| Thursday, 30th May 2019, 6:16 pm

മാങ്ങ പറിച്ചതിന് ദലിത് യുവാവിനെ സവര്‍ണര്‍ തല്ലിക്കൊന്ന് പഞ്ചായത്ത് ഓഫീസിലെ സീലിംഗ് ഫാനില്‍ കെട്ടിത്തൂക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരബാദ്: മാങ്ങ പറിച്ചതിന് ദലിത് യുവാവിനെ സവര്‍ണര്‍ തല്ലിക്കൊന്ന് കെട്ടിത്തൂക്കി. പഞ്ചായത്ത് ഓഫീസിലെ സീലിംഗ് ഫാനിലാണ് യുവാവിനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയത്.

ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയിലെ സിംഗമ്പള്ളിയിലാണ് സംഭവം. ബിക്കി ശ്രീനിവാസാ(30)ണ് കൊല്ലപ്പെട്ടത്. സവര്‍ണ ജാതിക്കാരനായ ഒരാളുടെ തോട്ടത്തില്‍ നിന്ന് മാങ്ങ പറിച്ചതിനാണ് ബിക്കി ശ്രീനിവാസനെ കൊന്നത്.

ബിക്കി മാങ്ങ പറിക്കുന്നത് കണ്ട് തോട്ടമുടമയും സാഹായികളും ഓടിച്ചിട്ട് പിടിച്ചാണ് തല്ലിക്കൊന്നത്. പിന്നീട് ബിക്കിയുടെ മൃതദേഹം പഞ്ചായത്ത് ഓഫീസില്‍ കൊണ്ടുപോയി സീലിങ്ങ് ഫാനില്‍ കെട്ടിത്തൂക്കി.

അതേസമയം, സംഭവം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സവര്‍ണര്‍ ശ്രമിക്കുന്നുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മാങ്ങ പറിച്ചത് പിടിക്കപ്പെട്ടതില്‍ മനംനൊന്താണ് ബിക്കി ആത്മഹത്യ ചെയ്തെനാണ് സവര്‍ണരുടെ ഭാഷ്യം.

മരണ വാര്‍ത്ത അറിഞ്ഞ് പഞ്ചായത്ത് ഓഫീസില്‍ എത്തിയ കുടുംബാംഗങ്ങളാണ് മൃതദേഹം താഴെയിറക്കിയത്. ശരീരമാസകലം പരിക്കുകള്‍ ഉണ്ടായിരുന്നെന്ന് ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

സംഭവമറിഞ്ഞ് സമീപ പ്രദേശങ്ങളില്‍ നിന്നടക്കം ആയിരത്തോളം ദലിതര്‍ കൂടിച്ചേരുകയും കുറ്റവാളികളെ അറസ്റ്റു ചെയ്യാണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു.

ദലിത് പീഡന നിരോധന നിയമപ്രകാരം കുറ്റവാളികള്‍ക്കെതിരെ കേസേടുക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. മുന്‍ എം.പി ഹര്‍ഷ കുമാര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

Latest Stories

We use cookies to give you the best possible experience. Learn more