| Tuesday, 16th August 2016, 12:15 pm

ഓരോ ദളിത് കുടുംബത്തിനും ഭൂമി നല്‍കിയില്ലെങ്കില്‍ റെയില്‍ ഉപരോധ സമരം: ഗുജറാത്ത് സര്‍ക്കാറിന് ദളിതരുടെ മുന്നറിയിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഉന: ഗുജറാത്തിലെ ഓരോ കുടുംബത്തിനും അഞ്ച് ഏക്കര്‍ ഭൂമി നല്‍കിയില്ലെങ്കില്‍ റെയില്‍ റെയില്‍ ഉപരോധ സമരവുമായി മുന്നോട്ടുപോകുമെന്ന് ദളിതര്‍.

പരമ്പരാഗതമായി ദളിതര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട “വൃത്തികെട്ട ജോലികള്‍” ഉപേക്ഷിക്കണമെങ്കില്‍ ദളിതര്‍ക്കു ഭൂമി വേണ്ടതുണ്ട്. സര്‍ക്കാര്‍ ഭൂമി നല്‍കിയില്ലെങ്കില്‍ ഒരു മാസത്തിനുശേഷം റെയില്‍ ഉപരോധ സമരവുമായി മുന്നോട്ടുപോകുമെന്നും ദളിത് നേതാവ് ജിഗ്നേഷ് മെവാനി മുന്നറിയിപ്പു നല്‍കി.

ഉനയില്‍ ദളിതരുടെ പത്തുദിന റാലിയുടെ സമാപന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 6000ത്തോളം പേരാണ് റാലിയില്‍ പങ്കെടുത്തത്.

“പശുവിന്റെ പേരില്‍ കുറേക്കാലമായി ബി.ജെ.പിയും സംഘികളും ഭരിക്കുന്നു. അക്കാലമൊക്കെ കഴിഞ്ഞു. ചത്തമൃഗങ്ങളെ സംസ്‌കരിക്കില്ലെന്നും, ഓടകള്‍ വൃത്തിയാക്കില്ലെന്നും പരമ്പരാഗതമായി ദളിതര്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ച എല്ലാ വൃത്തികെട്ട ജോലികളില്‍ നിന്നും വിട്ടുനില്‍ക്കുമെന്നും നമുക്ക് പ്രതിജ്ഞയെടുക്കാം. അഞ്ച് ഏക്കര്‍ ഭൂമി മാത്രമാണ് ഞങ്ങള്‍ക്കുവേണ്ടത്.” മെവാനി പറഞ്ഞു.

ദളിതരുടെ കാര്യത്തില്‍ പ്രധാനമന്ത്രിക്ക് ഇത്ര വേദനയുണ്ടായിരുന്നെങ്കില്‍ മൂന്നു ദളിത് യുവാക്കള്‍ തീവ്രവാദികളെപ്പോലെ കൊലചെയ്യപ്പെട്ട തങ്കധ് സംഭവം നടക്കില്ലായിരുന്നെന്നും മോദിയുടെ നിലപാടിലെ കാപട്യം തുറന്നുകാട്ടി മെവാനി പറഞ്ഞു.

“ദളിതര്‍ക്ക് ഇതുവരെ നേടിയെടുക്കാനാവാത്ത അഭിമാനത്തിനും അന്തസ്സിനും വേണ്ടിയുള്ള പോരാട്ടമാണിത്. ക്ഷമ നശിപ്പിച്ചു. ഇനി നമ്മെ ലക്ഷ്യമിടുന്ന ആയുധങ്ങള്‍ നമ്മള്‍ നശിപ്പിക്കേണ്ടതുണ്ട്.” മെവാനി വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more