മുംബൈ: മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ലയില്‍ ദളിത് യുവാവിന്റെ മുഖത്ത് മനുഷ്യ വിസര്‍ജനം പുരട്ടിയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ദശരത് അഹിര്‍വാര്‍ എന്ന യുവാവിന്റെ പരാതിയില്‍ രാംകൃപാല്‍ പട്ടേല്‍ എന്നയാള്‍ക്കെതിരെ കേസെടുത്തതായി പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ചയാണ് അഹിര്‍വാര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 294, 506 എന്നീ വകുപ്പുകള്‍ പ്രകാരമാണ് രാംകൃപാല്‍ പട്ടേലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രാംകൃപാല്‍ തന്നെ
ജാതിയുടെ പേരില്‍ അധിക്ഷേപിച്ചതായും യുവാവ് പരാതിയില്‍ പറഞ്ഞു. അബദ്ധത്തില്‍ ദേഹത്ത് ഗ്രീസ് വീണതിന്റെ പേരിലാണ് രാംകൃപാല്‍ മനുഷ്യ വിസര്‍ജ്യം പുരട്ടിയതെന്ന് പരാതിയില്‍ പറയുന്നു.
വെള്ളിയാഴ്ച ഛത്തര്‍പൂര്‍ ജില്ലാ ആസ്ഥാനത്ത് നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള ബികൗര ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തില്‍ ഒരു ഡ്രെയിനിന്റെ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു അഹിര്‍വാര്‍. ഇതിന്റെ അടുത്ത് കുളിച്ച് കൊണ്ടിരിക്കുന്ന രാംകൃപാല്‍ പട്ടേലിന്റെ ദേഹത്ത് ഗ്രീസ് അബദ്ധത്തില്‍ വീഴുകയായിരുന്നു. ഇതാണ് രാംകൃപാലിനെ പ്രകോപിപ്പിച്ചത്. പ്രതിയും ഇരയും 40നും 45നും ഇടയില്‍ പ്രായമുള്ളവരാണെന്ന് പൊലീസ് അറിയിച്ചു.
മധ്യപ്രദേശിലെ ഭോപാലിലും ആദിവാസി യുവാവിന്റെ മുഖത്ത് ബി.ജെ.പി നേതാവ് മൂത്രമൊഴിച്ച സംഭവം ഈ മാസം ആദ്യം വലിയ വിവാദമായിരുന്നു. പ്രവേശ് ശുക്ലയെന്ന ബി.ജെ.പി നേതാവാണ് ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രം ഒഴിച്ചത്.
ഇയാള്‍ ദശ്മത് റാവത്തിന് മേല്‍ മൂത്രമൊഴിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ജൂലൈ അഞ്ചിന് പ്രവേശ് ശുക്ലയെ സിദ്ധി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Content Highlight: Dalit worker’s face smeared with human excrement in Madhya Pradesh