എറണാകുളം ഇടപ്പള്ളിയിലെ ബ്രൈറ്റ് സെക്യൂരിറ്റി സര്‍വ്വീസിന്റെ കീഴില്‍ ട്രാഫിക് വാര്‍ഡനായി ജോലി ചെയ്യുന്ന ദളിത് സ്ത്രീക്ക് സ്ഥാപനം അധികൃതരില്‍ നിന്നും പോലീസുകാരില്‍ നിന്നും വിവേചനവും മാനസികപീഡനവും ഉണ്ടാകുന്നതായി റിപ്പോര്‍ട്ട്. സ്ഥാപനത്തിനെതിരെ പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ച് പദ്മിനി എന്ന സ്ത്രീക്ക് ജോലി പോലും നിഷേധിക്കപ്പെടുന്ന അവസ്ഥയാണുള്ളത്. തന്നെ രജിസ്റ്ററില്‍ ഒപ്പുവയ്ക്കാന്‍ സ്ഥാപനമേധാവികള്‍ സമ്മതിക്കുന്നില്ല എന്നാണ് പദ്മിനി പറയുന്നത്. സ്ഥാപനമേധാവികള്‍ക്ക് തന്നോടുള്ള വ്യക്തിവൈരാഗ്യവും ഇതിനുകാരണമാണെന്ന് പദ്മിനി പറഞ്ഞതായി “അഴിമുഖം” റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതേ സ്ഥാപനത്തിനുകീഴില്‍ ജോലി ചെയ്യുന്നതിനിടെ രണ്ടുവര്‍ഷം മുമ്പ് ഇവര്‍ക്ക് ഒരു കാര്‍ യാത്രക്കാരനില്‍ നിന്നും ഡ്യൂട്ടിക്കിടെ മര്‍ദ്ദനമേല്‍ക്കേണ്ടിവന്നിരുന്നു. എന്നാല്‍ ആ കേസ് ഇപ്പോള്‍ കോടതിക്ക് പുറത്തുവച്ച് ഇവരുടെ അറിവോടെയല്ലാതെ ഒത്തുതീര്‍പ്പാക്കി എന്നാണ് അറിയാന്‍ കഴിയുന്നത്. സ്ഥാപനത്തിന്റെ എം.ഡിക്കും സഹായികള്‍ക്കും ഈ കാര്‍ യാത്രികനോടുള്ള ബന്ധമാണ് ഒത്തുതീര്‍പ്പിലേക്ക് നയിച്ചതെന്ന് പദ്മിനി പറയുന്നു.
ഇതിനിടെ ആക്‌സിഡന്റില്‍ പരിക്കേറ്റ സ്ഥാപനത്തിലെ സഹപ്രവര്‍ത്തക ഗിരിജയെ കമ്പനി സഹായിക്കാഞ്ഞപ്പോള്‍ താന്‍ സഹായിച്ചതും കമ്പനിക്ക് തന്നോടുള്ള വിരോധം വര്‍ദ്ധിക്കാന്‍ കാരണമായെന്നു പറയുന്നു പദ്മിനി. “ഗിരിജയ്ക്ക് കമ്പനി ചികിത്സാ സഹായം പോലും നല്‍കാതിരുന്നത് മാധ്യമവാര്‍ത്തയാക്കിയത് താനാണ് എന്നാണ് കമ്പനി തെറ്റിദ്ധരിച്ചിരിക്കുന്നത്. എന്നാല്‍ താന്‍ വിളിച്ചിട്ടല്ല പത്രക്കാര്‍ വന്നത്.” പദ്മിനി പറയുന്നു.
എല്‍ ആന്റ് ടിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ബ്രൈറ്റ്. ജോലിക്കാര്‍ക്ക 1500 രൂപവീതം ബോണസ് നല്‍കാനായി എല്‍ ആന്‍ര് ടി നല്‍കിയെങ്കിലും 600 രൂപ വീതം മാത്രമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നും ആരോപിക്കുന്നു പദ്മിനി.
എം.ഡിയായ സുരേന്ദ്രനും സുഹൃത്ത് ലതീഷും താനടക്കമുള്ളവരോട് ലൈംഗികച്ചുവയോടെ സംസാരിക്കാറുണ്ടെന്നും ചില സഹപ്രവര്‍ത്തകര്‍ക്ക് ലൈംഗികചൂഷണം ഏല്‍ക്കേണ്ടിവരാറുണ്ടെന്നും പദ്മിനി ആരോപിക്കുന്നു. തൃക്കാക്കര, കളമശ്ശേരി പോലീസ് സ്‌റ്റേഷനുകളിലെല്ലാം സ്ഥാപനമേധാവികളോട് അനുഭാവം പുലര്‍ത്തുന്ന പോലീസുകാരാണ് ഉള്ളതെന്നും പദ്മിനി പറയുന്നു. താന്‍ വഴങ്ങിക്കൊടുക്കുകയാണെങ്കില്‍ മാത്രം പ്രശ്‌നങ്ങളൊന്നുമില്ലാതെ ജോലി ചെയ്യാനാകുമെന്നും പദ്മിനി പറയുന്നു.
എന്നാല്‍ “പദ്മിനിക്ക് വട്ടാണ്” എന്നാണ് എം.ഡി സുരേന്ദ്രന്റെ പ്രതികരണം. അവര്‍ മറ്റുള്ളവരുടെ ജോലി കൂടി കളയാനാണ് ശ്രമിക്കുന്നതെന്നും ഇയാള്‍ പറയുന്നു. ഇവരെ പുറത്താക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് തനിക്ക് തൊഴിലാളികള്‍ ഒപ്പിട്ട് നിവേദനം സമര്‍പ്പിച്ചിരുന്നു എന്നും പറയുന്നു എം.ഡി. ഇക്കാര്യങ്ങള്‍ തന്നെ സഹപ്രവര്‍ത്തകയായബിന്ദുവും പദ്മിനിക്കെതിരെ ആരോപിക്കുന്നു. എന്നാല്‍ ഇതെല്ലാം തന്നെ പുറത്താക്കാനുള്ള മേധാവികളുടെ തന്ത്രമാണെന്നാണ് പദ്മിനി പറയുന്നത്.