പ്രിയപ്പെട്ട കങ്കണ,
നിങ്ങള്‍ക്കീ കത്ത് ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എനിക്ക് നിങ്ങളുടെ ട്വീറ്റിനെക്കുറിച്ചാണ് എഴുതാനുള്ളത്. അഗസ്റ്റ് 23ാം തിയ്യതി, ദ പ്രിന്റിന്റെ സ്ഥാപകന്‍ ശേഖര്‍ ഗുപ്ത ദിലിപ് മന്തല്‍ എന്ന മാധ്യമപ്രവര്‍ത്തകന്റെ ‘ഒപ്ര വിന്‍ഫ്രി സെന്റ് എ ബുക്ക് ഓണ്‍ കാസ്റ്റ് ടു 100 യു.എസ് സി.ഇ.ഒസ്. ബട്ട് ഇന്ത്യന്‍സ് സ്റ്റില്‍ വോണ്ട് ടോക്ക് എബൗട്ട് ഇറ്റ്’ എന്ന ലേഖനം പങ്കുവെച്ചിരുന്നു.
ഇതിന് മറുപടിയായി നിങ്ങള്‍ എഴുതിയതിങ്ങനെയാണ്: ‘ജാതിവ്യവസ്ഥയെ മോഡേണ്‍ ഇന്ത്യക്കാര്‍ തിരസ്‌കരിച്ചു; നിയമപരമായി ഇത് അംഗീകൃതമല്ല. കുറച്ചു പേരുടെ സാഡിസ്റ്റ് സന്തോഷത്തിനപ്പുറം ഇതില്‍ കാര്യമായൊന്നുമില്ലെന്ന് ഗ്രാമങ്ങളില്‍ എല്ലാവര്‍ക്കും അറിയാം. നമ്മുടെ ഭരണഘടന മാത്രമാണ് സംവരണത്തിലൂടെ ജാതിവ്യവസ്ഥയെ പിടിച്ചു നിര്‍ത്തുന്നത്, ഇത് ഇല്ലാതാവണം, നമുക്ക് അതിനെക്കുറിച്ച് സംസാരിക്കാം,’
നിങ്ങള്‍ വീണ്ടും തുടര്‍ന്നു; ‘പ്രത്യേകിച്ച് ഡോക്ടര്‍മാര്‍, എന്‍ജീനയര്‍മാര്‍, പൈലറ്റ്, എന്നീ തൊഴില്‍ മേഖലകളിലെല്ലാം അര്‍ഹതയുള്ള നിരവധി പേര്‍ സംവരണത്തിന്റെ തിക്താനുഭവങ്ങള്‍ നേരിടേണ്ടി വരുന്നു. ഒരു രാജ്യമെന്ന നിലയില്‍ നമുക്ക് ഇടത്തരം കഴിവുകളെ സഹിക്കേണ്ടി വരുന്നു. ഒപ്പം പ്രാഗല്‍ഭ്യങ്ങള്‍ വൈമുഖ്യത്തോടെ അമേരിക്കയിലേക്ക് രക്ഷപ്പെടുന്നു, നാണക്കേട്’
ഞാന്‍ ദളിത് വിഭാഗത്തില്‍ നിന്നും വരുന്നയാളാണ്. എന്റെ കുടുംബത്തില്‍ നിന്ന് എം.ഫില്‍ നേടിയ ഏക സ്ത്രീ ഞാനാണ്. എന്റെ മാതാപിതാക്കള്‍ കൂലിത്തൊഴിലാളികളാണ്. എന്റെ അമ്മ ഇപ്പോഴും ജോലി തുടരുന്നു. വേനല്‍ക്കാലത്തെ കനത്ത ചൂടില്‍ നിര്‍മാണ ജോലിയ്ക്കായി അവര്‍ കല്ലും മണ്ണും ചുമക്കുന്നു. എന്റെ രക്ഷിതാക്കളില്‍ രണ്ടു പേരും വിദ്യാഭ്യാസം നേടിയിട്ടില്ല. പക്ഷെ അവരുടെ എല്ലാ മക്കളും വിദ്യഭ്യാസം നേടുമെന്ന് അവര്‍ ഉറപ്പുവരുത്തി. എന്റെ സഹോദരങ്ങളില്‍ ഏറ്റവും കൂടുതല്‍ പഠിച്ചത് ഞാനാണ്. ഉന്നത ലക്ഷ്യങ്ങള്‍ നേടിയെടുക്കാനുള്ളിടത്തോളം പഠനം തുടരുമെന്ന് ഞാന്‍ ഉറപ്പിച്ചു. ഞാന്‍ കയറാന്‍ പോവുന്ന ഗോവണിയിലെ ഓരോ പടിയും മുള്ളുകളാല്‍ നിറഞ്ഞതാണെന്ന് ഞാനിപ്പോഴും പഠിച്ചിട്ടില്ല.
