗുജറാത്തിൽ ഒരു ദളിതനെ മർദിക്കുന്ന സംഭവം ഇതാദ്യമല്ല. 2023 ജൂണിൽ, 21 വയസ്സുള്ള ദളിത് യുവാവിനെയും കുടുംബത്തെയും സൺഗ്ലാസും നല്ല വസ്ത്രവും ധരിച്ചെന്നാരോപിച്ച് ഉയർന്ന ജാതിക്കാരായ രജപുത്ര സമുദായാംഗങ്ങൾ ആക്രമിച്ചിരുന്നു.
2023 നവംബറിൽ സംസ്ഥാനത്ത് 21 വയസുള്ള ദളിത് യുവാവ് തൻ്റെ തൊഴിലുടമയായ ഒരു ബിസിനസുകാരിയോട് ശമ്പളം ചോദിച്ചതിന് ആക്രമിക്കപെട്ടിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ ഗാന്ധിനഗർ ജില്ലയിൽ വധുവിൻ്റെ വീട്ടിലേക്കുള്ള വിവാഹ ഘോഷയാത്രയുടെ ഭാഗമായി കുതിരപ്പുറത്ത് കയറിയ ദളിത് യുവാവിനെ നാല് പേർ ചേർന്ന് മർദിച്ചിരുന്നു.
Content Highlight: Dalit Youth Assaulted in Gujarat For Uploading Picture on Instagram Wearing Safa and Sunglass