| Monday, 3rd June 2019, 10:00 am

ദലിത് യുവാവിനെ വിവാഹം ചെയ്ത യുവതിയെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ച സംഭവം; യുവതിയെ ഹാജറാക്കാന്‍ വനിതാ കമ്മീഷന്‍ നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: ഭിന്നശേഷിക്കാരനായ ദലിത് യുവാവിനെ വിവാഹം ചെയ്ത യുവതിയെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ ഇടപെടല്‍. പാലക്കാട് തൃത്താല സ്വദേശി ഷാജിയുടെ ഭാര്യയെയാണ് വീട്ടുകാര്‍ ഒരു മാസമായി തടവില്‍ വെച്ചിരിക്കുന്നത്. സംഭവം വാര്‍ത്തയായതോടെയാണ് വനിതാ കമ്മീഷന്റെ ഇടപെടല്‍.

ഇന്ന് രാവിലെ 10 മണിക്ക് ഷൊര്‍ണൂര്‍ ഡി.വൈ.എസ്.പി ഓഫീസില്‍ യുവതിയെ ഹാജറാക്കണമെന്ന് വനിതാ കമ്മീഷന്‍ ജില്ലാ പൊലീസിന് നിര്‍ദേശം നല്‍കി. വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈനും ഷൊര്‍ണൂരിലെത്തും.

പെണ്‍കുട്ടിയെ കാണാന്‍ വനിതാ കമ്മീഷന്‍ അംഗം ഷിജി ശിവജി പെണ്‍കുട്ടിയുടെ മലപ്പുറം പാങ്ങിലെ വീട്ടിലെത്തിയെങ്കിലും വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് ഡി.വൈ.എസ്.പി ഓഫീസില്‍ യുവതിയെ ഹാജരാക്കണമെന്ന് വനിതാ കമ്മീഷന്‍ നിര്‍ദേശിച്ചത്.

യുവതിയെ ബലം പ്രയോഗിച്ച് വീട്ടുകാര്‍ കൊണ്ടു പോയതാണെന്ന് ഷാജി പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. ദുരഭിമാന പ്രശ്‌നത്തിന്റെ പേരിലാണ് യുവതിയെ വീട്ടുകാര്‍ തടങ്കലിലാക്കിയത്.

പൊലീസ് സ്റ്റേഷനില്‍ വെച്ച് ഒത്തുതീര്‍പ്പ് ചര്‍ച്ചകഴിഞ്ഞ് യുവാവിനൊപ്പം മടങ്ങവെ ബലംപ്രയോഗിച്ച് യുവതിയെ കൊണ്ടുപോയെന്നാണ് പരാതി. ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു അക്രമമെന്നും ഷാജി പറയുന്നു.

രണ്ടു വര്‍ഷത്തിലേറെ നീണ്ട പ്രണയത്തിന് ശേഷം മെയ് 2നാണ് ഷാജി, ഇതര ജാതിയില്‍പ്പെട്ട യുവതിയെ വിവാഹം ചെയ്തത്. പട്ടാമ്പി ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം.

We use cookies to give you the best possible experience. Learn more