മോഡേണ്‍ ഇന്ത്യക്കാര്‍ ജാതിവ്യവസ്ഥയെ തിരസ്‌കരിച്ചു എന്നാണ് നിങ്ങള്‍ വിശ്വസിക്കുന്നത്. പക്ഷെ ഏറെ പുരോഗമനപരവും-ലിബറലുമായ ഒരു അന്താരാഷ്ട്ര മാധ്യമ സ്ഥാപനത്തില്‍ ജാതീയത കാണിക്കുന്ന മോഡേണ്‍ ഇന്ത്യക്കാരെ ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ക്കെന്നെ ഒരേ ടീമില്‍ പ്രവര്‍ത്തിക്കുന്ന ആളായി കാണാന്‍ കഴിഞ്ഞില്ല. അവസാനം എന്റെ ജോലി ഉപേക്ഷിക്കാന്‍ ഞാന്‍ നിര്‍ബന്ധിതയായി- ഒരു ദളിതയായതിന്റെ പേരില്‍.
സിനിമയില്‍ അരികുവത്ക്കരിക്കപ്പെട്ട വിഭാഗത്തില്‍ നിന്ന് എടുത്തുപറയാന്‍ ഒരു പേരുപോലുമില്ല. മോഡേണ്‍ ഇന്ത്യക്കാര്‍ ജാതി വ്യവസ്ഥ തിരസ്‌കരിച്ചെങ്കില്‍ എന്തുകൊണ്ടാണിങ്ങനെ ?
ജാതി തിരസ്‌കരിക്കുക എന്നത് എന്താണെന്ന് മനസ്സിലാക്കുമ്പോള്‍, നിങ്ങള്‍ക്ക് നിങ്ങളുടെ രജ്പുത് പ്രതാപം നിഷേധിക്കാം. സ്വന്തം സ്വത്വത്തില്‍ അഭിമാനം കൊള്ളുന്ന നിങ്ങളെപോലുള്ളവര്‍ മറ്റു വിഭാഗങ്ങളുടെ പേരുകള്‍ മോശം വാക്കുകളാക്കി ഉപയോഗിക്കുന്നു.
‘ഭാങി’യെ പോലെയുണ്ടെന്ന് സല്‍മാന്‍ ഖാന്‍, ശില്‍പ ഷെട്ടി. സോനാക്ഷി സിന്‍ഹ, യുവരാജ് സിംഗ് തുടങ്ങിയ മോഡേണ്‍ ഇന്ത്യക്കാര്‍ ഒരിക്കല്‍ പറഞ്ഞത് നിങ്ങള്‍ക്കോര്‍മ്മയുണ്ടോ? ഇതിലൂടെ ഈ പേരുകളിലുള്ള യഥാര്‍ത്ഥ ആളുകള്‍ അപമാനിക്കപ്പെടുകയായിരുന്നു.
