|

കുതിരപ്പുറത്തിരിക്കാന്‍ ഉയര്‍ന്ന ജാതിക്കാര്‍ക്ക് മാത്രം അനുവാദം; രാജസ്ഥാനില്‍ ദളിത് യുവാവിന്റെ വിവാഹം അതീവ സുരക്ഷയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാനില്‍ ദളിത് യുവാവിന്റെ വിവാഹം നടന്നത് അതീവ സുരക്ഷയില്‍. ഉന്നത ജാതിക്കാരുടെ ഭീഷണി നിലനില്‍ക്കെയാണ് രാകേഷ് ബാരത്ത് എന്ന യുവാവിന്റെ വിവാഹം നടന്നത്. രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയിലെ ഗോവിന്ദദാസ്പൂര്‍ ഗ്രാമത്തിലാണ് സംഭവം.

ഗ്രാമത്തില്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ട വരന്മാര്‍ക്ക് മാത്രമേ വിവാഹ ഘോഷയാത്രയില്‍ കുതിരപ്പുറത്തെത്താന്‍ അനുവാദമുള്ളൂ. എന്നാല്‍ ഈ വിവേചനപാരമ്പര്യത്തെ വെല്ലുവിളിച്ചാണ് ദളിത് യുവാവിന്റെ വിവാഹം നടത്തിയത്.

ക്വിക്ക് റിയാക്ഷന്‍ ടീമില്‍ നിന്നും പ്രാദേശിക പൊലീസ് സേനയില്‍ നിന്നുമുള്ള 60ലധികം ഉദ്യോഗസ്ഥരാണ് വിവാഹ സമയത്ത് രാകേഷിന് സുരക്ഷയൊരുക്കിയത്. വരന്റെ കുടുംബത്തിന് മറ്റു സഹായങ്ങള്‍ നല്‍കാന്‍ ഭീം ആര്‍മി ജില്ലാ പ്രസിഡന്റ് വികാസ് ആല്‍ഹ, സംസ്ഥാന സെക്രട്ടറി രവി മരോദിയ എന്നിവരും വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

അംബേദ്ക്കറുടെ ചിത്രങ്ങള്‍ ഉയര്‍ത്തിയാണ് ദളിത് യുവാവിന്റെ വിവാഹ ഘോഷയാത്ര നടന്നത്. ഉയര്‍ന്ന ജാതിക്കാരുടെ ഭീഷണിയെ തുടര്‍ന്ന് വരന്റെ കുടുംബം നല്‍കിയ പരാതിയില്‍, സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഘോഷയാത്രക്ക് മുന്നോടിയായി ഒന്നിലധികം ആളുകളെ അറസ്റ്റ് ചെയ്തിരുന്നതായി മെഹാര പൊലീസ് ഉദ്യോഗസ്ഥന്‍ ഭജന്റാം പറഞ്ഞു.

2024 ഫെബ്രുവരിയില്‍ ഗുജറാത്തില്‍ വിവാഹ ഘോഷയാത്രക്കിടെ കുതിരപ്പുറത്ത് കയറിയതിന് ദളിത് യുവാവിനെ തീവ്രഹിന്ദുത്വവാദിയായ ഒരാൾ ആക്രമിച്ചിരുന്നു. ബൈക്കിലെത്തിയ ഉന്നതകുലജാതൻ ഘോഷയാത്ര തടഞ്ഞുനിര്‍ത്തി കുതിരപ്പുറത്ത് നിന്ന് യുവാവിനെ വലിച്ചിറക്കി അടിക്കുകയായിരുന്നു.

സമാനമായ സംഭവം മധ്യപ്രദേശിലെ ഗ്വാളിയോര്‍ ജില്ലയിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉയര്‍ന്ന ജാതിക്കാര്‍ കൂട്ടമായി താമസിക്കുന്ന പ്രദേശത്ത് കൂടി ഘോഷയാത്ര കടന്നുപോയെന്ന കാരണത്താല്‍ യുവാവിനെ ആള്‍കൂട്ടം ആക്രമിക്കുകയാണ് ചെയ്തത്.

രാജ്യത്തുടനീളമായി ഇത്തരത്തിലുള്ള ഒന്നിലധികം കേസുകള്‍ നിലനില്‍ക്കെയാണ് രാജസ്ഥാനില്‍ സമാനമായ സംഭവമുണ്ടാകുന്നത്.

Content Highlight: Dalit wedding proecession held under heavy security in Rajasthan

Video Stories