ലഖ്‌നൗ: വിവാഹ സല്‍ക്കാരത്തിനിടെ ഭക്ഷണത്തില്‍ തൊട്ടതിന് 18 കാരനായ ദളിത് യുവാവിനെ ക്രൂരമായി മര്‍ദിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ ഗോണ്ടയിലാണ് സംഭവം നടന്നത്.
വെള്ളിയാഴ്ച ഗ്രാമവാസിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് ലല്ല എന്ന 18 വയസുകാരനും സഹോദരനും ക്രൂരമായി മര്‍ദനമേല്‍ക്കേണ്ടി വന്നത്.
‘എന്റെ ഇളയ സഹോദരന്‍ ലല്ല ഗ്രാമത്തിലെ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയിരുന്നു. സന്ദീപ് പാണ്ഡെ എന്ന ആളുടെ വീട്ടിലായിരുന്നു കല്ല്യാണം.
ലല്ല ഭക്ഷണം കഴിക്കാന്‍ തനിക്കായി ഒരു പ്ലേറ്റ് എടുത്തയുടനെ, സന്ദീപും സഹോദരന്മാരും ലല്ലയെ അധിക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു.
ജ്യേഷ്ഠന്‍ സത്യപാല്‍ ലല്ലയെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ സത്യപാലിനെയും മര്‍ദിക്കുകയും ബൈക്ക് നശിപ്പിക്കുകയും ചെയ്തു,’ എന്നാണ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.
സംഭവത്തില്‍ എസ്.സി/എസ്.ടി (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. സഹോദരിയായ രേണുവാണ് പൊലീസില്‍ പരാതി നല്‍കിയത്.
എന്നാല്‍, പൊലീസിന് പരാതി നല്‍കിയ വിവരം അറിഞ്ഞ പ്രതികള്‍ വീണ്ടും തങ്ങളുടെ വീട്ടിലെത്തുകയും ലല്ലയെ മര്‍ദിക്കുകയും വീട്ടില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തുവെന്നും സഹോദരി രേണു ആരോപിച്ചു.
സംഭവത്തില്‍ പ്രതികളായ സന്ദീപ് പാണ്ഡെ, അമ്രേഷ് പാണ്ഡെ, സൗരഭ് പാണ്ഡെ, വിമല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. പ്രതികള്‍ക്കെതിരെ ജീവന് അപകടത്തിലാക്കല്‍, ഭീഷണിപ്പെടുത്തല്‍, കലാപം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസ് അന്വേഷിക്കുകയാണെന്നും ദൃക്‌സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുമെന്നും ഗോണ്ട എ.എസ്.പി ശിവ് രാജ് പറഞ്ഞു.