സ്വകാര്യ മേഖലയിലാകെയുള്ള സ്ഥിതിയാണിത്. ഇന്ത്യയിലെ 31 സുപ്രീം കോടതി ജഡ്ജിമാരില്‍ ദളിത് വിഭാഗത്തില്‍ നിന്നുള്ള ഒരു ജഡ്ജി ആണുള്ളത്. ഒ.ബി.സി വിഭാഗത്തില്‍ നിന്നും രണ്ട് ജഡ്ജിമാരുണ്ട്. ആദിവാസി മേഖലയില്‍ നിന്നും ഒരാള്‍ പോലുമില്ല.
മുഖ്യധാരാ മാധ്യമങ്ങളില്‍ ദളിത് വിഭാഗത്തില്‍ നിന്നുമുള്ള ഒരു എഡിറ്റര്‍ പോലുമില്ല. ഞങ്ങള്‍ കാലെടുത്ത് വെച്ച ഒരേ ഒരു മേഖല സര്‍ക്കാര്‍ മേഖലയാണ്. കാരണം സംവരണം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാണ്.
ന്യൂദല്‍ഹിയിലെ ഒരു മെട്രോപൊളിസ് നഗരത്തില്‍ വളര്‍ന്നതിന്റെ അനുഭവം കൊണ്ട് മാത്രമാണ് എനിക്ക് സംവരണത്തിന്റെ പ്രാതിനിധ്യത്തെപറ്റി നിങ്ങളോട് പറയാനാവുന്നത്. ദളിത്, പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുള്ള കോടിക്കണക്കിനു പേര്‍ സവര്‍ണ, മേല്‍ജാതിക്കാരുടെ മുമ്പില്‍ നിന്ന് സംസാരിക്കാന്‍ പോലും ഭയപ്പെടുന്നു. സംവരണം ലഭിക്കേണ്ടതിനെക്കുറിച്ച് മറക്കുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മിസ്, റണൗത്ത്, ഓവുചാല്‍ വൃത്തിയാക്കുന്നവരുടെ ജാതി എപ്പോഴെങ്കിലും നിങ്ങള്‍ ചോദിച്ചിട്ടുണ്ടോ? ഞാന്‍ പറയാം, അവരെല്ലാം ദളിതരാണ്. എന്തുകൊണ്ടാണ് നിങ്ങള്‍ക്കായി മേല്‍ജാതിക്കാരന്‍ എന്നു പറയപ്പെടുന്ന ഒരാള്‍ ഇത് ചെയ്യാത്തത്, മനുഷ്യത്വ രഹിതമായ അത്തരം സാഹചര്യങ്ങളില്‍ ജീവിക്കുകയും മരിക്കുകയും ചെയ്യുന്നത്? സമൂഹത്തിലെ ഇത്തരം യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് മനസ്സിലാക്കുക എന്നത് അത്ര ബുദ്ധിമുട്ടല്ല. ഇനിയും നിങ്ങള്‍ക്ക് ബോധ്യമായില്ലെങ്കില്‍ ഒരു ദിനപത്രം എടുക്കൂ, ജാതി വ്യവസ്ഥ കാരണമുള്ള ക്രൂരതകളുടെ ഒരു റിപ്പോര്‍ട്ടെങ്കിലും നിങ്ങള്‍ കാണുമെന്ന് ഞാന്‍ ഉറപ്പു നല്‍കാം.
ജാതി മൂലം കൊലപാതകങ്ങള്‍ നടക്കുന്നു. ചിലത് വ്യവസ്ഥാപിതമായ കൊലപാതകമാണ്. രോഹിത് വെമുല, പായല്‍ തഡ്വി പോലുള്ള വിദ്യാര്‍ത്ഥികള്‍ ജാതി കേന്ദ്രീകൃത സമൂഹത്തിന്റെ കാരണത്താല്‍ ആത്മഹത്യക്ക് നിര്‍ബന്ധിതരാവുന്നു. ആ പട്ടികയില്‍ ചേരുന്നതിനുള്ള പാതയിലേക്കാണ് ഞാനും.
