| Wednesday, 25th December 2024, 12:42 pm

പിറന്നാൾ പാർട്ടിക്കിടെ അപമാനിക്കുകയും ദേഹത്ത് മൂത്രം ഒഴിക്കുകയും ചെയ്തതിന് പിന്നാലെ ദളിത് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തർപ്രദേശിൽ പിറന്നാൾ ആഘോഷത്തിനിടെ അപമാനിക്കുകയും ദേഹത്ത് മൂത്രം ഒഴിക്കുകയും ചെയ്തതിന് പിന്നാലെ ദളിത് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. സംഭവത്തെ തുടർന്ന് മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

യുവാക്കൾ പത്താം ക്ലാസുകാരനായ കൗമാരക്കാരനെ പാർട്ടിക്ക് ക്ഷണിക്കുകയും പരിപാടിക്കിടെ കുട്ടിയുടെ വസ്ത്രം വലിച്ചുകീറുകയും മർദിക്കുകയും ദേഹത്ത് മൂത്രമൊഴിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് അപമാനിതനായ കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലാണ് സംഭവം.

റിപ്പോർട്ടുകൾ പ്രകാരം, പ്രായപൂർത്തിയാകാത്ത പത്താം ക്ലാസ് വിദ്യാർത്ഥിയെ തിങ്കളാഴ്ച വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ സാധിച്ചില്ല. വെള്ളിയാഴ്ച കുട്ടിയെ ചില യുവാക്കൾ ജന്മദിന പാർട്ടിയിലേക്ക് ക്ഷണിച്ചിരുന്നു, അവിടെ വെച്ച് കുട്ടിയുടെ വസ്ത്രം വലിച്ച് കീറുകയും മർദിക്കുകയും ദേഹത്തേക്ക് മൂത്രമൊഴിക്കുകയും ചെയ്തുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.

യുവാക്കൾ കുട്ടിയുടെ വീഡിയോ എടുക്കുകയും അത് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കുട്ടി സംഭവം വീട്ടിൽ പറഞ്ഞതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് നടപടിയൊന്നും സ്വീകരിച്ചില്ല. തുടർന്ന് അപമാനിതനായി കുട്ടി തന്റെ രക്ഷിതാക്കൾ വീട്ടിൽ ഇല്ലാത്ത സമയത്ത് ആത്മഹത്യ ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

പൊലീസിന്റെ നിഷ്‌ക്രിയത്വമാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് ആരോപിച്ച് കുടുംബാംഗങ്ങളും മറ്റ് ചിലരും മൃതദേഹവുമായി പൊലീസ് സ്റ്റേഷന് മുന്നിൽ പ്രകടനം നടത്തി.

സംഭവത്തിൽ കേസെടുത്തതായും മൂന്നുപേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. നാലാം പ്രതി ഒളിവിലാണെന്നും ഇയാളെ പിടികൂടാൻ തിരച്ചിൽ ആരംഭിച്ചതായും പൊലീസ് കൂട്ടിച്ചേർത്തു.

Content Highlight: Dalit teen stripped, beaten, urinated upon at birthday party; kills self in UP

We use cookies to give you the best possible experience. Learn more