| Friday, 2nd October 2020, 8:42 pm

'നീതിയില്ല'; മധ്യപ്രദേശില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ ദളിത് യുവതി ആത്മഹത്യ ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

നാര്‍സിങ്പൂര്‍: മധ്യപ്രദേശില്‍ കൂട്ടബലാത്സംഗത്തിനിരയായ ദളിത് യുവതി ആത്മഹത്യ ചെയ്തു. വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. നാല് ദിവസങ്ങള്‍ക്ക് മുന്‍പാണ് മൂന്ന് പേര്‍ ചേര്‍ന്ന് യുവതിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്.

സംഭവത്തെക്കുറിച്ച് പരാതിപ്പെട്ടിട്ടും പൊലീസ് കേസെടുത്തില്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു. ഹാത്രാസിലെ പെണ്‍കുട്ടിയുടെ വിഷയത്തില്‍ രാജ്യമെമ്പാടും പ്രതിഷേധം നടക്കുന്നതിനിടയിലാണ് മധ്യപ്രദേശില്‍ ക്രൂരമായ പീഡനത്തിന് ഇരയായ മറ്റൊരു ദളിത് യുവതി കൂടി ആത്മഹത്യ ചെയ്യുന്നത്.

വെള്ളിയാഴ്ച്ച കൃത്യവിലോപം നടത്തിയെന്ന് ചൂണ്ടിക്കാട്ടി അസിസ്റ്റന്‍ഡ് സബ് ഇന്‍സ്‌പെക്ടര്‍ മിഷിരാല്‍ കോഡപ്പെയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്.

പശുവിന് പുല്ലുവെട്ടാന്‍ പോയപ്പോഴാണ് 32കാരിയായ യുവതിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയും ഭര്‍ത്താവും രേഖാമൂലം എഴുതിയുള്ള പരാതി സമര്‍പ്പിക്കാത്തതിലാണ് കേസെടുക്കാന്‍ വൈകിയതെന്നായിരുന്നു പൊലീസിന്റെ പ്രതികരണം.

ഹാത്രാസിലെ പെണ്‍കുട്ടിയ്ക്ക് നീതിയാവശ്യപ്പെട്ട് ജന്തര്‍മന്ദറില്‍ പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം നടക്കുകയാണ്.
വെള്ളിയാഴ്ച വൈകിട്ട് ആരംഭിച്ച പ്രക്ഷോഭത്തില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഭീം ആര്‍മി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ്, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ, നടി സ്വര ഭാസ്‌കര്‍, ഗുജറാത്ത് എം.എല്‍.എ ജിഗ്‌നേഷ് മേവാനി, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ പങ്കെടുത്തു.

ഹാത്രാസ് സംഭവത്തില്‍ കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നാണ് രാജ്യത്തിന്റെ ആവശ്യമെന്ന് കെജ്രിവാള്‍ പ്രതികരിച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് യെച്ചൂരി പറഞ്ഞു. നീതി ലഭ്യമാക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Dalit woman, who was allegedly gang-raped 4 days ago, commits suicide in Madhya Pradesh’s Narsinghpur district

Latest Stories

We use cookies to give you the best possible experience. Learn more