റായ്പൂര്‍: ആശുപത്രി അടച്ചിട്ടതിനെത്തുടര്‍ന്ന് ദളിത് യുവതി സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രസവിച്ചു. ഛത്തീസ്ഗണ്ഡിലെ ജഷ്പൂര്‍ സ്വദേശിയായ സംപട്ടി ഭായി എന്ന യുവതിയാണ് ആശുപത്രി സേവനം ലഭിക്കാതെ വന്നതോടെ സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രസവിച്ചത്.
യുവതിയ്ക്ക് പ്രസവവേദന ആരംഭിച്ചത് മുതല്‍ ആംബുലന്‍സ് സൗകര്യത്തിനായി കുടുംബം ശ്രമിച്ചിട്ടും സേവനം ലഭിച്ചിരുന്നില്ല.
Also read യു.പിയില്‍ വീണ്ടും ട്രെയിന്‍ പാളം തെറ്റി; 50 ഓളം പേര്‍ക്ക് പരിക്ക്; നിരവധി പേര്‍ക്ക് ഗുരുതരം
“108, 102 ആംബുലന്‍സികള്‍ മാറി മാറി വിളിച്ചെങ്കിലും ഒരു പ്രതികരണവും ഉണ്ടായില്ല. പിന്നീട് രണ്ട് കിലോമീറ്റര്‍ നടന്ന് സംപാട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ജീവനക്കാരില്ലാത്തതിനാല്‍ ആശുപത്രി അടച്ചിട്ടിരിക്കുകയായിരുന്നു.” സംപാട്ടി ഭായിയുടെ കുടുംബാംഗങ്ങള്‍ പറയുന്നു.
തുടര്‍ന്നാണ് ഗ്രൗണ്ടില്‍ യുവതി കുട്ടിയ്ക്ക് ജന്മം നല്‍കിയത്. സംഭവത്തില്‍ ആശുപത്രി അധികൃതരില്‍ നിന്ന് വിശദീകരണം തേടിയതായി കളക്ടര്‍ പ്രിയ ശുക്ല പറഞ്ഞു. എന്നാല്‍ ഞായറാഴ്ച ദിവസമായിട്ടും ജീവനക്കാര്‍ ഉണ്ടായിരുന്നെന്നാണ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. പ്രസവശേഷം ആശുപത്രി ജീവനക്കാരാണ് യുവതിയെ പരിചരിച്ചതെന്നും മെഡിക്കല്‍ ഓഫീസര്‍ പറയുന്നു.
മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നതിന് വരെ വാഹനം സൗകര്യം ലഭിക്കാത്ത രാജ്യത്തെ ആരോഗ്യപരിപാലനത്തിന്റെ നേര്‍കാഴ്ചയാവുകയാണ് ഛത്തീസ്ഗണ്ഡില്‍ നിന്നുള്ള സംഭവം.