മോഡേണ്‍ ഇന്ത്യക്കാര്‍ ഞങ്ങളെ ഉപദ്രവിക്കാനും അപമാനിക്കാനുമുള്ള ഒരവസരവും പാഴാക്കാറില്ല. ഈ സമ്മര്‍ദ്ദങ്ങളെ ഞങ്ങള്‍ അതി ജീവിക്കുമ്പോള്‍ പോലും വിജയം ഞങ്ങളില്‍ നിന്നും തട്ടിപ്പറിക്കാനായി സമൂഹം ഗൂഡാലോചന നടത്തുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അടുത്തിടെ ബാബാ സാഹേബ് ബി.ആര്‍ അംബേദ്കറുടെ ‘വെയ്റ്റിംഗ് ഫോര്‍ എ വിസ’ ഞാന്‍ വായിച്ചു. തന്റെ ബിരുദം, യോഗ്യതകള്‍, വിദ്യാഭ്യാസം, കഴിവ് എന്നിവയെല്ലാം ജാതി കാരണം മാറ്റി നിര്‍ത്തപ്പെടുന്നത് അദ്ദേഹം വിവരിച്ചു.
ആ അനുഭവങ്ങളാണ് ഭരണഘടനയില്‍ സംവരണം ഏര്‍പ്പെടുത്തിയെന്ന് ഉറപ്പിച്ചത്. അങ്ങനെയല്ലായിരുന്നെങ്കില്‍ മാറ്റി നിര്‍ത്തപ്പെട്ട സമൂഹത്തിന് ഒരിക്കലും മുന്നോട്ട് വരാനാവില്ലായിരുന്നു. സംവരണം കൊണ്ട് മാത്രമാണ് ഞാന്‍ ഇവിടം വരെ എത്തിയത്. അദ്ദേഹം കാരണമാണ് ഞങ്ങള്‍ ഞങ്ങളായത്.
ഞങ്ങള്‍ക്ക് സ്വപ്നം കാണാന്‍ അവകാശമില്ലെന്നാണ് സമൂഹം എന്റെ വിഭാഗത്തോട് പറയുന്നത്. ഞങ്ങള്‍ വിദ്യാഭ്യാസം നേടി ഒരു നല്ല ജീവിതം ഉറപ്പിച്ചാലും മോഡേണ്‍ ഇന്ത്യക്കാര്‍ ഞങ്ങളുടെ പതനത്തിനായി ഗൂഡാലോചന നടത്തുന്നു. ഞാനും ഒരു ഇരയായിരുന്നു. പക്ഷെ ബാബാസാഹേബിന്റെ ഭരണഘടന നല്‍കുന്ന ശക്തി മൂലം ഞാന്‍ സത്യം പറയാന്‍ ഭയപ്പെടുന്നില്ല.
സംവരണം അവസാനിപ്പിക്കണമെങ്കില്‍ നിങ്ങളില്‍ നിന്നും, മേല്‍ ജാതി എന്നു പറയപ്പെടുന്ന നിങ്ങളുടെ വിഭാഗങ്ങളില്‍ നിന്നും ഉറപ്പായും മാറ്റം വരണം. നിങ്ങള്‍ക്ക് ലഭിച്ച എല്ലാ പ്രതികരണങ്ങളും ഇതേ പറ്റി ചിന്തിക്കാന്‍ നിങ്ങളെ സഹായിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
വിശ്വസ്തതയോടെ, മീന കൊട്‌വാള്‍
മൊഴിമാറ്റം: അഭിനന്ദ് ബി.സി
ഐ.പി.എസ്.എം.എഫ് സഹകരണത്താല്‍ ദ വയറിന്റെ അനുമതിയോടെ പ്രസിദ്ധീകരിക്കുന്നത്.