| Sunday, 23rd December 2018, 11:45 pm

ഈ മണ്ഡലകാലത്ത് തന്നെ കേരളത്തിലെ ദളിത്-ആദിവാസി സ്ത്രീകള്‍ ശബരിമലയില്‍ കയറിയിരിക്കും: ഡോ. രേഖാരാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ശബരിമലയില്‍ ഈ മണ്ഡലകാലം തീരുന്നതിന് മുമ്പ് തന്നെ കേരളത്തിലെ ദളിത്-ആദിവാസി സ്ത്രീകള്‍ ശബരിമലയില്‍ കയറിയിരിക്കുമെന്ന് എഴുത്തുകാരിയും ദളിത് ആക്ടിവിസ്റ്റുമായ ഡോ. രേഖാരാജ്. മനോരമ ന്യൂസിന്റെ കൗണ്ടര്‍ പോയന്റ് പരിപാടിയില്‍ ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണനോടാണ് രേഖാ രാജിന്റെ പ്രതികരണം. ഹിന്ദുത്വ ശക്തികള്‍ക്ക് എതിര്‍ക്കാന്‍ കഴിയുമെങ്കില്‍ തടയട്ടെയെന്നും രേഖാരാജ് പറഞ്ഞു.

കേരളത്തിലെ ദളിത് ആദിവാസികളുടെ നേതൃത്വത്തില്‍ ശബരിമലയില്‍ സ്ത്രീപ്രവേശനം നടത്തുമെന്ന കഴിഞ്ഞയാഴ്ച നടന്ന വില്ലുവണ്ടി യാത്രയിലെ പ്രഖ്യാപനം ആവര്‍ത്തിക്കുകയായിരുന്നു ഡോ. രേഖാരാജ്.

രേഖാരാജിന്റെ വാക്കുകള്‍

ഇവിടെ ആവര്‍ത്തിച്ച് പറയുന്നത് ഹിന്ദുക്കളെ വേദനിപ്പിച്ച് കൊണ്ടിരിക്കുകയാണെന്ന്. അങ്ങനെയൊരു ഹിന്ദുക്കളുണ്ടെന്ന് വിശ്വസിക്കുന്നില്ല. ജാതീയമായി സംഘടിച്ചിട്ടുള്ള മനുഷ്യരാണിവര്‍.

ശബരിമല വിധി വന്നപ്പോള്‍ പുന്നല ശ്രീകുമാറിനെ പോലെ ദളിത് സമുദായത്തിലെ നേതാവ് അതിനെ സ്വാഗതം ചെയ്തു. വെള്ളാപ്പള്ളി സ്വാഗതം ചെയ്തു. കേരളത്തില്‍ ഉണ്ടാകുമായിരുന്ന സാംസ്‌ക്കാരികമായ ഹിന്ദുത്വത്തെ രാഷ്ട്രീയ ഹിന്ദുത്വമാക്കി മാറ്റാമെന്ന് ബി.ജെ.പിയോ അതുപോലുള്ള ഹൈന്ദവ രാഷ്ട്രീയത്തിന്റെ ആളുകളോ വ്യാമോഹിച്ചെങ്കില്‍ അതിനൊരു വലിയ അളവ് വരെ തടയിടാന്‍ കഴിഞ്ഞത് കേരളത്തിലെ പിന്നോക്ക-ആദിവാസി സാമുദായിക നേതാക്കളെ കൊണ്ടാണ്.

കേരളത്തിലെ ആദിവാസികള്‍ ശബരിമലയില്‍ അവകാശം ഉന്നയിച്ചു കഴിഞ്ഞു. തന്ത്രികള്‍ പടിയിറങ്ങണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞു. അങ്ങനെ ഒരു നവബ്രാഹ്മണ്യത്തെ ഹിന്ദുമതമെന്ന രീതിയിലേക്ക് വേഷം കെട്ടിച്ച് കൊണ്ടുവരാമെന്നും അതിന്റെ പേരില്‍ തെരുവില്‍ അഴിഞ്ഞാടാമെന്നും ആര് വിചാരിച്ചാലും കേരളത്തിലെ ജനാധിപത്യ വിശ്വാസികള്‍ അതിനെ നേരിടുക തന്നെ ചെയ്യും.

തന്ത്രികള്‍ക്ക് അവകാശം കൊടുത്ത് ബ്രാഹ്മണ്യാധികാരത്തെ വലിച്ചിഴക്കാനുള്ള സംഘടിത ശ്രമമാണ്. അതിന് പല വേഷങ്ങളുമുണ്ടാകും. നാമജപവും കുലസ്ത്രീകളെ വഴിയില്‍ ഇറക്കുകയൊക്കെ ചെയ്യുമായിരിക്കും. പക്ഷെ സ്വതന്ത്ര ചിന്തയുള്ള സ്ത്രീകള്‍ ഉള്ളെടുത്തോളം കാലം ഈ പറഞ്ഞ ബഹളങ്ങളെ ഞങ്ങള്‍ കണ്ടില്ലെന്ന് നടിക്കും.

ഒരുകാര്യം കൂടി പറയണമെന്ന് വിചാരിക്കുകയാണ്. കേരളത്തില്‍ കഴിഞ്ഞയാഴ്ച നടന്ന വില്ലുവണ്ടി യാത്രയില്‍, കേരളത്തിലെ ദളിത് ആദിവാസികളുടെ നേതൃത്വത്തില്‍ ശബരിമലയില്‍ പ്രവേശിക്കുമെന്ന് പ്രഖ്യാപനം എരുമേലിയില്‍ വെച്ച് നടത്തുകയുണ്ടായി. അതാവര്‍ത്തിക്കാനാഗ്രഹിക്കുകയാണ്. ഈ മണ്ഡലകാലത്തിന് മുമ്പ് കേരളത്തിലെ ദളിത് ആദിവാസി സ്ത്രീകളുടെ മുന്‍കൈയില്‍ മറ്റു ജനാധിപത്യ വിശ്വാസികളോടും സാമുദായികപ്രവര്‍ത്തകരോടും ചേര്‍ന്ന് കൊണ്ട് ഞങ്ങള്‍ ശബരിമല ചവിട്ടിയിരിക്കും. കേരളത്തിലെ ഏതെങ്കിലും ഹിന്ദുത്വ ശക്തികള്‍ക്ക് എതിര്‍ക്കാന്‍ കഴിയുമെങ്കില്‍ എതിര്‍ക്കട്ടെ

We use cookies to give you the best possible experience. Learn more